ആധാറുമായി ബന്ധിപ്പിച്ച ആദ്യ കവിത; റാഷിന്റെ ദ ബുള്ളറ്റ് ട്രെയ്ൻ ആൻഡ് അദർ ലോഡഡ് പോയംസ് പ്രകാശനം ഇന്ന്

By on
കവി റാഷിന്റെ(എൻ രവിശങ്കർ) ദ ബുള്ളറ്റ് ട്രെയ്ൻ ആൻഡ് അദർ ലോഡഡ് പോയംസ് കവിതാസമാഹാരം ഇന്ന് പ്രകാശനം ചെയ്യും. രോഹിത് വെമുലയ്ക്ക് സമർപ്പിച്ചിരിക്കുന്ന 29 ഇംഗ്ളീഷ് കവിതകളുടെ സമാഹാരത്തിൽ സമകാലിക ഇന്ത്യയിലെ സംഘപരിവാർ രാഷ്ട്രീയം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വിഷമാന്തരീക്ഷമാണ് എഴുതിയിരിക്കുന്നത്. കശ്മീരി കവി ഹുവെെസ പണ്ഡിറ്റ് ആണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. പാലക്കാട് ജില്ലാ പബ്ലിക് ലെെബ്രറിയിൽ നാല് മണിക്കാണ് പുസ്തക പ്രകാശനം. ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള ഇംഗ്ലീഷ് കവികളും കേരളത്തിലെ കവികളും കവിത വായിക്കാനെത്തുന്നുണ്ട്.
അധികാരത്തോട് സത്യം വിളിച്ചുപറയുക എന്നതാണ് കവിതയുടെ പ്രാഥമിക കർത്തവ്യമെങ്കിൽ ഭരണകൂടത്തിന് പാദസേവ ചെയ്തുകൊണ്ട് അതിതീവ്ര ദേശീയവാദികളായ മാധ്യമങ്ങൾ മറച്ചുപിടിക്കുന്ന സത്യങ്ങൾ മുഖംമൂടി കീറി വലിച്ചു കാട്ടുകയാണ് കടുത്ത സർക്കാസവും നർമവും ഉപയോഗിച്ച് റാഷിന്റെ കവിതകൾ ചെയ്യുന്നത് എന്ന് മുഖവുരയിൽ കവി സച്ചിദാനന്ദൻ എഴുതുന്നു. കൊലയാളികളെയും മർദ്ദിതരെയും ജനാധിപത്യവ്യവസ്ഥയിൽ കുത്തിനിറക്കുകയും സത്യം വിളിച്ചുപറയുന്നവരെയും മനുഷ്യാവകാശ പ്രവർത്തകരെയും  കുറ്റവാളികളായ വഞ്ചകരാക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഭൂരിപക്ഷ ഏകാധിപത്യത്തെ ഈ കവിതകൾ വെളിപ്പെടുത്തുന്നു എന്നും സച്ചിദാനന്ദൻ എഴുതുന്നു.
ആധാറുമായി ബന്ധിപ്പിച്ച ആദ്യത്തെ കവിതയാണ് ദ ബുള്ളറ്റ് ട്രെയ്ൻ, സ്വതന്ത്ര ശബ്ദങ്ങളെ ഇല്ലാതാക്കുന്ന ബുള്ളറ്റ് ട്രെയ്നിനെ പറ്റി.  ഹൃദയങ്ങൾ ഭേദിച്ചുകൊണ്ട് കൽബുർഗി സൗത്ത്, പൻസാരെ വെസ്റ്റ്, ധബോൽക്കർ സെൻട്രൽ എന്നീ വിചിത്ര പേരുകളുള്ള സ്റ്റേഷനുകളിലൂടെ ഓടുന്ന മേക് ഇൻ ഇന്ത്യ മോഡൽ ബുള്ളറ്റ് ട്രെയ്ൻ.
“ഈ തീവണ്ടി ഇനി
സിരകളിലൂടെയും ധമനികളിലൂടെയും നാഡികളിലൂടെയും
തുഴഞ്ഞുകയറും
മജ്ജയിലും പേശികളിലും ടണലുണ്ടാക്കിക്കൊണ്ട് കടന്നുപോകും
അതിസുന്ദരമായ നട്ടെല്ലുപാലത്തിൽ ഇടിച്ചുനിൽക്കും വരെ.” എന്ന് വരികൾ.
ആസിഫ, ദ സ്നോ ഗേൾസ്, ദ സ്ട്രേഞ്ച് ഡെത് ഓഫ് എൻ ഔട്ട്കാസ്റ്റ്, കശ്മീരിൽ ഇന്ത്യൻ സെെന്യം നടത്തുന്ന പെല്ലറ്റ് ആക്രമണങ്ങളെക്കുറിച്ചുള്ള ദ വാലീ ഓഫ് ദ ബ്ലെെൻഡ്- എ ക്രോ ക്രോണിക്കിൾ, ലവ് ഇൻ ദ ടെെം ഓഫ് ഡീമോണിറ്റെെസേഷൻ, ഹൗ റ്റു ലിഞ്ച് എ മാൻ, 72, അപ്പീൽ റ്റു ദാറ്റ് ഗ്രേറ്റ് ടീച്ചർ, ശക്തിമാൻ തുടങ്ങിയ കവിതകൾ ഇംഗ്ലീഷ് കവിതയിൽ ഇന്ന് വളരെ അപൂർവ്വമായി കാണുന്ന കവിതാരചനാ രീതികളുടെ തുറന്ന ഉദാഹരണങ്ങളാണ്. ബ്രാഹ്മണ്യം പശുവിന്റെ പേരിൽ നടപ്പിലാക്കുന്ന മുസ്‌ലിം വംശഹത്യക്കെതിരെയും റാഷിന്റെ കവിതകൾ സംസാരിക്കുന്നു.
ഫിക്ഷണൽ ലോകത്ത് മാത്രം അഭിരമിക്കുന്ന കവികൾ സർവ്വസമ്മതരായി മാറുന്ന ഭരണകൂട അവാർഡ് ചങ്ങലകളുടെ കാലത്ത് ഈ കവിതകൾ നിലനിൽപ്പിനെപ്പറ്റി വേവലാതിപ്പെടുകയും അതിന് വേണ്ടി ഒച്ചയിടുകയും ചെയ്യുന്നുണ്ട്. വിസമ്മതങ്ങളുടെ ചോരയിൽ ശബ്ദിക്കുന്ന കവി ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യ ലോകത്ത് ചരിത്രരചനയുടെ ഉപകരണമായി സ്വയം ഉപയോഗപ്പെടുത്തുന്നുമുണ്ട്.
നിരവധി മലയാള കവിതകൾ റാഷ് ഇം​ഗ്ലീഷിലേക്കു മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ആർകിടെക്ചർ ഓഫ് ഫ്ളഷ് ആണ് റാഷിന്റെ ഏക കവിതാസമാഹാരം. ജെർമനിലേക്കും ഫ്രഞ്ചിലേക്കും റാഷിന്റെ കവിതകൾ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഈയടുത്ത് നൂറ് മലയാളം കവിതകളുടെ മൊഴിമാറ്റ സമാഹാരമായ ഹൗ റ്റു ട്രാൻസ്ലേറ്റ് എൻ എർത് വേം എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

Read More Related Articles