മുത്തലാഖ് ബില്ലിനെതിരെ രാജ്യസഭയിൽ പ്രതിപക്ഷം പ്രമേയം അവതരിപ്പിക്കും

By on

മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കാൻ സർക്കാർ ഒരുങ്ങുമ്പോൾ ഒരു നിലക്കും ബില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്. ബില്ലിനെതിരെ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ യോഗം ചേരുന്നു. ബി.ജെ.പി യുടെ വർഗീയ ബില്ലാണെന്ന ആരോപണമുള്ള മുത്തലാഖ് ബില്ലിനെതിരെ രാജ്യസഭയിൽ പ്രമേയം അവതരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഗുലാബ് നബി അസാദും വന്ദന ചവാനുമാകും പ്രമേയം അവതരിപ്പിക്കുക.

ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ഒറ്റക്കെട്ടായുള്ള ആവശ്യം വക വയ്ക്കാതെയാണ് സര്‍ക്കാര്‍ മുസ്ലിം വനിത വിവാഹ അവകാശ ബില്‍ ലോക്സഭയില്‍ പാസാക്കിയത്. പക്ഷെ രാജ്യസഭയില്‍ സര്‍ക്കാരിന് മതിയായ അംഗബലമില്ലാത്തതിനാൽ ബില്ല് പാസ്സാകാൻ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ ആവശ്യമായി വരും.

സഭയില്‍ ഹാജരാകാന്‍ ബിജെപിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും അംഗങ്ങള്‍ക്ക് വിപ് നല്‍കിയിട്ടുണ്ട്. 244 അംഗങ്ങളുള്ള രാജ്യസഭയില്‍ 115 അംഗങ്ങളുടെ പിന്തുണയാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.
ടി.ആര്‍.എസ്, എസ്.പി, തൃണമൂല്‍, ടി.ഡി.പി കക്ഷികളും ബില്ലിനെ എതിര്‍ക്കുന്നവരാണ്. 9 അംഗങ്ങളുള്ള ബി.ജെ.ഡിയുടെയും 13 അംഗങ്ങളുള്ള എ. ഐ.ഡി.എം.കെയുടെയും നിലപാടാകും ഇന്ന് നിര്‍ണായകമാവുക. കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത് പോലെ ഇരുവരും വോട്ടെടുപ്പ് ബഹിഷ്കരിക്കുകയാണെങ്കിൽ ബില്ല് പരാജയപ്പെടും.


Read More Related Articles