തൊഴിലാളിയുടെ നെറ്റിയിൽ ‘ഞാൻ ലോക് ഡൗൺ ലംഘിച്ചെന്ന്’ എഴുതി വെച്ച് മധ്യപ്രദേശ് പോലീസ് ഇൻസ്‌പെക്ടർ; ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുത്തെന്ന് എസ് പി

By on

മധ്യപ്രദേശിൽ തൊഴിലാളിയുടെ നെറ്റിയിൽ ”ഞാൻ ലോക്ക് ഡൗൺ ലംഘിച്ചു, എന്നിൽ നിന്നും അകലം പാലിക്കുക” എന്ന് പോലീസ് ഇൻസ്‌പെക്ടർ എഴുതി വെച്ച സംഭവം വിവാദമായി. ഛത്തർ പുരിലെ ഗൗരിഹാർ മേഖലയിലാണ് സംഭവം. ”മേം നെ ലോക് ഡൗൺ കാ ഉല്ലംഘന്‍ കിയാ ഹേ, മുഝ്സേ ദൂര്‍ രഹ്നാ” എന്ന് ഹിന്ദിയിലാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥ ഇതര സംസ്ഥാന തൊഴിലാളിയുടെ നെറ്റിയില്‍ എഴുതിയത്. ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി ഉന്നത പൊലീസ് അധികൃതര്‍ പറയുന്നു.
ഉത്തര്‍ പ്രദേശില്‍ നിന്നും മടങ്ങിയെത്തിയ തൊഴിലാളികളുടെ മേലായിരുന്നു പൊലീസിന്‍റെ അതിക്രമം. ആരോഗ്യ പരിശോധനയ്ക്കായി കാത്തിരിക്കുമ്പോഴാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥ സ്ഥലത്തെത്തി ഇവരെ ശകാരിക്കുകയും ഇങ്ങനെ എഴുതി വയ്ക്കുകയും ചെയ്തത്. ഛത്തര്‍പുര്‍ ജില്ലയിലെ ഗൗരിഹാർ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
സംഭവത്തില്‍ ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടിയെടുത്തുവെന്ന് ഛത്തര്‍പുർ എസ് പി കുമാർ സൗരഭ് അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി.


Read More Related Articles