”കശ്മീരില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പൗരസമൂഹം പ്രതികരിക്കണം; നമ്മള്‍ ഇതിനെ സൗകര്യപൂർവ്വം അവഗണിക്കുന്നത് എന്തുകൊണ്ട് ?”

By on

മൗലികമായ ജനാധിപത്യ അവകാശമായ അഭിപ്രായ-ആശയവിനിമയ സ്വാതന്ത്ര്യത്തിന്‍റെ നിഷേധത്തെ ചോദ്യം ചെയ്തുകൊണ്ടാണ് താങ്കൾ സിവിൽ സർവ്വീസിൽ നിന്നും രാജി വച്ചത്. രാജി തീരുമാനം പ്രഖ്യാപിച്ച ശേഷം അതിനോട് ആളുകൾ എങ്ങനെയാണ് താങ്കളോട് പ്രതികരിച്ചത്?

സിവിൽ സൊസെെറ്റിയിൽ നിന്നും എനിക്ക് കിട്ടുന്ന സന്ദേശങ്ങളിൽ നിന്നും വായിക്കുന്നത് വളരെ നല്ല പ്രതികരണമാണ്. മാധ്യമങ്ങൾ തന്നെ ഇതിനെ ശക്തമായി കാണുന്നുണ്ട്, കഴിഞ്ഞ ദിവസം പ്രെസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രസ്താവന വന്നിരുന്നു, അവർ ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്നു എന്ന പ്രസ്താവന. നേരത്തെ അവർ ഈ നിയന്ത്രണങ്ങളെ പിന്തുണച്ചിരുന്നു, അങ്ങനെ ചെയ്യുന്നില്ലെന്ന് പറഞ്ഞ് പിന്നീട് അവർ മുന്നോട്ടുവന്നു, ഇന്നലെ അവരത് തിരുത്തി. സോഷ്യൽ ലെെഫിൽ പ്രശസ്തരായ ആൾക്കാർ പോലും വിളിച്ച് പറയുന്ന ഒരു കാര്യമാണ്, ഇത് കുറേപ്പേരുടെ മനസ്സാക്ഷിയെ, നമ്മൾ വളരെ സൗകര്യപരമായി അതിനെ അവഗണിക്കുകയായിരുന്നു, മനസ്സാക്ഷിക്കുത്ത് വരാതിരിക്കാൻ വേണ്ടി, അതിന് കൂടിയായിരിക്കും. പക്ഷേ പലരുടെയും മനസ്സിലിത് നമ്മുടെ രാജ്യത്തെ ഇരുപത്തഞ്ചോളം ദിവസങ്ങളായിട്ട് ഒരു ജനതയ്ക്ക് പ്രതികരിക്കാനുള്ള ശേഷി നമ്മൾ കൊടുക്കുന്നില്ല എന്ന കാര്യം മനസ്സിലാക്കുമ്പോൾ പലരും അതിനെ പിന്തുണയ്ക്കുന്നുണ്ട്. ആ നിലപാടിനെ പിന്തുണയ്ക്കുന്നുണ്ട്. ഞാൻ, കശ്മീരിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് നമ്മുടെ പൗരസമൂഹം പ്രതികരിക്കണം, അത്രയേ നമ്മുടെ ആവശ്യമുള്ളൂ. അത് ചെയ്യുന്നില്ല എന്നുള്ളതൊരു വിഷമമാണ്. എന്‍റെ ആവിഷ്കാര സ്വാതന്ത്ര്യം തിരിച്ചുകിട്ടിയാലേ എനിക്കിത് പറയാൻ പറ്റൂ. ആദ്യം എന്‍റെ അഭിപ്രായ സ്വാതന്ത്ര്യം തിരിച്ചെടുക്കുക, അത് കഴിഞ്ഞ് ഇങ്ങനെയൊരു കാര്യത്തെപ്പറ്റി നമ്മളെല്ലാം മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്, നമ്മളിതിനെ ഇത്ര സൗകര്യപരമായി അവഗണിക്കുന്നത് എന്തുകൊണ്ടാണ് എന്ന ഒരു ചോദ്യം ചോദിക്കുക എന്നുള്ളൊരു ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ അത് തീർച്ചയായിട്ടും ഇക്കാര്യം ഇവിടംവരെ എത്തിയതിൽ തൃപ്തിയുണ്ട്. ഇനിയുമിത് മുന്നോട്ടുപോകണം, ഞാൻ ഒരു ദിവസത്തെയോ ഒന്നര ദിവസത്തെയോ വാർത്തയാണ്. അതിൽ കൂടുതൽ ഇല്ല. പക്ഷേ മാധ്യമങ്ങൾ അല്ലെങ്കിൽ താങ്കളെ പോലുള്ള മാധ്യമപ്രവർത്തകർ തുടർച്ചയായി കവർ ചെയ്യേണ്ട വിഷയമാണിത്. ഇത് നമ്മുടെ രാജ്യത്ത് 2019ൽ നടക്കുന്ന ഒരു കാര്യമാണ്.

