സാമ്പത്തിക തട്ടിപ്പ് കേസിൽ ബിജെപി മുൻ മന്ത്രി ജനാർദന റെഡ്ഡി അറസ്റ്റിൽ
സാമ്പത്തിക തട്ടിപ്പ് കേസിൽ ബി.ജെ.പി. നേതാവും മുൻ മന്ത്രിയുമായ ജനാർദന റെഡ്ഡിയെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് ജനാർദ്ദന റെഡ്ഡിയെ അറസ്റ്റ് ചെയ്തതെന്ന് അന്വേഷണ തലവൻ അലോക് കുമാർ അറിയിച്ചു. മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിന് ഒരു ദിവസം മുന്നേയാണ് അറസ്റ്റ്. റെഡ്ഢിയുടെ സഹായി അലി ഖാനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നിക്ഷേപകരിൽ നിന്നും 600 കോടി രൂപ തട്ടിയെടുത്ത ആമ്പിഡൻറ് ഗ്രൂപ്പ് ഉടമ സൈദ് ഫരീദ് അഹമ്മദിനോട് സാമ്പത്തിക തട്ടിപ്പ് കേസിൽ നിന്ന് ഒഴിവാക്കാൻ കോഴവാങ്ങി എന്നതാണ് കേസ്.
തനിക്കെതിരായ ആരോപണങ്ങളെ കുറിച്ച് അഭിഭാഷകനിലൂടെയും മാധ്യമങ്ങളിലൂടെയുമാണ് അറിയുന്നതെന്നും പണമിടപാട് സംബന്ധിച്ച് അറിവില്ലെന്നുമാണ് റെഡ്ഡി മൊഴി നൽകിയത്. ഖനി അഴിമതിക്കേസിൽ അറസ്റ്റിലായ ജനാർദന റെഡ്ഡിക്ക് 2015ലാണ് ജാമ്യം അനുവദിച്ചത്. കർണ്ണാടകയിലെ പ്രമുഖനായ ജനാർദ്ധന റെഡ്‌ഡിയ്‌ക്കെതിരായ കേസ് ബിജെപിയെ പ്രതിരോധത്തിലാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.