മഹാരാജാസിൽ കെ എസ് യു പ്രവർത്തകർക്കെതിരെ എസ്എഫ്ഐ നടത്തിയത് സദാചാര ​ഗൂണ്ടായിസമെന്ന് ആരോപണം; മർദ്ദനത്തിന് തുടക്കമിട്ടത് ലോ കോളജിലെ വിദ്യാര്‍ത്ഥി

By on

എറണാകുളം മഹാരാജാസ് കോളജിൽ കെ എസ് യു പ്രവർത്തകർക്കെതിരെ എസ്എഫ്ഐ നടത്തുന്നത് സദാചാര ​ഗൂണ്ടായിസമെന്ന് വിദ്യാർത്ഥി. മഹാരാജാസിലെ എസ്എഫ്ഐ പ്രവർത്തകനായ അർജുൻ അടക്കമുള്ളവർ കെ എസ് യു പ്രവർത്തകരെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നത് കഴിഞ്ഞ ദിവസമാണ്. കോളജിലെ എസ് എഫ് ഐ നേതാവായ അഭിമന്യു കൊല്ലപ്പെട്ടപ്പോൾ അഭിമന്യുവിനൊപ്പം പരിക്കേറ്റ വിദ്യാർത്ഥിയാണ് അർജുൻ. അർജുൻ ആണ് കെ എസ് യു പ്രവർത്തകരായ റ്റെക്സനെയും നദീമിനെയും കഴിഞ്ഞ ദിവസം മർദ്ദിച്ചതെന്നാണ് ആരോപണം. ലോ കോളജ് വിദ്യാർത്ഥിയാണ് ആക്രമണത്തിന് തുടക്കമിട്ടത്.
ക്യാംപസിനുള്ളിൽ മദ്യവും കഞ്ചാവും ഉപയോ​ഗിക്കുന്നു എന്നാരോപിച്ച് ജനുവരി 21ന് കൃഷ്ണലാൽ എന്ന ഒന്നാം വർഷ ബിരുദ വി​ദ്യാർത്ഥിയെ ഇരുപതോളം എസ്എഫ് ഐ പ്രവർത്തകർ ചേർന്ന് ആക്രമിച്ചിരുന്നു. ഈ കേസിൽ എസ്എഫ്ഐ പ്രവർത്തകരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കൃഷ്ണലാലിനെ ആക്രമിച്ചതിൽ ഇന്നലെ കെ എസ് യു പ്രവർത്തകർ പ്രതിഷേധിക്കുന്നതിനിടയിലാണ് അർജുൻ അടക്കമുള്ള വിദ്യാർത്ഥികൾ ഒന്നാം വർഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാർത്ഥിയായ നദീമിനെയും രണ്ടാം വർഷ ഹിന്ദി വിദ്യാർത്ഥിയായ ടെക്സണെയും മർദ്ദിച്ചതെന്ന് പേര് വെളിപ്പെടുത്താൻ ആ​ഗ്രഹിക്കാത്ത വിദ്യാർത്ഥി പറയുന്നു.
എസ് എഫ് ഐയുടെ രാഷ്ട്രീയത്തെപ്പറ്റി വിമർശനാത്മകമായി സംസാരിക്കുന്ന വിദ്യാർത്ഥിയായതിനാലാണ് കൃഷ്ണലാൽ ആക്രമിക്കപ്പെട്ടത് എന്നും ആശുപത്രിയിൽ വെച്ച് കൃഷ്ണലാലിന്റെ രക്തം പരിശോധിച്ചപ്പോൾ കഞ്ചാവിന്റെയോ മദ്യത്തിന്റെയോ അംശമൊന്നും ഇല്ലായിരുന്നു വിദ്യാർത്ഥി കീബോർഡ് ജേണലിനോട് പറഞ്ഞു. കൃഷ്ണലാലിന്റെ നെഞ്ചിൽ ചതവുണ്ട്.


Read More Related Articles