‘എനിക്ക് വേണ്ടത് ഒരു ഷെല്‍റ്ററാണ്’; പെരുവഴിയും സമരവും മാത്രം മുന്നിലുള്ള ചിത്രലേഖ പറയുന്നു

By on

പയ്യന്നൂർ എടാട്ടെ എരമംഗലത്ത് നിന്നും കണ്ണൂർ പുതിയതെരുവിലേക്ക് ചിത്രലേഖയും കുടുംബവും താമസം മാറിയിട്ട് മൂന്നു വര്‍ഷങ്ങളായി. കഴിഞ്ഞ 14 വർഷങ്ങളായി പാർട്ടി ഗ്രാമത്തിൽ സിപിഐഎം പ്രവർത്തകരുടെ ജാതി അധിക്ഷേപങ്ങൾക്കും ശാരീരിക ആക്രമണങ്ങൾക്കും ഇരയായ ശേഷം പോലീസും പ്രാദേശിക ഭരണാധികാരികളും തങ്ങളെ കുറ്റവാളികളാക്കുന്നത് മടുത്താണ് സർക്കാർ അനുവദിച്ച ഭൂമിയിൽ വീട് പണിത് ജീവിക്കാൻ ചിത്രലേഖയും കുടുംബവും പുതിയതെരുവിലെ കാട്ടാമ്പള്ളിയിൽ എത്തിയത്. പയ്യന്നൂർ നിന്ന് പുതിയ തെരുവിലേക്ക് ഏകദേശം ഒരു മണിക്കൂർ മാത്രമേ ഉള്ളൂ, പക്ഷെ ചിത്രലേഖയ്ക്ക് അത് പതിനാലു വര്‍ഷങ്ങളുടെ പോരാട്ടത്തിന്‍റെ ദൂരമാണ്.

മാതൃദേശമായ പയ്യന്നൂരേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുമ്പോഴും തിരിച്ചു പോയാലും തങ്ങൾ വീണ്ടും സിപിഐഎമ്മുമായി പോരാടിത്തന്നെ ജീവിക്കേണ്ടിവരും എന്നാണ് ചിത്രലേഖ പറയുന്നത്. അനാരോഗ്യ അവസ്ഥയിൽ ജോലി ചെയ്യാനാകാതെ വീട്ടിലിരിക്കുകയാണ് ചിത്രലേഖ. ഇനിയും പോരാടിത്തന്നെ തുടരാൻ താത്പര്യമില്ലെന്നും തങ്ങൾ സമാധാനം അര്‍ഹിക്കുന്നുണ്ട് ചിത്രലേഖ പറയുന്നു. ജാതീയവും വംശീയവുമായ സംഘടിത വിദ്വേഷ പ്രചരണങ്ങൾ സൈബർ ലോകത്തും അല്ലാതെയും അതിശക്തമായിത്തന്നെ നിലനിൽക്കെ ഈ പ്രശ്‌നത്തിന്‍റെ പേരിൽ ആത്മഹത്യ ചെയ്യാൻ തയ്യാറല്ലെന്നും പോരാട്ടം തുടരുമെന്നും ചിത്രലേഖ പറയുന്നു.

