വിചാരണ നീളുന്നു, നീതിനിഷേധത്തിന്റെ 16 മാസങ്ങൾ; ഡോ.കഫീൽ ഖാൻ ഹെെക്കോടതിയിലേക്ക്

By on

By Mrudula Bhavani

ഉത്തർപ്രദേശ് സർക്കാരിന്റെ പീഢനങ്ങൾക്കും നീതിനിഷേധത്തിനുമെതിരെ ഡോ.കഫീൽ ഖാൻ അലഹാബാദ് ഹെെക്കോടതിയിലേക്ക്. തന്നെ അകാരണമായി സസ്പെൻഡ് ചെയ്യുകയും സസ്പെൻഷൻ പിൻവലിക്കാതെ ജോലിയിൽ നിന്ന് പുറത്താക്കാതിരിക്കുകയും ചെയ്യുന്ന നടപടിക്കെതിരെ 2019 ജനുവരിയിൽ ഹെെക്കോടതിയിൽ റിട്ട് പെറ്റിഷൻ സമർപ്പിക്കുമെന്ന് ഡോ.കഫീൽ ഖാൻ കീബോർഡ് ജേണലിനോട് പറഞ്ഞു.

“എന്‍റെ കേസ് ഇപ്പോഴും കീഴ്ക്കോടതിയിലാണ്. യുപി ​ഗവണ്മെന്റിന് എനിക്കെതിരെ ഒരൊറ്റ തെളിവ് പോലും ഹാജരാക്കാൻ കഴിയാത്തതിനാൽ അലഹാബാദ് ഹെെക്കോടതി എനിക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഈ വിധിപ്പകർപ്പ് കീഴ്ക്കോടതിയിൽ ഹാജരാക്കിയിട്ടും അവർ എന്‍റെ വിചാരണ നീട്ടിക്കൊണ്ടുപോകുകയാണ്. ഓരോ തവണ കോടതിയിൽ പോകുമ്പോഴും 14 ദിവസങ്ങൾ കഴിഞ്ഞ് വരാൻ പറയുന്നു. ഓരോ 14 ദിവസങ്ങളിലും രാവിലെ കോടതിയിൽ പോകുകയും ഉച്ച രണ്ടുമണിവരെ അവിടെ കാത്തിരിക്കുകയും ഒപ്പിട്ട് മടങ്ങുകയും ചെയ്യുന്നു. ഇപ്പോൾ എനിക്ക് ബഹ്റെെച്ചിലും കേസുണ്ട്, അവിടെയും ഹാജരാകണം.

ഈയിടെ ഞാൻ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന് കത്തെഴുതി. എന്നെ എത്രയും പെട്ടെന്ന് വീണ്ടും ബിആർഡിയിൽ നിയമിക്കുകയോ എന്നെ സർവ്വീസിൽ നിന്നും പുറത്താക്കുകയോ ചെയ്യണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്. ഞാനൊരു ഡോക്ടറാണ്. എനിക്ക് സ്വന്തമായി സർവീസ് തുടങ്ങാം, എനിക്ക് എന്‍റെ ജീവിതം പുനരാരംഭിക്കണം. അതല്ലേ എനിക്ക് വേണ്ടത്?

പക്ഷേ ആ കത്തിന് മറുപടി കിട്ടിയില്ല. ഉത്തർപ്രദേശ് നിയമസഭയിൽ സമാജ് വാദി പാർട്ടിയുടെ രാജ്പാല്‍ കശ്യപ്, രാജേഷ് യാദവ് എന്നീ എംഎല്‍എമാരും എന്‍റെ പ്രശ്നം അവതരിപ്പിച്ചിരുന്നു. ഹെെക്കോടതി ക്ലീൻ ചിറ്റ് നൽകിയിട്ടും ഡോ.കഫീൽ ഖാനെ ഇപ്പോഴും ശിക്ഷിക്കുന്നത് എന്തിനാണ് എന്ന് അവർ ചോദിച്ചു. എന്തുകൊണ്ടാണ് ബിആർഡി ഓക്സിജൻ ട്രാജഡിയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാത്തത് എന്നും ചോദ്യമുയർന്നു. അവിടെനിന്നും കൃത്യമായ മറുപടി കിട്ടിയില്ല.

