മീ ടൂ ലൈംഗികാരോപണ പരാതി; കേന്ദ്ര മന്ത്രി എം.ജെ അക്ബര്‍ രാജിവെച്ചു
മീ ടൂ വെളിപ്പെടുത്തലിനെത്തുടർന്ന് കേന്ദ്രമന്ത്രി എം. ജെ. അക്ബർ രാജിവെച്ചു. തനിക്കെതിരെയുള്ളത് വ്യാജ ആരോപണങ്ങൾ ആണെന്നും ന്തം നിലയില്‍ കോടതിയില്‍ നേരിടുമെന്നും രാജ്യത്തെ സേവിക്കാന്‍ അവസരം നല്‍കിയതില്‍ പ്രധാനമന്ത്രി മോദിയ്ക്കും വിദേശകാര്യ സഹമന്ത്രി സുഷമാ സ്വരാജിനും നന്ദി അറിയിക്കുന്നുവെന്നും അക്ബര്‍ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 12 ൽ അധികം മാധ്യമ പ്രവർത്തകരാണ് അക്ബറിനെതിരെലൈംഗികാരോപണവുമായി രംഗത്ത് വന്നത്.
അക്ബർ നൽകിയ മാനനഷ്ടക്കേസ് പട്യാല ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് രാജി. അക്ബറിനെതിരെ ആദ്യം ആരോപണം ഉന്നയിച്ച പ്രമുഖ ഇംഗ്ലിഷ് മാധ്യമപ്രവർത്തക പ്രിയ രമണി മാത്രമാണു ഈ മാനനഷ്ടക്കേസിലെ എതിർകക്ഷി. പ്രിയ രമണി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് പരാതിയിൽ അക്ബർ കുറ്റപ്പെടുത്തിയിരുന്നു. ഒക്ടോബർ എട്ടിന് ട്വിറ്ററിലൂടെയാണ് പ്രിയാ രമണി അക്ബറിനെതിരെ ആദ്യ ആരോപണം ഉന്നയിച്ചത്. ഇതിനു പിന്നാലെ നാലു വനിതകൾ കൂടി അക്ബറിനെതിരെ പീഡനാരോപണവുമായി രംഗത്തുവന്നെങ്കിലും ഞായറാഴ്ച നൽകിയ മാനനഷ്ട പരാതിയിൽ പ്രിയാ രമണിയുടെ പേരു മാത്രമാണ് അക്ബർ പരാമർശിച്ചത്.