കിളിമാനൂര്‍ തോപ്പില്‍ കോളനിയിലെ ക്വാറി വിരുദ്ധ സമര നേതാവ് സേതുവിന് ജപ്തി നോട്ടീസ്

By on

കിളിമാനൂർ തോപ്പിൽ ദളിത് കോളനിയിൽ കഴിഞ്ഞ പന്ത്രണ്ട് വർഷമായി പ്രവർത്തിക്കുന്ന എകെആർ ക്രഷേഴ്സിന്‍റെ ക്വാറി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന ക്വാറിവിരുദ്ധ ജനകീയ സമരസമിതി കണ്‍വീനര്‍ സേതുവിന് ജപ്തി നോട്ടീസ്. സേതുവും ബിന്ദുവും വിദ്യാർത്ഥികളായ രണ്ട് പെൺമക്കളും ഒരു മകനും താമസിക്കുന്ന ‘ജിത്തു ഭവൻ’ എന്ന വീട് സ്ഥിതി ചെയ്യുന്ന ഭൂമിക്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും ജപ്തി നോട്ടീസ് വന്നിരിക്കുന്നത്. കഴിഞ്ഞ എണ്ണൂറോളം ദിവസങ്ങളായി സെക്രട്ടേറിയേറ്റിൽ ഐഎസ്ആർഓ ഉദ്യോ​ഗസ്ഥന്റെ ഉടമസ്ഥതയിലുള്ള ക്വാറിക്കെതിരെ സമരം ചെയ്യുകയാണ് സേതു. ഇതിനിടെ നിരവധി തവണ സേതു അറസ്റ്റ് ചെയ്യപ്പെടുകയും മാനസികാരോഗ്യ പ്രശ്നങ്ങള്‍ ആരോപിച്ച് പൊലീസ് നിര്‍ബന്ധിത ചികിത്സ നല്‍കുകയും ചെയ്തിരുന്നു.

തോപ്പിൽ കോളനിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. മൂന്ന് വർഷമായിട്ടും ഇവിടേക്ക് കുടിവെള്ളം എത്തിക്കാനുള്ള പഞ്ചായത്ത് പദ്ധതി അധികൃതർ പൂർത്തീകരിച്ചിട്ടില്ല. ഇതിനെതിരെ കോളനിയിൽ കഴിയുന്ന ഇരുപതോളം പേർ ഏപ്രിലിൽ പട്ടികജാതി വികസന ബ്ലോക് ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും കുടിവെള്ള പ്രശ്നത്തിന് പരിഹാരമായിട്ടില്ല. കോളനിയിൽ കഴിയുന്നവരിൽ പലർക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ട്. പലരുടെയും പേരിൽ വ്യാജകേസുകൾ ചുമത്തിയതായും ഇവിടെയുള്ളവർ പറഞ്ഞിട്ടുണ്ട്.

“പട്ടികജാതി ഓഫീസുമായി ചേർന്ന് സ്വയം തൊഴിലിനായി എടുത്ത ലോണാണ്, അമ്പതിനായിരം രൂപയാണ് ലോണെടുത്തത്. അതിൽ കുറച്ച് അടച്ചുതീർത്തിട്ടുണ്ട്. ഇന്ന് വില്ലേജ് ഓഫീസിൽ നിന്ന് വിളിവന്നു. അവിടെ പോയപ്പോൾ ജപ്തിനോട്ടീസ് തന്നു. എസ് സി വകുപ്പ് ആണ് എന്നെ നോമിനി ആക്കിയത്. ബാങ്ക് വഴി മുദ്ര ലോൺ ആയിട്ടാണ് തന്നത്. അമ്പതിനായിരം രൂപയിൽ 10,000 രൂപ അവർ തന്നെ അടച്ചോളാം എന്നാണ് എന്നോട് പറഞ്ഞത്. ലോൺ അടച്ചു തീർത്തു കൊണ്ടിരിക്കുമ്പോഴാണ് സമരം തുടങ്ങിയത്. പിന്നീട് നിത്യവൃത്തിക്ക് പോലും വഴിയില്ലാതെയായി. വേറെ ഒരു പേപ്പറും എനിക്ക് കിട്ടിയിട്ടില്ല. ഇന്ന് എന്റെയൊരു അയൽക്കാരൻ വില്ലേജ് ഓഫിസിൽ പോയപ്പോൾ അയാളോട് പറഞ്ഞാണ് എന്നെ അറിയിച്ചത്. വില്ലേജ് ഓഫീസിൽ പോയപ്പോൾ ഒരു ഫോമിൽ ഒപ്പിടാൻ പറഞ്ഞു, ഒപ്പിട്ട് കൊടുത്തു. വായിച്ചപ്പോൾ പൂർണമായും മനസ്സിലായതുമില്ല. പത്താം തീയ്യതിയാണ് ഭൂമി ജപ്തി ചെയ്യുന്നതിന് മുമ്പുള്ള ഡിമാന്റ് പുറപ്പെടുവിച്ചത്. ഇപ്പോഴാണ് എനിക്കത് കിട്ടുന്നത്.

ഞാനും എന്നെപ്പോലുള്ളവരും ഇങ്ങനെയുള്ള അവസ്ഥയിലായത് ഈ ഭരണകൂടം കാരണം തന്നെയാണ്. ഇത്രയും കാലം അവിടെ സമരം കിടന്നതും ഇവിടെ നിന്ന് ഞങ്ങളെ ഇറക്കിവിടാൻ നോക്കുന്നതും സർക്കാരും മുഖ്യമന്ത്രിയും തന്നെയാണ്. ഇതുവരെ ഇവിടെ കിടന്ന ഞങ്ങളെ റോഡിൽ കിടത്തിയത് സർക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണ്. ഈ മാഫിയയ്ക്ക് വേണ്ടി അവർ‍ ഞങ്ങൾക്ക് കുടിവെള്ളം തരാതെ ഞങ്ങളെ തെരുവിലാക്കി. അങ്ങനെ ചെയ്തിട്ട് ഞങ്ങളെ ഇറക്കിവിടാൻ നോക്കുന്നതും സർക്കാരാണ്. അത് ആർക്ക് വേണ്ടിയാണ്? ഇവിടത്തെ മുതലാളിമാരെ നിലനിർത്താൻ പാവപ്പെട്ടവരെ കൊല്ലാനല്ലേ? പാവപ്പെട്ടവരുടെ മുതൽ പിടിച്ചെടുത്ത് മുതലാളിക്ക് അവരെ ഉപയോ​ഗിക്കാനുള്ള സാഹചര്യമാണ് ഇവിടെ ഉണ്ടാക്കുന്നത്.
തിങ്കളാഴ്ച തന്നെ മുഖ്യമന്ത്രിയെയും റവന്യൂമന്ത്രിയെയും കലക്ടറെയും കാണാനുള്ള ഒരുക്കത്തിലാണ്.” സേതു പറയുന്നു.


Read More Related Articles