ജനുവരിയിൽ ഞാൻ അലഹാബാദ് ഹെെക്കോടതിയെ സമീപിക്കുകയാണ്. ഒന്നുകിൽ അവർ എന്നെ പുനർനിയമിക്കണം അല്ലെങ്കിൽ എനിക്കെതിരെയുള്ള ഡിപ്പാർട്ട്മെന്റ് തല അന്വേഷണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് റിട്ട് പെറ്റിഷൻ നൽകും.‌ ഞാൻ കുറ്റാരോപിതനായിട്ട് ഇപ്പോൾ 16 മാസങ്ങൾ കഴിഞ്ഞു. ഡിപ്പാർട്ട്മെന്‍റ് തല അന്വേഷണം ഇനിയും അവസാനിച്ചിട്ടില്ല. ഏത് തരത്തിലുള്ള വകുപ്പ് തല അന്വേഷണം ആയാലും 90 ദിവസത്തിനകം അത് പൂർത്തിയാക്കണം എന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. ‌

എന്‍റെ സഹോദരനെതിരെ വധശ്രമമുണ്ടായ ശേഷം ജൂലെെയിൽ ഹെെക്കോടതിയിൽ ഞങ്ങൾ റിട്ട് പെറ്റിഷൻ ഫയൽ ചെയ്തിരുന്നു. വധശ്രമത്തിൽ സിബിഐ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു. ആദ്യത്തെ ഹിയറിങ്ങിൽ കേസിൽ എന്തുകൊണ്ട് സിബിഐ അന്വേഷണം നടപ്പിലാക്കുന്നില്ല എന്നാണ് കോടതി സർക്കാരിനോട് ചോദിച്ചത്. കേസ് ഡയറി ​ഹാജരാക്കാൻ എസ്എസ്പിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിന് ശേഷം ആ ബെഞ്ച് മുഴുവനായിത്തന്നെ മാറുകയും പുതിയ ബെഞ്ചിനെ നിയമിക്കുകയും ചെയ്യുകയായിരുന്നു.

ഇപ്പോൾ ​ഗൊരഖ്പൂരിൽ നിന്ന് ബഹ്റെെച്ചിലേക്കും അലഹാബാദിലേക്കും ലക്നൗവിലേക്കും ഓടുകയാണ് ഞാൻ. അതിനിടയിൽ മെഡിക്കൽ ക്യാമ്പുകളും നടത്തുന്നുണ്ട്. ബിആർഡി മെഡിക്കൽ കൊളേജിലെ അക്കൗണ്ടന്‍റുകളും ഒരു ഫാർമസിസ്റ്റും തൊഴിൽ പ്രതിസന്ധി നേരിടുന്നുണ്ട്. അവരും സസ്പെൻഡ് ചെയ്യപ്പെട്ടവരും ജയിലിൽ കഴിഞ്ഞവരുമാണ്. അവർ ഏറ്റവും താഴേക്കിടയിലുള്ള തൊഴിലാളികളാണ്. അവരോട് ബില്ലുകൾ അടക്കാൻ ഉന്നത ഉദ്യോ​ഗസ്ഥർ പറയുമ്പോൾ അവരത് ചെയ്യുന്നു. സർക്കാരിന്റെ പരാജയം മറച്ചുപിടിക്കാൻ വേണ്ടിയാണ് അവരെയും ലക്നൗവിലുള്ളവർ ബലിയാടാക്കിയത്.” ഡോ. കഫീൽ ഖാൻ പറഞ്ഞു.


Read More Related Articles