“മിനിഞ്ഞാന്ന് ഇവിടെ വലിയ പ്രശ്നമായിരുന്നു. കുറെ ആളുകൾ ഇവിടെ വന്നു ഞങ്ങളെ അടിച്ചിറക്കാൻ നോക്കി. ഞാൻ പൊലീസിൽ പരാതി കൊടുത്തു പക്ഷെ പൊലീസ് പ്രൊട്ടക്ഷൻ ഒന്നും തന്നില്ല.എനിക്ക് കണ്ടാൽ അറിയാവുന്ന ആളുകൾ തന്നെയാണ് വന്നത്. അവർ വന്നിട്ട് എത്രയും വേഗം ഒഴിഞ്ഞു പോകാനാണ് പറയുന്നത്. എത്ര കാലമായി ഞങ്ങൾ നിങ്ങളോട് ഒഴിഞ്ഞു പോകാൻ പറയുന്നു, വന്ന സമയത്തു തന്നെ ഇവിടെ നിന്ന് പോകണം എന്ന് പറയുന്നതല്ലേ എന്നൊക്കെയാണ് അവർ പറയുന്നത്. ഞങ്ങൾക്ക് ഇവിടെ സ്ഥലം അനുവദിച്ചത് മുതലേ പ്രശ്നം തുടങ്ങിയിരുന്നു.ഈ മാസം അവസാനം തന്നെ വീട് ഒഴിയണം എന്നാണ് വീട്ടുടമ പറയുന്നത്. നല്ല സമ്മർദം ഉണ്ട് ഞങ്ങൾ എന്താണ് ചെയ്യേണ്ടത് എന്നാണ് അവർ ചോദിക്കുന്നത്.

”പയ്യന്നൂർ പോയിക്കഴിഞ്ഞാൽ നമ്മുടെ തൊഴിലിനെ അത് ബാധിക്കും. അവിടെ പോയിക്കഴിഞ്ഞാൽ അവരുമായി മല്ലിട്ടിട്ട് വേണം ജീവിക്കാൻ. പൊലീസ് കേസും കാര്യങ്ങളുമൊക്കെയാവും. നമ്മടെ പഴയ അവസ്ഥയിലേക്ക് തന്നെ കൊണ്ടെത്തിക്കും. സിപിഎമ്മുകാരുടെ സമ്മർദ്ദം മൂലം ഹൗസ് ഓണർ ഒഴിയാൻ പറഞ്ഞോണ്ടിരിക്കുന്നു. വീട് പണിയാണെങ്കിൽ പൂർത്തിയായിട്ടില്ല. രാഷ്ട്രീയമായി പറയുകയാണെങ്കിൽ അവരുടെ രാഷ്ട്രീയ നേട്ടത്തിനായി നമ്മളെ ഉപയോഗിക്കുകയും അത് കഴിഞ്ഞ് കഴിഞ്ഞാൽ തിരിഞ്ഞ് നോക്കാത്ത അവസ്ഥയും ഉണ്ട്. കേസും സ്റ്റേ ഓർഡറിൽ തന്നെ നിൽക്കുകയാണ്. അതിന്റെ ഒരു കാര്യവും മുന്നോട്ട് ആയിട്ടില്ല. ഈ അവസ്ഥയിൽ നമുക്ക് ഇപ്പോ പയ്യന്നൂരേക്ക് പോവാനും പറ്റില്ല ഇവിടന്ന് ഇപ്പോ ഇറങ്ങി പോവേം വേണം എന്നുള്ള ഒരു അവസ്ഥയിലാണ് നിൽക്കുന്നത്.

ഇവിടെ അമ്മമ്മയും ഞാനും ഭർത്താവും മോനും അവന്‍റെ ഭാര്യയും ഉണ്ട്.  ഇപ്പോ നമുക്ക് ഏറ്റോം വേണ്ടത് ഒരു ഷെൽറ്ററാണ്. അതില്ലാത്ത ഒരു അവസ്ഥ. കഴിഞ്ഞ സർക്കാരിന് അറിയാവുന്ന കേസാണ്, നമുക്ക് അവിടെ അര സെന്‍റ് ഭൂമിയുണ്ട് വീട് ഉണ്ട് എന്നെല്ലാം. ഭൂമിയാണെങ്കിലും ഓട്ടോ റിക്ഷയ്ക്ക് വേണ്ടി ലോണെടുക്കന്നതിന് വേണ്ടി എന്‍റെ പേരിലേക്ക് മാറ്റിയിട്ടുണ്ടായിരുന്നു. അതാണ് ഇപ്പോ എന്‍റെ പേരിൽ ഉണ്ട് എന്ന് പറയുന്നത്. പക്ഷേ അതിന്‍റെ കടം വരെ വീടാൻ പറ്റാത്ത അവസ്ഥേലാണ്”.

