‘കെ സുരേന്ദ്രനെയും ശശികലയെയും ശ്രീധരൻ പിള്ളയെയും കേട്ടില്ല’; അക്രമത്തിൽ പ്രതിഷേധിച്ച് ബിജെപിയെ ബഹിഷ്കരിച്ച് മാധ്യമങ്ങൾ

By on

ശബരിമലയിലെ യുവതീ പ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്താകെ ബിജെപിയും മറ്റ് സംഘപരിവാർ സംഘടനകളും നടത്തിയ അക്രമത്തിനിടെ മാധ്യമങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ബിജെപി നേതാക്കളെ ബഹിഷ്കരിക്കാൻ മാധ്യമ പ്രവർത്തകരുടെ സംഘടിത തീരുമാനം. ഇതിന്റെ പശ്ചാത്തലത്തിൽ കെ സുരേന്ദ്രന്റെ കോഴിക്കോട്ടെ വാർത്താ സമ്മേളനം മാധ്യമങ്ങൾ ബഹിഷ്കരിച്ചു. ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയ്ക്ക് വാർത്താ സമ്മേളനം നടത്താൻ പ്രസ് ക്ലബ് പോലും നല്‍കാനാവില്ലന്ന് കോട്ടയം പ്രസ് ക്ലബ് നിലപാടെടുത്തു.

ബിജെപി നേതാക്കളുടെ പ്രസ്താവനകളും ബിജെപി പരിപാടികളും റിപ്പോർട്ട്‌ ചെയ്യേണ്ടതില്ലെന്ന് മാധ്യമ പ്രവർത്തകരുടെ സംഘടനയായ KUWJ തീരുമാനിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ മാധ്യമ പ്രവർത്തകർക്ക് നേരേ നടന്ന സംഘപരിവാർ ആക്രമണത്തിൽ പ്രതിഷേധിച്ചു കൊണ്ടാണ് ബിജെപി നേതാക്കൾക്ക് ബഹിഷ്‌കരണം ഏർപ്പെടുത്താൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ തീരുമാനിച്ചത്.  സംഘടനയുടെ ഈ നിലപാടിനെ തുടർന്ന് കോഴിക്കോട് നടന്ന കെ സുരേന്ദ്രന്റെ വാർത്താ സമ്മേളനം ജനം റ്റിവി ഒഴികെയുള്ള മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്ക്കരിച്ചു. തിരുവനന്തപുരത്ത് പി എസ് ശ്രീധരൻ പിള്ളയെയും മാധ്യമ പ്രവർത്തകർ ബഹികരിച്ചു.

നിരവധി മാധ്യമപ്രവർത്തകരെയാണ് സംസ്ഥാനത്തെങ്ങും കഴിഞ്ഞ ചില മണിക്കൂറുകൾക്കുള്ളിൽ സംസ്ഥാനത്തിന്റെ പലയിടത്തായി സംഘപരിവാർ പ്രവർത്തകർ മർദ്ദിച്ചത്. കൈരളി റ്റി വിയിലെ വനിതാ വിഡിയോ​ഗ്രാഫറെ അടക്കം മർദ്ദിച്ചു. ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി സെപ്റ്റംബർ 28 ന് തൊട്ടടുത്ത ദിവസം തന്നെ നിലയ്ക്കലിൽ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമ പ്രവർ‌ത്തകരെയടക്കം സംഘപരിവാർ അതിക്രൂരമായി മർദ്ദിരുന്നു. ഇതിനെതിരെ ദേശീയ തലത്തിൽ തന്നെ വൻ പ്രതിഷേധമാണ് ഉയർന്നത്. ഇന്നലെ ശബരിമലയിൽ ബിന്ദു, കനക ദുർ​ഗ എന്നീ യുവതികൾ പ്രവേശിച്ചതിന് പിന്നാലെയാണ് കേരളത്തിൽ ആകെമാനം സംഘപരിവാർ സംഘടനകൾ വ്യാപകമായ അക്രമം അഴിച്ച് വിട്ടത്.


Read More Related Articles