പെട്ടെന്നുള്ള ഹർത്താലിന് ഹൈക്കോടതിയുടെ വിലക്ക്

By on

പെട്ടെന്നുള്ള ഹർത്താൽ നിരോധിച്ചു കൊണ്ട് കേരള ഹൈക്കോടതി ഇന്ന് ഉത്തരവിറക്കി.
ചീഫ് ജസ്റ്റീസ് ഋഷികേഷ് റോയ് ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് പെട്ടന്നുള്ള ഹർത്താൽ നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയത്. പുതിയ ഹൈക്കോടതി ഉത്തരവ് പ്രകാരം ഏതെങ്കിലും സംഘടനകൾക്ക് ഇനി ഹർത്താൽ ആഹ്വാനം ചെയ്യണമെങ്കിൽ 7 ദിവസം മുൻപേ നോട്ടീസ് കൊടുക്കണം.
“7 ദിവസം മുൻപേ അറിയിക്കാതെയുള്ള ഹർത്താൽ ഭരണഘടനാ വിരുദ്ധമാണ്. ഈ 7 ദിവസത്തിനുള്ളിൽ ഏതൊരു പൌരനും ഹർത്താലിനെ എതിർക്കുകയും ചെയ്യാം”- ഹൈകോടതി ഉത്തരവിന്റെ ഒരു പ്രധാന ഭാഗത്ത് പറയുന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഹർത്താലിനെതിരെയുള്ള ഒരു ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കഴിഞ്ഞ വർഷം കേരളത്തിൽ 97 ഹർത്താലുകൾ നടന്നുവെന്ന് പരാതിയിൽ പറയുന്നു. ഇത് വ്യാപാരത്തിൽ കോടിക്കണക്കിനു രൂപയുടെ നഷ്ട്ടം ഉണ്ടാക്കിയതായും തൊഴിലാളികളുടെ നിത്യജീവിതം സ്തംഭനാവസ്ഥ യിൽ ആക്കിയതായും, സർക്കാർ ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോലും ഹർത്താൽ ദിവസം നിർത്തി വെക്കാൻ നിർബന്ധിതമായതായും പരാതിയിൽ പറയുന്നു.

കേരളത്തിലെ ഏല്ലാ രാഷ്ട്രീയ പാർട്ടികളും ഈ പരാതിയിൽ ഒരു പോലെ ഉത്തരവാദികളാണ്.
ഹർത്താൽ ദിവസം കച്ചവട സ്ഥാപനങ്ങൾക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തണമെന്നും പരാതിയിൽ പറയുന്നു.
ചെറിയ കാരണങ്ങൾക്ക് പോലും രാഷ്ട്രീയ പാർട്ടികൾ ഹർത്താൽ ആഹ്വാനം ചെയ്യുന്നതിനെ കോടതി ശക്തമായ ഭാഷയിൽ അപലപിച്ചു.
പരാതിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ, ഡോക്ടർ കേ പി സതീശന്റെ വാദം കേൾക്കവേ നാളെ നടക്കാനിരിക്കുന്ന തൊഴിലാളി പണിമുടക്കിലും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനുള്ള വേണ്ട നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു.
ഹർത്താൽ ദിവസം, പൊതുമുതലിനും സ്വകാര്യ സ്വത്തുക്കൾക്കും ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് ഹർത്താൽ ആഹ്വാനം ചെയ്ത സംഘടനകളിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

Category: KERALA | Comments: 0


Read More Related Articles