“പ്രിയ മാധ്യമ സുഹൃത്തുക്കളേ, ഇതേ പൊലീസിന്‍റെ ഭാഷ്യം തന്നെയല്ലേ സാധാരണക്കാരുടെ കേസുകളില്‍ നിങ്ങള്‍ മുന്‍ഗണനയോടെ റിപ്പോര്‍ട്ട് ചെയ്യാറുള്ളത്?”

By on


“അധികാരകേന്ദ്ര ബന്ധത്തിൽ കേരളത്തിലെ ഏറ്റവും പ്രബലരായ മാധ്യമ പ്രവർത്തകരാണ് തിരുവനന്തപുരത്തുള്ളത്. സഹപ്രവർത്തകനായ കെ എം.ബിയുടെ കൊലപാതകത്തിൽ അവർ പ്രകടിപ്പിക്കുന്ന രോഷവും ക്ഷോഭവും കേരളം കണ്ട് കൊണ്ടിരിക്കുകയാണ്. കേസ് അട്ടിമറിക്കപ്പെടാതിരിക്കാൻ അവർ ചെലുത്തിയ സമ്മർദവും മുഖ്യമന്ത്രിയും,ഡിജിപിയും നൽകിയ അനുകൂല പ്രതികരണവും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്. അതെല്ലാം പുല്ലുപോലെ ചവിട്ടിയരച്ചു കൊലപ്പുള്ളിയായ ഐഎഎസ്കാരൻ നിസ്സാരമായി ജാമ്യത്തിലിറങ്ങിയതിന്റെ പ്രതിഷേധമാണ് മുകളിലെ ചിത്രം. IAS-IPS ലോബിയും മെഡിക്കൽ മേഖലയിലെ നിഗൂഢസംഘവും നടത്തിയ ഒത്ത് കളിയാണിവിടെ വിജയം കണ്ടത്. തീർച്ചയായും ഈ കേസിന്റെ അന്തിമവിധിയുണ്ടാവുന്നത് ഇവർ ഉണ്ടാക്കിയ / നശിപ്പിച്ച തെളിവുകളും രേഖകളുമനുസരിച്ച് തന്നെയാവും. സംശയം വേണ്ട.
സഹപ്രവർത്തകന്റെ ദാരുണ കൊലപാതകത്തിനെതിരെ നടത്തുന്ന ആത്മാർഥമായ ഇടപെടലുകളെ
ആദരവോടെ കണ്ടു കൊണ്ട് തന്നെ പ്രിയ മാധ്യമ സുഹൃത്തുക്കളോട് ചോദിക്കട്ടെ. പൊതുസമൂഹത്തിൽ അതിശക്തരായ, നിങ്ങളിൽപ്പെട്ട ഒരാൾക്ക് വേണ്ടി നിങ്ങൾ തീർത്ത എല്ലാ ജാഗ്രതകളും പ്രതിരോധങ്ങളും മറികടന്ന് പ്രതിയെ പരസ്യമായി രക്ഷപ്പെടുത്തിയ അതേ പോലീസിന്റെ ഭാഷ്യം തന്നെയല്ലേ സമാനമായ സാധാരണക്കാരുടെ കേസുകളിൽ മുൻഗണനയോടെ നിങ്ങൾ റിപ്പോർട്ട് ചെയ്യാറുള്ളത് ?
പ്രത്യേകിച്ച് തീവ്രവാദ ബന്ധമാരോപിക്കപ്പെടുന്ന കേസുകളിൽ ഇരകളുടെയോ കുടുംബത്തിന്റെയോ അകംപൊള്ളുന്ന മറുഭാഗം പുറം ലോകത്തെത്തിക്കാൻ ശ്രമിക്കാറില്ല, എന്ന് മാത്രമല്ല പോലീസും ഇന്റലിജൻസും തരുന്ന ദുരൂഹകഥകളും പൊടിപ്പും തൊങ്ങലും വെച്ച വിവരങ്ങളും മാത്രം കോളങ്ങളിൽ വിളമ്പി അവരെ അപമാനിക്കുകയും സമൂഹമധ്യത്തിൽ ഒറ്റപ്പെടുത്തുകയുമല്ലേ നിങ്ങളിൽപ്പലരും മിക്കപ്പോഴും ചെയ്യാറുള്ളത് ?
ഇത്രയേറെ സ്വാധീനശക്തിയുള്ള നിങ്ങളെപ്പോലും പരിഹാസ്യരാക്കി നടന്ന ഇതേ കളികളും കൃത്രിമങ്ങളും തന്നെയല്ലേ ഒന്നുമറിയാത്ത ദുർബരെ വേട്ടയാടാനും ഇവർ ചെയ്യാറുള്ളത്? എന്നല്ല അഞ്ചും പത്തും ഇരുപത്തഞ്ചും വർഷങ്ങൾ ജയിൽപീഢനമനുഭവിച്ച ശേഷം നിരപരാധികളെന്ന് വിധിച്ച് മോചിതരാക്കപ്പെടുന്ന പലരും മറുചോദ്യമുയർത്തുന്ന മാധ്യമജാഗ്രതയുടെ മനുഷ്യവകാശപരമായ പിന്തുണയുണ്ടായിരുന്നെങ്കിൽ രക്ഷപെടുത്താമായിരുന്നില്ലേ. അധികാരകേന്ദ്രങ്ങളുടെ ഇടനാഴികളിലെ അവിശുദ്ധകളികളിലൂടെ പിറവിയെടുക്കുന്ന
അനീതികളെയും അട്ടിമറികളെയും തുറന്ന് കാണിച്ച് സാധാരണക്കാരുടെയും,ദുർബലരുടെയും
നീതിക്ക് വേണ്ടി നിലകൊള്ളാൻ കെഎംബി പ്രചോദനമാവുമെങ്കിൽ അതാവും സത്യസന്ധനും നിഷ്കളങ്കനുമായ സഹപ്രവർത്തകനോടുള്ള നിങ്ങളുടെ ഹൃദയാഞ്ജലി.”


Read More Related Articles