ശബരിമലയിൽ വോക്കി റ്റോക്കി ആരും കാണാതെ ഉപയോ​ഗിച്ചുകൊള്ളാൻ പൊലീസ് പറഞ്ഞെന്ന് രാഹുൽ ഈശ്വർ

By on

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം വേണമെന്ന സുപ്രീം കോടതി വിധിയ്ക്കെതിരായ പ്രക്ഷോഭത്തിൽ വോക്കി റ്റോക്കി ഉപയോ​ഗിക്കാൻ പൊലീസ് തനിക്ക് പിന്തുണ തന്നുവെന്ന് വെളിപ്പെടുത്തി തന്ത്രി കുടുംബാം​ഗമായ രാഹുൽ ഈശ്വർ. റിപ്പോർട്ടർ റ്റി വിയുടെ ന്യൂസ് നൈറ്റ് പരിപാടിയിലാണ് രാഹുൽ ഈശ്വർ ഇക്കാര്യം വെളിപ്പെടുത്തിയത്. ”കഴിയുന്നത്ര ഇൻക്ലൂസിവ് ആയാണ് അവിടുത്തെ നല്ലൊരു ശതമാനം പ്രൊട്ടസ്റ്റുകളും നടന്നത്, അവിടെയുണ്ടായിരുന്ന പൊലീസുകാരും അതിന്‍റെ സ്പിരിറ്റ് മനസിലാക്കി. ഞാനടക്കമുള്ളവര്‍ അവിടെ വോക്കി റ്റോക്കിയും കൊണ്ടാണ് പോയത്. പോലീസുകാർ എന്നോട് പറഞ്ഞു വേണേൽ ആരും കാണാതെ ഉപയോ​ഗിച്ചോളൂ. ഇവിടെ കണ്ടുകഴിഞ്ഞാല്‍, മാധ്യമങ്ങള്‍ പറഞ്ഞാല്‍ കേസെടുക്കേണ്ടിവരും” എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്ന് രാഹുൽ ചർച്ചയിൽ വെളിപ്പെടുത്തി. ”പൊലീസുകാർ ഇക്കാര്യത്തിൽ ഞങ്ങൾക്ക് ചെയ്തത് വലിയ സഹായമാണ്”. അവിടെയുണ്ടായിരുന്ന ഭൂരിപക്ഷം പൊലീസുകാര്‍ക്കും ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയോട് എതിര്‍പ്പായിരുന്നുവെന്നും രാഹുൽ പറഞ്ഞു. ശബരിമലയില്‍ ഡ്യൂട്ടിയുള്ളവരെ അറിയിക്കാതെ കണ്ണൂരില്‍ നിന്നും ഏഴ് പോലീസുകാരും കോട്ടയം എസ്പിയും കൂടെയാണ് കനദുര്‍ഗയെയും ബിന്ദുവിനെയും സന്നിധാനത്ത്എത്തിച്ചതെന്നും രാഹുല്‍ ആരോപിച്ചു.
സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് ശബരിമലയിൽ പ്രതിഷേധങ്ങൾ നടക്കുന്ന സമയത്ത് പൊലീസ് ആർ എസ് എസിന് വിരം ചോർത്തിയെന്ന് ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. മണ്ഡലകാലത്തെ ക്രമസമാധാന പാലനത്തിൽ പൊലീസ് ​ഗുരുതര വീഴ്ച വരുത്തിയെന്നും പല ഉദ്യോ​ഗസ്ഥരും ആർ എസ് എസിന്‍റെ താത്പര്യപ്രകാരമാണ് പ്രവർത്തിച്ചതെന്നും മുഖ്യമന്ത്രി ഡിജിപി അടക്കുള്ള ഉന്നത പൊലീസുദ്യോ​ഗസ്ഥരുടെ സാന്നിധ്യത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇത് ശരിവക്കുന്ന തരത്തിലാണ് രാഹുൽ ഈശ്വർ റ്റെലിവിഷൻ ചർച്ചയിൽ വെളിപ്പെടുത്തൽ നടത്തിയത്.
മലമുകളിൽ പ്രക്ഷോഭത്തിന് തയ്യാറെന്ന പ്രഖ്യാപനവുമായി വോക്കി റ്റോക്കികളുമായി നിൽക്കുന്ന ചിത്രം കഴിഞ്ഞ വർഷം ഒക്റ്റോബർ 26 നാണ് രാഹുൽ ഈശ്വർ തന്‍റെ ഇൻസ്റ്റ​ഗ്രാം പേജിൽ പ്രസിദ്ധീകരിച്ചത്. ചിത്രത്തിൽ രാഹുൽ ഈശ്വറിന്‍റെ കൈയ്യിലുണ്ടായിരുന്ന വോക്കി റ്റോക്കികൾ അനധിക‌ൃതമാണെന്ന ആരോപണം അന്ന് തന്നെ ഉയർന്നിരുന്നു. ബാവോഫെങ് എന്ന ചൈനീസ് ജനറിക് വോക്കി റ്റോക്കി സംവിധാനമാണ് രാഹുലിന്‍റെ ചിത്രത്തില്‍ ഉണ്ടായിരുന്നത്. ഇതിന് റ്റെലികമ്യൂണിക്കേഷന്‍ വിഭാ​ഗം അനുമതി നൽകിയിട്ടില്ലെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.


Read More Related Articles