ഒരു ജനതയുടെ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെടുന്നതിനെക്കുറിച്ച് താങ്കൾ പറയുകയുണ്ടായി. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ദേശദ്രോഹിയാക്കി മാറ്റുന്ന പ്രവണതയെക്കുറിച്ച് എന്താണ് പറയാനുള്ളത്?

നമ്മൾ എന്തെങ്കിലും ഒരു കാര്യം പറയുമ്പോൾ, എല്ലാവരും വായിച്ചിരിക്കേണ്ടതാണ് ഗ്രഹാംസ് ഹയറാർക്കി ഓഫ് ഡിസ്എഗ്രിമെന്‍റ് ട്രയാംഗിൾ. അതിന്‍റെ ഏറ്റവും താഴത്തെ നിലയിലുള്ളത് ഒരു ആർഗ്യുമെന്‍റിന് ശേഷം നടക്കുന്നത്, നെയിം കോളിങ്- പറഞ്ഞയാൾക്ക് ഒരു റ്റാഗ് കൊടുക്കുക, ആന്റിനാഷണൽ എന്നോ കറപ്റ്റ് എന്നോ ഒക്കെ. പിന്നെ അയാൾ പറയുന്നത് എന്താണെന്ന് നമ്മൾ കേൾക്കേണ്ട കാര്യമില്ല. അതാണ് ആദ്യത്തെ. രണ്ടാമത്തേത് ആഡ് ഹോമിനം അറ്റാക്ക്, പറഞ്ഞയാളിന്‍റെ സ്വഭാവത്തെ ആക്രമിക്കുക. എന്‍റെ കാര്യത്തിലാണെങ്കിൽ ‘അവൻ ഒരു ഗുണവുമില്ലാത്ത ഓഫീസറായിരുന്നു’, ‘അല്ലെങ്കിലും അവനെതിരെ നടപടിയെടുക്കാൻ പോകുകയായിരുന്നു’. എന്‍റെ സ്വഭാവത്തെ ആക്രമിച്ചുകഴിഞ്ഞാൽ പിന്നെ ഞാൻ പറയുന്നത് കേൾക്കേണ്ട കാര്യം ഇല്ലല്ലോ. കേൾക്കാൻ താൽപര്യമില്ലാത്ത, വ്യക്തമായ ഉത്തരമില്ലാത്ത ചോദ്യങ്ങൾ ആൾക്കാർ ചോദിക്കുമ്പോൾ പൊതുവെ ഉള്ള പ്രതികരണങ്ങൾ ഈ രണ്ട് രീതിയിലാണ്. ഈ രണ്ട് രീതിയിലുള്ള വാദങ്ങളാണ് ആളുകൾക്ക് ഏറ്റവും എളുപ്പം മനസ്സിലാകുന്നതും. ഒരാളെ നമ്മൾ റ്റാഗ് ചെയ്ത് കഴിഞ്ഞാൽ നമ്മൾക്ക് അസൗകര്യമുണ്ടാക്കുന്ന സത്യങ്ങൾ പറഞ്ഞുകഴിഞ്ഞാൽ നമുക്കിഷ്ടമല്ലാത്ത ആളാണ് അയാൾ എന്ന് ആദ്യമേ പറഞ്ഞുകഴിഞ്ഞാൽ, പിന്നെ ചോദ്യത്തിന്‍റെ തന്നെ പ്രസക്തിയില്ലല്ലോ. അതിനെ പേടിച്ച് നമ്മൾ മിണ്ടാതിരിക്കുന്നതാണ് ഏറ്റവും വലിയ സങ്കടകരമായ കാര്യം. അവരിത് പറയുന്നത് എന്നോടുള്ള വിരോധം കൊണ്ടല്ല, അവർ വിശ്വസിക്കുന്നൊരു കാര്യത്തെ ഞാൻ ചോദ്യം ചെയ്യുമ്പോൾ ആ വിശ്വാസത്തെ സംരക്ഷിക്കാൻ വേണ്ടിയാണ് അവരെന്നെ, എന്നെയോ ആരെ വേണമെങ്കിലും ഇങ്ങനെ പറയുന്നത്, അതിനെ നമ്മൾ ശരിക്കും ബഹുമാനിക്കണം അതായത്, അവർ വിശ്വസിക്കുന്ന ഒരു കാര്യത്തിന് വേണ്ടി നിലകൊള്ളാൻ അവർ തയ്യാറാണ്. അതേ സമയം നമ്മൾ വിശ്വസിക്കുന്ന കാര്യത്തിന് വേണ്ടി നിലകൊള്ളാൻ നമ്മൾ തയ്യാറാകണം. ഈയൊരു ചോദ്യം നമ്മൾ ചോദിച്ചുകഴിഞ്ഞാൽ വളരെ വ്യക്തമായി ഇതിന്റെ ഉത്തരം കിട്ടും.

