മുസ്ലിം ഭൂരിപക്ഷ അയൽ രാജ്യങ്ങളിൽ നിന്നുള്ള അമുസ്ലിം അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്ന ബിൽ ലോക്സഭ പാസാക്കി; വർഗീയ ബില്ലെന്ന് പ്രതിപക്ഷം
ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ മൂന്ന് അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീംങ്ങളല്ലാത്ത ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്ന പൗരത്വ നിയമഭേദഗതി ബില്‍ പ്രതിപക്ഷ എതിര്‍പ്പിനിടെ ലോക്സഭ ചൊവ്വാഴ്ച്ച പാസാക്കി. ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്.
ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ജയിന്‍, ക്രിസ്ത്യന്‍ എന്നീ ആറ് ന്യൂനപക്ഷ വിഭാഗക്കാരില്‍ ഇന്ത്യയില്‍ 12 വർഷത്തിലധികം കാലം താമസിക്കുന്നവര്‍ക്ക് പൗരത്വം നല്‍കുന്നതിനാണ് ബില്‍ വ്യവസ്ഥചെയ്യുന്നത്.
ബില്ലിനെതിരെ പ്രതിപക്ഷ പാർട്ടികൾ സഭയിൽ പ്രതിഷേധം അറിയിച്ചിരുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ജീവിക്കുന്ന 61 ലക്ഷത്തിലധികം വരുന്ന മുസ്ലീം വിഭാഗത്തിലെ ജനങ്ങളുടെ പൗരത്വം റദ്ദ് ചെയ്യപ്പെട്ടതുമായ സാഹചര്യം മുൻ നിർത്തി പൗരത്വ ഭേതഗതി ബിൽ വർഗീയ സ്വഭാവം ഉള്ളതാണെന്ന് കാണിച്ച് ചൊവ്വാഴ്ച്ച അസമിൽ 11 മണിക്കുർ നീണ്ട ബന്ദ് നടന്നിരുന്നു.എന്നാൽ ബില്ല് അസം ജനതക്ക് എതിരാണെന്ന വാദം ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് തള്ളി.
വര്‍ഗീയ സ്വഭാവമുള്ള ബില്ലാണ് ഇതെന്ന് ആരോപിച്ച്, ബില്ല് സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സഭയിൽ നിന്നും ഇറങ്ങിപ്പോയി. ബിൽ അവതരിപ്പിച്ചത് ഭൂരിപക്ഷ വോട്ട് മുന്നിൽ കണ്ടാണെന്ന് പ്രതിപക്ഷവും ആരോപിച്ചു.
പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തി നിയമവിരുദ്ധമായി താമസിക്കുന്ന മുസ്ലിംകളല്ലാത്തവര്‍ക്ക് പൌരത്വം അനുവദിക്കുന്നതാണ് ബില്ല്.
ന്യൂനപക്ഷങ്ങളായത് കൊണ്ട് മാത്രം അയല്‍ രാജ്യങ്ങളില്‍ പീഢനം അനുഭവിക്കുന്നവര്‍ക്ക് അഭയമൊരുക്കുകയാണ് ലക്ഷ്യമെന്ന് ബില്‍ അവതരിപ്പിച്ച ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ബില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ശ്രീലങ്കയും നേപ്പാളും അടക്കമുള്ള രാഷ്ട്രങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങളെ എന്ത്കൊണ്ട് പരിഗണിക്കുന്നില്ലെന്നും തൃണമൂല്‍ എം.പി സൌഗത റോയ് ചോദിച്ചു. വോട്ടെടുപ്പ് ബഹിഷ്കരിച്ച് തൃണമൂല്‍ കോണ‍്ഗ്രസ് ഇറങ്ങിപ്പോയി.
ബില്ല് വിവേചനപരമാണെന്ന് സി.പി.ഐ.എമ്മും, ഭൂരിപക്ഷ പ്രീണനം ലക്ഷ്യമിട്ടുള്ളതാണെന്ന് എ.ഐ.എം.ഐ.എം ഉം ആരോപിച്ചു. അസ്സം ജനതക്ക് എതിരാണ് ബില്ലെന്ന് എ.ഐ.യു.ഡി.എഫ് അധ്യക്ഷന്‍ ബദ്റുദ്ദീന്‍ അജ്മല്‍ പറഞ്ഞു. മുസ്ലിം ലീഗും ബില്ലിനെതിരെ രംഗത്തുവന്നിരുന്നു.