ഇപ്പോ ജോലി ചെയ്യുന്നുണ്ടോ?

ഇപ്പോ അസുഖമുണ്ട്. അതിന്‍റെടയ്ക്ക് ജോലിക്ക് പോവുന്നുണ്ട് പിന്നെ ഹസ്ബന്‍റ് പോവാത്ത സമയത്ത്.

എന്താ അസുഖം?

വയ്യായ്ക ബ്ലീഡിംഗ്.

യൂട്രസില്?

അത് റിമൂവ് ചെയ്യണമെന്ന് പറയുന്നു. അതിന് പോകാനും പറ്റാത്ത അവസ്ഥയാണ്, മരുന്ന് കഴിച്ചിട്ട് നിക്കുന്നു. മരുന്ന് തന്നെ ഇപ്പോ മുടങ്ങിയിട്ടാ ഉള്ളത്. വാടക അയ്യായിരത്തി അഞ്ഞൂറ് രൂപകൊടുക്കണം. പിന്നെ കറന്‍റ് ബില്ല് രണ്ടായിരത്തി ചില്വാനം ഇപ്പോ. പിന്നെ ഇതെല്ലാം നമ്മള് തന്നെ ഒറ്റയ്ക്ക് ഉണ്ടാക്കണ്ടേ? അതിന്‍റെടേല് വീട്ട് ചെലവ്. പിന്നെ അസുഖം വന്ന് പെട്ടെന്ന് ആശുപത്രിയിലേക്ക് പോവാൻ ഒന്നും ബാക്കിയുണ്ടാവില്ല. എല്ലാരും ചെയ്തു തരാം തരാം എന്ന് പറഞ്ഞ് പകുതി അവസ്ഥേലാണ്. ഇവിടെ ഇപ്പോ കഴിഞ്ഞ വർഷം ഉണ്ടായ സമരത്തിന്‍റെ സമയത്ത് സേവാ ഭാരതി സ്ഥലം വാങ്ങി വീട് വച്ച് തരാം എന്ന് പറഞ്ഞിരുന്നു. നമ്മൾ അവരുടെ ഓഫറ് സ്വീകരിച്ചിട്ടില്ല. നമ്മൾ അവരോട് ഒന്നും മറുപടി പറഞ്ഞിട്ടില്ല. നമ്മൾ സമരം ചെയ്ത് നേടിയതല്ലേ.   അപ്പോ അത് തിരിച്ച് പിടിക്കാം എന്നുള്ളതായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോ ഈ അവസ്ഥേല് ഇപ്പോ അത് യെസ് പറഞ്ഞിട്ടുണ്ടായിരുന്നെങ്കിൽ നമുക്ക് കേറി കിടക്കാൻ ഒരു ഇടമെങ്കിലും ഉണ്ടായിരുന്നെ‌േനേ.

സിപിഎഐം ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ തുടക്കം മുതലുള്ള സമീപനം എങ്ങനെയായിരുന്നു?

