‘സാമ്പത്തികാവസ്ഥ മാറും, പക്ഷേ ജാതി മാറില്ല’; അജിത് എ എസ്

By on

By Ajith Kumar AS

കേന്ദ്രസർക്കാർ ഇപ്പോൾ സവർണ ജാതിക്കാർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്തുകയാണല്ലോ. സംസ്ഥാന സർക്കാർ ഇതിന് പിന്തുണയും പ്രഖ്യാപിച്ചു കഴിഞ്ഞു. സാമ്പത്തിക സംവരണത്തിന്റെ പ്രശ്നം എന്താണെന്ന് വെച്ചാൽ അത് നിലനിൽക്കുന്ന സംവരണ സിദ്ധാന്തത്തെ തന്നെ അട്ടിമറിക്കുന്നതാണ്. ഭരണഘടന പ്രകാരം വിവിധ വിഭാഗങ്ങൾക്കുള്ള സംവരണം ചേർത്താൽ അൻപത് ശതമാനത്തിൽ കവിയരുത് എന്നായത് കൊണ്ട് ഭരണഘടനാ പരിഷ്കാരത്തിലൂടെയാണ് നിലവിൽ ഉള്ള അൻപതു ശതമാനം സംവരണത്തോടൊപ്പം പത്തു ശതമാനം കൂടെ കൂട്ടി അറുപതു ശതമാനം സംവരണം ആക്കിയുയർത്തി സവർണ സംവരണം പ്രാവർത്തികമാക്കാമെന്ന് അവർ ഉദ്ദേശിക്കുന്നത്. സത്യം പറഞ്ഞാൽ ജാതി സംവരണം തന്നെ ആനുപാതികമായി നടപ്പാക്കിയാൽ അൻപത് ശതമാനത്തിൻ മുകളിൽ പോകുമെന്നത് കൊണ്ട് അത് തന്നെ അൻപതി നുള്ളിൽ പരിമിതിപ്പെടുത്തിയിരിക്കുകയാണ്. ജാതി സംവരണം എന്നത് ഒരു ജനാധിപത്യ മൂല്യമാണ്. അധികാരത്തിൽ എല്ലാ സമുദായങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. ദാരിദ്ര്യ നിർമാർജ്ജനം അല്ല. സാമ്പത്തിക സംവരണം കൂടി കൊണ്ടു വരുമ്പോൾ സംവരണം കൊണ്ട് യഥാർത്ഥത്തിൽ ഉദ്ദേശിക്കുന്നത് എന്താണോ അത് അസാധു ആകുകയാണ് ചെയ്യുന്നത്.
സാമ്പത്തികാവസ്ഥ മാറ്റം ഉണ്ടാകാവുന്നതാണ്. അതിനു സാധ്യതകൾ ഉണ്ട്. എന്നാൽ ജാതി അതല്ല. അത് സാമൂഹികമായി പല രീതിയിലും ഉറപ്പിക്കപ്പെട്ടതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ജാതി സംവരണം എന്നത് നടപ്പിലാക്കേണ്ടത്. സാമ്പത്തിക സംവരണത്തിന്റെ പ്രശ്നം അത് കമ്മ്യൂണിറ്റി, സാമുദായിക അധികാരം/പദവി എന്നിവയെ നിഷേധിക്കുന്നതാണ്. സിപിഎമ്മിനെ സംബന്ധിച്ച് അവർ ജാതിയെ വേണ്ട രീതിയിൽ മനസിലാക്കിയിട്ടില്ല. അത് കൊണ്ടാണ് അവർക്ക് ഈ വർഗ്ഗ പരമായ സംവരണത്തെ പിന്താങ്ങേണ്ടി വരുന്നത്. മുൻപ് മണ്ഡൽ കമ്മീഷനെതിരെ കലാപം നടക്കുന്ന അതേ സമയത്താണ് ബാബരി മസ്ജിദ് പൊളിക്കുന്നത്. സംവരണത്തെ തകർക്കാൻ ഒരു ഹിന്ദു ഏകീകരണം ആവശ്യമാണ്‌. അതിനുള്ള വഴിയാണ് ഒരു മുസ്ലിം വിരുദ്ധ കലാപം. ഇപ്പൊ രാജ്യത്ത് വർധിച്ചു വരുന്ന മുസ്ലിം വംശഹത്യകളും ഈ സാമ്പത്തിക സംവരണ ആലോചനകളും കൂട്ടി വായിക്കുമ്പോൾ ഒരു മുസ്ലിം വിരുദ്ധകലാപത്തെ മറയാക്കി, ജാതി സംവരണം എതിർക്കുമ്പോൾ ഉണ്ടാകാവുന്ന ഹിന്ദുക്കൾക്കുള്ളിലെ ശിഥിലീകരണം മറികടന്ന്, സംവരണത്തെ അട്ടിമറിക്കാനുള്ള ശ്രമമായിട്ടാണ് ഞാൻ മനസിലാക്കുന്നത്. അത്തരത്തിലുള്ള ആസൂത്രിത സംഭവങ്ങളായിരിക്കാം ഇനി സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ട.
ശബരിമല വിഷയത്തിൽ ഒക്കെ സിപിഐഎം ഒരു ദളിത്‌ ബഹുജൻ നിലപാടിനൊപ്പമായിരുന്നു എന്ന ഒരു പ്രതീതിയുണ്ടാക്കിയിരുന്നു.. എന്നാൽ സംവരണം പോലൊരു അടിസ്ഥാന വിഷയത്തിൽ അവർക്ക് എൻഎസ്എസ്സിന്റെ അതേ നിലപാടാണ്.
അവർ സംഘപരിവാറിനെതിരെ പറഞ്ഞ രാഷ്ട്രീയമൊക്കെ രാഷ്ട്രീയമായി ഉപയോഗിക്കാൻ മാത്രമുള്ളതായിരുന്നു എന്നാണ് സംവരണത്തിലെ സിപിഐഎം നിലപാട് വ്യക്തമാക്കുന്നത്. അതുപോലെ ദേവസ്വം ബോർഡിലെ സവർണ സംവരണം ഇടതുപക്ഷം വലിയ അഭിമാനത്തോടെ പറയുന്ന ഒരു കാര്യമാണ്. ഇതൊക്കെ ജാതി വിഷയത്തിലുള്ള അവരുടെ നിലപാട് വ്യക്തമാക്കുന്നുണ്ട്. ശബരിമല വിഷയത്തിലൊക്കെ സംസ്ഥാന സർക്കാരിനൊപ്പം നിലകൊണ്ട ദളിത്‌ സംഘടനകളൊക്കെ ഈ ഇരട്ടത്താപ്പനെതിരെ ശക്തമായി രംഗത്ത് വരുമോ എന്നതാണ് ഞാൻ ചിന്തിക്കുന്നത് . ‘സാമ്പത്തിക സംവരണം’ എന്ന പ്രയോഗത്തിലൂടെ സംവരണം വേണ്ട എന്നാണ് സംവരണ വിരുദ്ധർ പറയുന്നത്.


Read More Related Articles