കനക ദുർഗയെ ഭർത്താവ് വീട്ടിൽ പ്രവേശിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് സഖി വൺ സ്റ്റോപ്പ് സെന്ററിലേക്ക് മാറ്റി

By on

ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ ഭര്‍തൃവീട്ടില്‍ പ്രവേശിപ്പിക്കാത്തതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ സർക്കാർ ഭവനത്തിൽ പ്രവേശിപ്പിച്ചു. സിവിൽ സപ്ലൈസ് ജീവനക്കാരിയായ കനക ദുർഗ്ഗ ജനുവരി 2നാണ് ശബരിമല ദർശനം നടത്തിയത്. ദർശനത്തിന് ശേഷം പൊലീസ് സുരക്ഷയിൽ കഴിഞ്ഞിരുന്ന കനക ദുർഗ്ഗ തിരികെ വീട്ടിൽ എത്തിയപ്പോൾ ഭർതൃ മാതാവിൽ നിന്നും മർദ്ദനമേറ്റ് ജനുവരി 15ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സ കഴിഞ്ഞ് പോലീസ് ഇവരെ തിരികെ വീട്ടിലെത്തിച്ചെങ്കിലും ഭര്‍തൃമാതാവിനും രണ്ട് കുട്ടികള്‍ക്കുമൊപ്പം  ഭര്‍ത്താവ് വീടുപൂട്ടി പോയതായാണ് പൊലിസ് പറയുന്നത്. പോലീസ് സുരക്ഷയില്‍ സഖി വണ്‍ സ്റ്റോപ്പ് സെന്ററിലാണ് കനകദുര്‍ഗ്ഗ ഇപ്പോള്‍ കഴിയുന്നത്. അതേസമയം ഭര്‍തൃവീട്ടുകാരുടെ നടപടിക്കെതിരേ അവര്‍ ജില്ലാ വയലന്‍സ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. ബന്ധപ്പെട്ടവര്‍ പരാതി കോടതിക്ക് കൈമാറിയതായും കോടതി വിധിക്കായി കാത്തിരിക്കുകയാണെന്നും അവര്‍ ഒരു ദേശീയമാധ്യമത്തോട് പ്രതികരിച്ചു.

ശബരിമല ദര്‍ശനത്തിന് ശേഷം കഴിഞ്ഞയാഴ്ച വീട്ടിലത്തിയ കനകദുര്‍ഗയെ ഭര്‍ത്താവിന്റെ അമ്മ പട്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നു. സുരക്ഷയൊരുക്കാന്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസ് കനകദുര്‍ഗയെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയിയിലേക്കും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു. കനകദുര്‍ഗയുടെ പരാതിയെത്തുടര്‍ന്ന് 341 ,324 വകുപ്പ് പ്രകാരം തടഞ്ഞുനിര്‍ത്തിയതിനും മര്‍ദ്ദിച്ചതിനും ഭര്‍തൃമാതാവിനെതിരേ പോലീസ് കേസെടുത്തിരുന്നു.
അതേസമയം ജീവനും സ്വത്തിനും ഭീഷണി ഉണ്ടെന്നും മുഴുവന്‍ സമയ സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ട് ശബരിമലയില്‍ പ്രവേശനം നേടിയ ബിന്ദുവും കനക ദുര്‍ഗയും സുപ്രീംകോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു.


Read More Related Articles