തുടക്കം ചെറിയ ചെറിയ സംഘടനകൾ തന്നെയാണ് ഉണ്ടായിരുന്നത്. എസ്ഡിപിഐ, വെൽഫെയർ പാർട്ടി തുടങ്ങി മുസ്ലിം സംഘടനകളായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്.സമരം നടത്തി ഫസ്റ്റ് ഒരാഴ്ച അവര് തന്നെയായിരുന്നു എല്ലാത്തിനും ഉണ്ടായിരുന്നത്. പിന്നെ സംയുക്ത ഓട്ടോ റിക്ഷാ തൊഴിലാളി യൂണിയന്‍ എന്നൊരു സംഘടന കണ്ണൂരുണ്ട്, അതിലെ ആളുകളും എല്ലാരും കൂടിയായിരുന്നു ഉണ്ടായിരുന്നത്. പിന്നെ പട്ടിക ജാതി സംഘടനകൾ ഉണ്ടായിരുന്നു. ഭാരതീയ പട്ടികജാതി ജനസമാജം, പിന്നെ അങ്ങനെ ചെറിയ ചെറിയ സംഘടനകളാണ് നമ്മളെ സഹായിച്ചത്. പിന്നെയാണ് 122 ദിവസം സമരം നടത്തിയപ്പോ, (കണ്ണൂര്, നമുക്ക് എതിരെയുള്ള കേസുകൾ പിൻവലിക്കാമെന്ന് പറഞ്ഞ് പുനരന്വേഷിക്കാമെന്ന് പറഞ്ഞ് അതൊന്നും ചെയ്യാതിരുന്നപ്പോഴാണ് രണ്ടാമത് സമരം നടത്തിയത്) അതിലാണ് പിന്നെ യുഡിഎഫിന്‍റെ, ബിഎസ്പിയുടെ ആളുകളും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ഒക്കെ ചെയ്തിട്ടുണ്ടായിരുന്നു. അന്ന് യുഡിഎഫിന്‍റെ ആ സമയത്ത് ആയതുകൊണ്ട തന്നെ നമക്ക് വൈകിയിട്ടാണെങ്കിലും നമ്മടെ കാര്യങ്ങൾ അംഗീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ചെയ്തു തന്നു. ഇവിടെ വന്നിട്ടും കുറേ അറ്റാക്ക് എല്ലാം ഉണ്ടായിരുന്നു. പൊലീസിൽ പരാതി കൊടുത്തിട്ടു എന്നല്ലാതെ നമ്മൾ മുന്നോട്ട് പോയിട്ടൊന്നുമില്ല, എല്ലാടേെം പോയിക്കഴിഞ്ഞിട്ടും  ഇതന്നെ ആവർത്തിക്കും എന്നൊരിതായിരുന്നു. കുറച്ച് നമ്മൾ സഹിച്ചാലും എവിടെ പോയിക്കഴിഞ്ഞാലും പണിടെയടുത്ത് ജീവിക്കാല്ലോ എന്ന ഒരു ചിന്തയിലാണ് വന്നത്. ഇവിടെ വന്നിട്ട് ഇപ്പോ മൂന്ന് വർഷം കഴിഞ്ഞു. 2015 ല്‍ സമരം കഴിഞ്ഞ പാടെ വാടകയ്ക്ക് താമസിക്കുന്നു.

”എനിക്കിപ്പോ ഏറ്റവും കൂടുതൽ പറയാനുള്ളത് നമ്മടെ വീ‍‍‍‍ടിന്‍റെ അവസ്ഥയാണ്. വാടക കൊടുക്കുന്നതും കൂടാഞ്ഞ് ഓണറിന്‍റെ ചീത്തയും കേക്കണം. ഒഴിയാൻ വേണ്ടിയിട്ട്. ഒന്നരക്കൊല്ലത്തിന് മേലെയായി സമ്മർദ്ദം തരാൻ തുടങ്ങിയിട്ട്. ജൂലൈ ആകുമ്പോഴേക്കും എന്തായാലും മാറണം, ഇനി ഒരു മാസത്തേയ്ക്കും കൂടെയേ ഇനി ഇവിടെ നിക്കാൻ പറ്റൂ. വീടിന്‍റെ പണി…ഒന്നും വേണ്ട..ബാത് റൂമും അടച്ചുറപ്പും ഉണ്ടായിരുന്നെങ്കിൽ അങ്ങോട്ട് കേറി താമസിക്കാമായിരുന്നു. ഇപ്പോ റ്റോയ്ലറ്റുമില്ല. മഴ പെയ്താൽ വെള്ളം നേരേ അകത്തോട്ട് എത്തും.(ഭൂമി അനുവദിച്ച് കൊണ്ട്) നമുക്ക് ക്യാബിനറ്റ് പാസാക്കിയ ഉത്തരവ് റദ്ദ് ചെയ്തു. അതു റദ്ദ് ചെയ്താ ഇവർക്ക് പിടിച്ചെടുക്കാം. ഹൈക്കോടതീന്ന് സ്റ്റേ വാങ്ങിച്ചിട്ടാ ഉള്ളത്. അതിൽ കേസും നടക്കുന്നുണ്ട്. അതിൽ സർക്കാർ യാതൊരു വിധ ഹർജിയും (എതിരെ) കൊടുത്തിട്ടില്ല.  ലാലി വിൻസെന്‍റ് ആണ് വക്കീൽ. ഇപ്പോ കേസിനെ സംബന്ധിച്ച് ഒരു വിവരവും ഇല്ല.

