ഏഷ്യൻ കപ്പ് ഫുട്‌ബോളിൽ ഇന്ത്യക്ക് ചരിത്ര വിജയം, ഗോളടിയിൽ മെസ്സിയെ പിന്നിലാക്കി ഛേത്രി
എഎഫ്സി ഏഷ്യൻ കപ്പിൽ തായ്‍ലൻഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കു തോൽപ്പിച്ചു തുടക്കം ഗംഭീരമാക്കി ടീം ഇന്ത്യ. ഇന്ത്യയ്ക്കായി സുനിൽ ഛേത്രി രണ്ടും അനിരുദ്ധ് ഥാപ്പ, ജെജെ ലാൽ പെക്വുല എന്നിവർ ഓരോ ഗോൾ വീതവും നേടി . തായ്‍ലൻഡിനായി ദങ്ദ ആശ്വാസ ഗോൾ നേടി.
മൽസരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ ആയിരുന്നു.
ആദ്യ പകുതിയിൽ പന്തടക്കം കൊണ്ട് കളി നിയന്ത്രിച്ചിരുന്നത് തായ്‌ലൻഡ് ആയിരുന്നെങ്കിൽ, രണ്ടാം പകുതിയിൽ കളി ഇന്ത്യയുടെ കാൽചുവട്ടിലായി. മൂന്ന് ഗോളുകളാണ് ഇന്ത്യൻ താരങ്ങൾ രണ്ടാം പകുതിയിൽ തായ് വലയിലെത്തിച്ചത്. ഇരട്ട ഗോൾ നേടിയതോടെ ദേശീയ ടീമിനു വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന, നിലവിൽ കളിക്കുന്ന, താരങ്ങളുടെ പട്ടികയിൽ അർജന്റീനയുടെ ലയണൽ മെസ്സിയെ ഛേത്രി മറികടന്നു. ഛേത്രിക്ക് 66 ഗോളുകളാണുള്ളത്. മെസ്സിക്കാകട്ടെ 65 ഗോളും. 85 ഗോളുകളുമായി പോര്‍ച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പട്ടികയിൽ ഒന്നാമത്.
1964ൽ ഏഷ്യാ കപ്പിൽ ഹോങ് കോങിനെതിരെ നെതിരെ 3-1ന് വിജയിച്ചതിന് ശേഷം, ഇന്ത്യ ആദ്യമായാണ് ഒരു ഏഷ്യൻ കപ്പ് മത്സരത്തിൽ വിജയിക്കുന്നത്. . ആ വർഷം ഇന്ത്യയായായിരുന്നു റണ്ണേർസപ്പ്. ഇന്ദർ സിംഗ്, സമാജപതി, ഗോസ്വാമി എന്നിവരായിരുന്നു 1964 ൽ ഇന്ത്യക്ക് വേണ്ടി സ്കോർ ചെയ്തത്.
ഇന്നത്തെ ജയത്തോടെ എ ഗ്രൂപ്പിൽ ഇന്ത്യ ഒന്നാമതായി. പത്തിന് ആതിഥേയരായ യുഎഇക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത പോരാട്ടം.