ഗോഹത്യ ആരോപിച്ച് മൂന്ന് മുസ്ലിം യുവാക്കൾക്ക് മേൽ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസ് ചുമത്തി കോൺഗ്രസ് സർക്കാർ
ഗോഹത്യ ആരോപിച്ച് മൂന്ന് മുസ്ലിം യുവാക്കളുടെ പേരിൽ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസ് ചുമത്തി മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ. ഷക്കീൽ, അസം, നദീം എന്നിവരെയാണ് ദേശീയ സുരക്ഷാ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് ഗോഹത്യ ആരോപിച്ച് ദേശീയ സുരക്ഷാ നിയമ പ്രകാരം രാജ്യത്ത് കേസ് രജിസ്റ്റർ ചെയ്യുന്നത്.
ഖാൺഡ്വയിലാണ് സംഭവം. ഗോഹത്യ നടന്നു എന്ന് വിവരം കിട്ടിയതനുസരിച്ച് ഘട്കാലി ഗ്രാമത്തിൽ നടത്തിയ റെയ്ഡിൽ നിന്നും ഗോഹത്യക്ക് ഉപയോഗിച്ച കത്തിയും ബീഫും കണ്ടെടുത്തു എന്നും റെയ്ഡിന് ശേഷം ഇവർ ഒളിവിൽ പോയെന്നും ശനിയാഴ്ച ഇവരെ അറസ്റ്റ് ചെയ്തെന്നും മൊഘാട് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഭരണകൂടത്തിന് തോന്നുന്ന ഏതൊരാളെയും അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ ഇടുന്ന ഈ നിയമപ്രകാരം ഒരു വർഷം തടവാണ് ശിക്ഷ.
തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് കോൺഗ്രസും ബിജെപിയുടെതിന് സമാനമായ നിലപാടാണ് ഗോരക്ഷ വിഷയത്തിൽ സ്വീകരിച്ചത്. ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഓരോ പഞ്ചായത്തിലും ഗോശാലകൾ നിർമ്മിക്കുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഗോരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ കെെക്കൊള്ളുമെന്ന് ജില്ല, പൊലീസ് ഭരണാധികാരികൾക്ക് മുഖ്യമന്ത്രി കമൽ നാഥ് നിർദ്ദേശം നൽകിയിരുന്നു. ഇത്തരം നടപടികൾ തുടരുമെന്ന് കോൺഗ്രസ് വക്താവ് ജെപി ധനോരിയ പറഞ്ഞു.