ഇപ്പോ എങ്ങോട്ട് പോകണം എന്നുള്ള ഒരി ഇതിലാണ്. നമുക്കിപ്പം താമസിച്ചോണ്ടിരുന്ന വീട്ടില് താമസിക്കാനും പറ്റില്ല. ഇവിടെ ഒട്ടു വീട് പൂർത്തിയായിട്ടുമില്ല. പഴയ വീട്ടിലേക്ക് പോയാൽ ഇവര് ഉപദ്രവം തുടരും. ഫൈറ്റിംഗേ ഉണ്ടാവുള്ളൂ. സ്വസ്ഥമായി ജീവിക്കാനായിട്ടുള്ള ഒരു…..ഇതിപ്പോ പോവാണേൽ അങ്ങോട്ടേയ്ക്കാ പോവേണ്ടത്. പയ്യന്നൂര് വീട്ടിലേക്ക്. അവിടെ പോയാൽ എന്തായാലും ഫൈറ്റ് ഉണ്ടാവും. വീണ്ടും നമ്മൾ സമരത്തിലേക്ക് തന്നെ ഇറങ്ങേണ്ടി വരും.

ഒരു സർക്കാർ പാസാക്കിയ കാര്യം മറ്റേ സർക്കാര്‍ റദ്ദാക്കുന്ന അവസ്ഥയാണ്. അങ്ങനെ ചെയ്യുകയാണെങ്കിൽ എന്തൊക്ക കാര്യങ്ങളിൽ അങ്ങനെ ചെയ്യേണ്ടിവരും? ഇവര് നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ ഇവര് വീട് വച്ച് കൊടുത്തതും സർക്കാര് ഫണ്ട് കൊടുത്തതും തിരിച്ച് മേടിക്കൂല്ലേ?” ചിത്രലേഖ ചോദിക്കുന്നു.

കെഎം ഷാജിയുടെ പ്രതികരണം

ചിത്രലേഖയുടെ വീട് നിർമാണം അനിശ്ചിതത്വത്തിൽ തുടരുന്ന സാഹചര്യത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ വീട് പണിയാൻ മുൻകൈയെടുത്ത അഴീക്കോട് എംഎൽഎ കെ എം ഷാജി കീബോർഡ് ജേണലിനോട് പ്രതികരിച്ചത് ഇങ്ങനെ,

“മഴക്കാലത്തിന് മുമ്പായി തന്നെ അവർക്ക് പുതിയ വീട്ടിലേക്ക് മാറാനുള്ള ഒരുക്കങ്ങൾ ചെയ്യും. കട്ടിലയും ജനാലയും വെക്കണം. ഞങ്ങൾ കുറച്ചുപേർ ചേർന്നുള്ള ഗ്രീൻ വോയ്‌സ് എന്ന സംഘടനയാണ് വീട് നിർമ്മിക്കാനുള്ള പൈസ ഉണ്ടാക്കുന്നത്. പബ്ലിക് കളക്ഷൻ ഒന്നും നടത്തിയിട്ടില്ല. വേഗം തന്നെ അവർക്ക് അവിടെ താമസിക്കാനുള്ള കാര്യങ്ങൾ ചെയ്യും.