എനിക്ക് ഒരു പത്രമുണ്ടായിരുന്നെങ്കിൽ അതിന്‍റെ ഒന്നാം പേജിൽ 19 എന്ന് മാത്രം അച്ചടിക്കും എന്നാണ് കശ്മീരിലെ ലോക്ഡൗണിന്‍റെ 19 ആം ദിവസത്തെ സൂചിപ്പിച്ചുകൊണ്ട് താങ്കൾ പറഞ്ഞത്. കേരളത്തിലുള്ള പലർക്കും അവിടെയെന്താണ് നടക്കുന്നത് എന്നറിയാൻ വഴികളില്ല. മാധ്യമധർമ്മം ഇന്ത്യൻ മാധ്യമങ്ങൾ മനപൂർവ്വം അവഗണിക്കുന്ന സാഹചര്യത്തിലല്ലേ ഒരു ബ്യൂറോക്രാറ്റ് ആയ താങ്കൾക്ക് തന്നെ ഇത് ശക്തമായി പറയേണ്ടി വരുന്നത്?

അടിസ്ഥാനപരമായി അതാണ്… നമ്മുടെ പൗരസമൂഹം നമ്മുടെ ജനാധിപത്യത്തിന്‍റെ മറ്റ് സർക്കാരിതര വ്യവസ്ഥിതികൾ പ്രതികരിക്കേണ്ടതുപോലെ പ്രതികരിച്ചിരുന്നെങ്കിൽ പിന്നെ എന്നെപ്പോലുള്ള ഒരു സാധാരണ ഓഫീസർക്ക്, സ്വന്തം കാര്യം ചെയ്ത് പോകേണ്ട ഒരാൾക്ക് ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ട ആവശ്യമുണ്ടാകില്ലായിരുന്നു. പലരും ചോദിക്കുന്നുണ്ട്, നിങ്ങൾ കശ്മീരിൽ പോയി നോക്കിയോ എന്ന്, കശ്മീരിൽ പോയി അവിടത്തെ കാര്യങ്ങൾ അറിഞ്ഞ് നമുക്കത് മനസ്സിലാക്കിത്തരേണ്ട കടമ ആർക്കാണ്? അത് പത്രമാധ്യമങ്ങൾക്കാണ്. മാധ്യമങ്ങൾ തന്നെ പറയുകയാണ് നമുക്കവിടെ പോകേണ്ട, നമ്മളവിടെ നിന്ന് കവർ ചെയ്യാൻ താൽപര്യപ്പെടുന്നില്ല, എന്ന് പറഞ്ഞാൽ രാജ്യത്തിന്‍റെ അഭിന്ന ഘടകമായ കശ്മീരിലെ ജനങ്ങളുടെ വിശ്വാസത്തെ തന്നെ നമ്മൾ ഇല്ലാതാക്കുകയാണ്. അതുകൊണ്ടാണ് പലർക്കും മനസ്സിലാകാത്തത്, പലരും ചോദിക്കുന്നത് ഇത് വളരെ എളുപ്പമായിട്ട് അഴിമതി നിറഞ്ഞ പൊളിറ്റിക്കൽ അഡ്മിനിസ്ട്രേഷനെതിരെ ഒരു സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന്‍റെ രാജി എന്നുള്ള രീതിയിൽ ചിത്രീകരിച്ച് സഹതാപം നേടുകയോ ഇരയായി നിൽക്കുകയോ, അങ്ങനെയാണെങ്കിൽ ആരുമെന്നെ ആന്‍റി നാഷണൽ എന്ന് വിളിക്കുകയും ഇല്ലായിരുന്നു, ഇങ്ങനെ തേജോവധം ചെയ്യേണ്ട കാര്യവുമുണ്ടാകുമായിരുന്നില്ല. പക്ഷേ അതിൽ വലിയ അർത്ഥമില്ല.  അതിന് വേണ്ടി ആയിരുന്നെങ്കിൽ ഇത് ചെയ്യേണ്ട കാര്യമില്ല.  സർവ്വീസിൽ ഇരുന്ന് എത്രയോ കൂടുതൽ കാര്യങ്ങൾ നമുക്ക് ചെയ്യാമായിരുന്നു.