2004ൽ ഇരുപത്തെട്ടാം വയസ്സിലാണ് ചിത്രലേഖ ഓട്ടോ ഓടിച്ചു തുടങ്ങിയത്. “എടാട്ട് ഓട്ടോ സ്റ്റാൻഡിൽ പാർക്ക് ചെയ്ത് ഓട്ടോ ഓടിക്കാൻ തുടങ്ങി. 2004ൽ ഓട്ടോ പെർമിറ്റിന് അപേക്ഷ കൊടുത്ത ശേഷം 2005ൽ ആണ് പെർമിറ്റ് കിട്ടുന്നത്. 2005 ഒക്ടോബർ പത്തിനാണ് പ്രശ്നം കൂടുതൽ രൂക്ഷമായത്, നവമി പൂജക്ക്.

പിന്നീട് 2010ൽ  ഓട്ടോയുമായി പയ്യന്നൂർ ടൗണിൽ ഇറങ്ങിയപ്പോഴും സിപിഐഎം പ്രവർത്തകർ ചിത്രലേഖയെ ചോദ്യം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്യുകയുണ്ടായി. ”ഭർത്താവ് ശ്രീഷ്കാന്തും പലപ്പോഴായി മർദ്ദനം നേരിട്ടു. അതുകഴിഞ്ഞു ഡിസംബറിൽ അവര്‍ വണ്ടി കത്തിച്ചു. 2010ൽ പെരുമ്പ ടൗണിൽ വെച്ചു അത്യാവശ്യമായി മോന് മരുന്നു വാങ്ങാൻ പോയപ്പോൾ അവർ പിന്നെയും ആക്രമിച്ചു. അതിനു മുമ്പും മോളടക്കം ഉള്ളപ്പോൾ അവർ പയ്യന്നൂർ സെൻട്രൽ ബസാറിൽ വെച്ചും നമുക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. അതിൽ കേസെടുത്തിരുന്നു”.

2015ലാണ് കാട്ടാമ്പള്ളിയിലേക്ക് മാറിയത്. സെക്രട്ടേറിയറ്റിലേക്ക് സമരത്തിന് പോയത് ഇവിടെ നിന്നാണ്. 2013ലാണ് ആദ്യത്തെ സമരം. 2014 ഫെബ്രുവരിവരെ അഞ്ചു മാസം നീണ്ടു. 2016 ജനുവരി 5നു സെക്രട്ടറിയേറ്റിൽ സമരം തുടങ്ങി, സർക്കാരിന്‍റെ ഭാഗത്തുനിന്ന് തുടർച്ചയൊന്നും ഇല്ലാത്തതുകൊണ്ടാണ് അത്. അതേ തുടർന്നാണ് ഭൂമി അനുവദിച്ചതും. 2016 മെയിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ സമയത്തു ഇടത് സർക്കാർ അധികാരത്തിൽ വന്നയുടനെ വീടിനുള്ള പൈസ അവർ റദ്ദ് ചെയ്തു. 2018 മാർച്ചിൽ പിന്നീട് ഭൂമിയും റദ്ദ് ചെയ്തു. ഞാനും ആ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു, ബിഎസ്പിക്ക് വേണ്ടി അരുവിക്കര മണ്ഡലത്തിൽ നിന്ന്.” വീട് വെക്കാൻ അനുവദിച്ച സ്ഥലം റദ്ദ് ചെയ്യാനുള്ള തീരുമാനം മന്ത്രിസഭയിൽ പാസാക്കി നടപ്പിലാക്കിയതാണ് എന്നാണ് അറിയാൻ കഴിഞ്ഞതെന്ന് ചിത്രലേഖ പറയുന്നു.


Read More Related Articles