കശ്മീരിൽ നിന്നും ആരോഗ്യ അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്നതായുള്ള വാർത്തകളാണ് പുറത്തുവരുന്നത്, അതിനെ അഭിസംബോധന ചെയ്യാൻ പോലും സമൂഹം മടിക്കുന്നു. നിങ്ങളുടെ കാര്യത്തിൽ തന്നെ പലരും പല നരേറ്റീവ്സ് ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. അതിലൊന്ന് ഒരു ദേശീയ മാധ്യമത്തിൽ വായിച്ചതാണ്. നിങ്ങളെപ്പോലുള്ള നല്ല ഓഫീസർമാർ വിട്ടുപോകുന്നതുകൊണ്ടാണ് ഈ വ്യവസ്ഥ ഇങ്ങനെ ആയത് എന്ന രീതിയിൽ. ഇത് സിസ്റ്റത്തിന്‍റെയോ ഭരിക്കുന്ന ആളുകളുടെയോ പ്രശ്നമല്ല, വിട്ടുപോകുന്നവരുടെ പ്രശ്നമാണ് എന്ന് ചൂണ്ടിക്കാട്ടാനുള്ള ശ്രമങ്ങൾ നടക്കുന്നതായി തോന്നുന്നു. അതേപ്പറ്റി എന്താണ് പറയാനുള്ളത്?

ഇത് രണ്ട് രീതിയിൽ കാണാം. സർവ്വീസിനകത്ത് ഇരുന്നുകൊണ്ട് മാത്രമേ നല്ലത് പ്രവർത്തിക്കാൻ പറ്റൂ, സർവ്വീസ് മാത്രമാണ് സേവിക്കാനുള്ള ഒരു മാർഗം എന്ന് ചിന്തിക്കുമ്പോൾ ഓ, അവർ പോയിക്കഴിഞ്ഞാൽ ഇങ്ങനെയാകും എന്നൊരു തോന്നലുണ്ടാകും. പക്ഷേ സർവ്വീസിലിരിക്കുന്ന നല്ല ഓഫീസർമാരുടെ ഔദാര്യമായിരിക്കരുത് ഒരു സർക്കാർ. ജനങ്ങളുടെ അവകാശമാണ് സർക്കാർ നന്നായി പെർഫോം ചെയ്യുക എന്നുള്ളത്. അത് നല്ല ഓഫീസർമാർ വന്നു അപ്പോൾ നന്നായി സേവനം ചെയ്തു അത് കഴിഞ്ഞ് വേറെ കുറച്ചുപേർ വന്നു അപ്പോൾ ചീത്തയായി പ്രവർത്തിച്ചു… യാതൊരു പ്രതീക്ഷയുമില്ല, ജനങ്ങൾക്ക്. ഓഫീസർമാർക്ക് എന്തെങ്കിലും നല്ലത് ചെയ്യാൻ തോന്നിയാൽ അവർ ചെയ്യുന്നു അല്ലെങ്കിൽ അവർ ചെയ്യുന്നില്ല, അങ്ങനെ നമ്മളതിനെ ചിത്രീകരിക്കാൻ പാടില്ല, ഏത് ഓഫീസറായാലും പത്തോ ഇരുപതോ ശതമാനം അങ്ങോട്ടോ ഇങ്ങോട്ടോ  മാറാം. അത് വ്യക്തിയുടെ കാര്യമാണ്, ഞാൻ മാറി വേറൊരാൾ വന്നാൽ പത്തോ ഇരുപതോ ശതമാനം ഇന്നൊവേഷൻ കൂടുകയോ കുറയുകയോ ചെയ്യും. എനിക്കൊരു കാര്യത്തിൽ താൽപര്യമുണ്ടായിരിക്കും, അവർക്ക് വേറോരു കാര്യത്തിൽ താൽപര്യമുണ്ടായിരിക്കും. അങ്ങനെയൊക്കെ വരാം. പക്ഷേ ഒരു എൺപത് ശതമാനം പെർഫോമൻസ് ഏത് ബ്യൂറോക്രാറ്റ് വന്നാലും സിസ്റ്റത്തിൽ നിന്നും ഉണ്ടാകും. അതിന് പുറത്തുനിന്ന് ശബ്ദം ഉയരേണ്ടതാണ് ആവശ്യം. അകത്തിരുന്നുകൊണ്ട് എനിക്ക് ചെയ്യേണ്ടത് ഞാൻ ചെയ്തു. എനിക്ക് ശേഷം വരുന്നയാൾ അത് ചിലപ്പോൾ തുടർന്നേക്കും. ഞാൻ പറയുന്നത്, ഇത് പൊതുവേ സിസ്റ്റമാറ്റിക് ഡിമാൻഡ് ആയി കൊണ്ടുവരികയാണെങ്കിൽ അതിനാണ് കൂടുതൽ മൂല്യം. അല്ലാതെ ഓഫീസർമാരുടെ വ്യക്തിത്വമോ നന്മയോ മൊത്തത്തിൽ വലിയ പ്രാധാന്യമുള്ള കാര്യമല്ല. സത്യത്തിൽ ഇന്നത്തെ സാഹചര്യത്തിൽ തീർച്ചയായും ആവശ്യമുള്ള കാര്യമാണ് പക്ഷേ ഒരു വികസിതമായ, പക്വമായ ജനാധിപത്യത്തിൽ ഒരു ഓഫീസറുടെ ഇൻഡിവിജ്വൽ വാല്യു കുറയുകയും സിസ്റ്റത്തിന്‍റെ ബലം കൂടുകയും ചെയ്യും, അതിലേക്കാണ് നമുക്ക് മാറേണ്ടത്.

ജൂണിൽ പ്രധാനമന്ത്രിയുടെ എക്സലൻസ് അവാർഡിന് അപേക്ഷ നൽകാത്തതടക്കം കാരണം ചൂണ്ടിക്കാട്ടി ഒമിഷന്‍ കമ്മിഷന്‍ താങ്കൾക്കെതിരെ നോട്ടീസ് അയച്ചു എന്നറിഞ്ഞു. എന്താണ് അതിനു പിന്നിൽ? 

ഒരു ഓഫീസിൽ ബോസിന് ചെറിയൊരു ദേഷ്യം തോന്നിയാൽ നോട്ടീസ് തരാം. അതിന് വ്യക്തമായ കാരണങ്ങൾ വേണമെന്നൊന്നുമില്ല. നോട്ടീസ് തരാനുള്ള കാരണങ്ങളിൽ ഒന്ന് ഇതായിരുന്നു, നേരത്തെ തന്ന നോട്ടീസുകളിലെ കാരണങ്ങൾ കൂടി ചേർത്ത് എഴുതി വെച്ചു. അതിനപ്പുറം അതിന് പ്രാധാന്യമില്ല. അതിപ്പോൾ എടുത്ത് ഉപയോഗിക്കുന്നു. മെമോ വന്നു കഴിഞ്ഞ് മറുപടി അയച്ചുകഴിഞ്ഞ് ഓഗസ്റ്റ് അഞ്ചിന് എനിക്ക് അധിക ചുമതലകൾ കൂടി തന്നു, 370 റദ്ദാക്കിയ ദിവസം. കുറച്ചെങ്കിലും അത് ബാധിക്കുന്നതാണെങ്കിൽ അധിക ചുമതല തരേണ്ട യാതൊരു കാര്യവുമില്ല. അത് തന്നവർക്ക് തന്നെ അറിയാം, അത് എന്നെയൊന്ന് വരുതിക്ക് നിർത്താൻ വേണ്ടി തന്നതാണ്.


Read More Related Articles