മകനെതിരായ കേസിന്‍റെ പേരിൽ പൊലീസ് അതിക്രമം; പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ച് ​നല്ലതണ്ണി ബ്ലോക് മെമ്പർ ​ഗോമതി, “വനിതാ മതിലിന് മുന്നിൽ കുത്തിയിരിക്കും”

By on

By Mrudula Bhavani

മകനെതിരെ വീണ്ടും ലെെം​ഗിക പീഡന ആരോപണവുമായി പെൺകുട്ടി പരാതി നൽകിയെന്നും അതിനാൽ പൊലീസ് വീട്ടിലെത്തി തന്നെ തെറിവിളിക്കുകയും തൂങ്ങിച്ചാകാൻ പറയുകയും ചെയ്യുകയാണ് എന്നും ​പൊമ്പിളെെ ഒരുമെെ നേതാവും നല്ലതണ്ണി ബ്ലോക് മെംബറുമായ ​ഗോമതി. താൻ ഒരു ബ്ലോക് മെംബർ ആണ് എന്ന പരി​ഗണന പോലും ഇല്ലാതെയാണ് പൊലീസ് പെരുമാറുന്നത് എന്ന് ​ഗോമതി പറയുന്നു. നിരന്തരം വ്യാജകേസുകൾ ചുമത്തി ഉപദ്രവിക്കുന്നതിന് പകരം തന്നെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇടുന്നതാണ്. നാളെ നടക്കാന്‍ പോകുന്ന വനിതാ മതിലിന് മുന്നില്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കും എന്നും ​ഗോമതി കീബോർഡ് ജേണലിനോട് പറഞ്ഞു.

“ഞാൻ പൊലീസ് സ്റ്റേഷനിലാണ്. പൊലീസുകാർ എന്നെ തെറി വിളിക്കുന്നുണ്ട്. ഒരുപാട് തെറി. മകന്‍റെ പേരിൽ വീണ്ടും ആ പെൺകുട്ടി കേസ് കൊടുത്തു. അവൻ അവളുമായി സംസാരിക്കേണ്ട എന്ന് കരുതി അവന്‍റെ ഫോണിലെ സിം വാങ്ങി ‍ഞാൻ ടോയ്ലറ്റിലിട്ടു. പൊലീസ് അന്വേഷിച്ചപ്പോൾ സിം ചോദിച്ചു അത് ആ പെൺകുട്ടിയുടെ സിം ആണ് എന്ന് പറഞ്ഞു. അവളുടെ സിം എങ്ങനെയാണ് അവന്റെ കയ്യിലെത്തുന്നത് എന്ന് അവളോട് ചോദിച്ചുകൂടെ എന്ന് ഞാൻ ചോദിച്ചപ്പോൾ എന്നെ പൊലീസ് തെറി വിളിക്കാൻ തുടങ്ങി. ഇന്ന് രാവിലെ വിളിച്ച് എന്റെ വീട്ടിൽ കയറിവന്നപ്പോൾ എല്ലാ പൊലീസുകാരും എന്നെ തെറി വിളിക്കുന്നുണ്ട്, വഴക്ക് പറയുന്നുണ്ട്. നീ നിന്‍റെ മകനെ നന്നാക്കാൻ നോക്ക്, നീ ഇങ്ങനെയൊരു മകനെ പെറ്റതിന് തൂങ്ങിച്ചാക് എന്നൊക്കെയാണ് അവർ പറയുന്നത്. എന്നെപ്പിടിച്ച് അകത്തിടട്ടെ. എന്‍റെ പേരിലും മകന്‍റെ പേരിലും കള്ളക്കേസ് എടുക്കുന്നവർ അവളോട് ചോദിക്കണ്ടേ എങ്ങനെയാണ് അവളുടെ സിം എന്‍റെ മകന്‍റെ കയ്യിലെത്തിയത് എന്ന്. അന്ന് വന്നപ്പോൾ ഇവരുടെ മുന്നിൽ ഞാൻ കരഞ്ഞു. അയാൾ പറയുന്നുണ്ട് അയാളുടെ മുന്നിൽ ഞാൻ‍ കാലുപിടിച്ച് കരഞ്‍ഞു പറഞ്ഞു കേസെടുക്കണ്ട എന്ന് പറഞ്ഞ്. ഇങ്ങനെയൊരു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഇവന്‍റെ പുറകേ എനിക്ക് കേസുമായി നടക്കാൻ പറ്റില്ല. കേസ് ഉള്ളതാണെങ്കിൽ അവനെ പിടിച്ച് അകത്തിടാനാണ് ഞാൻ പറഞ്ഞത്. അയാളുടെ കാൽ പിടിച്ചിട്ടില്ല ഞാൻ.
എനിക്കിനി കള്ളക്കേസുമായി പുറത്തുനിൽക്കാൻ കഴിയില്ല. എന്‍റെ പേരിൽ മാസത്തിൽ രണ്ട് കള്ളക്കേസ് ഇടുകയാണ് ഇവർ. എന്നെ പിടിച്ച് അകത്തിട്ടാൽ മതി എനിക്ക് സ്വസ്ഥമായി ജീവിക്കാം. ഇപ്പോഴവർ സിം നശിപ്പിച്ചു എന്ന് പറഞ്ഞ് എനിക്കെതിരെ കേസെടുക്കും എന്ന് പറയുന്നുണ്ട്. ആ പെൺകുട്ടി കാര്യങ്ങൾ ഇങ്ങനെ മാറ്റിമാറ്റി പറയുകയാണ്. അവൾ പറയുന്നതിനൊന്നും സ്ഥിരത ഇല്ല. ഇവനെ വേണം എന്നും വേണ്ട എന്നും പറയും. അതൊന്നുമല്ല എന്തുകൊണ്ട് പൊലീസുകാർ എന്നെ തെറി വിളിക്കുന്നു? എന്നോട് ആത്മഹത്യ ചെയ്യാൻ പറയുന്നുണ്ട് അവർ. ഇങ്ങനെയൊരു മകനെ പെറ്റതിന്. എപ്പോ നോക്കിയാലും എന്‍റെ പേരിൽ കള്ളക്കേസ്. എന്ത് തെറ്റാണ് ഞാൻ ചെയ്തത്? ജനങ്ങൾക്ക് വേണ്ടി സമരം ചെയ്തതാണോ ഞാൻ ചെയ്ത തെറ്റ്? സിപിഎംകാരെ എതിർത്ത് സമരം ചെയ്തതാണോ ഞാൻ ചെയ്ത തെറ്റ്?

ഇപ്പോഴിതാ ഇവരുടെ വനിതാ മതിലിന് ഒരുപാടാളുകൾ സപ്പോർട്ട് ചെയ്യുന്നു! എന്നെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഞാൻ നടുറോട്ടിൽ കുത്തിയിരിക്കും. വേറെ വഴിയില്ല. എപ്പോഴും കള്ളക്കേസിന്‍റെ പുറകേ പോകാൻ എനിക്ക് പറ്റില്ല. പൊലീസ് സ്റ്റേഷനിലെ സ്റ്റെപ്പിൽ കുത്തിയിരിക്കുകയാണ് ഞാനിപ്പോൾ, ആർക്കും തടസ്സമുണ്ടാക്കാതെ മാറിനിൽക്കുകയാണ്. അല്ലെങ്കിൽ ഇവിടെ കിടന്ന് തന്നെ ഞാൻ മരിക്കും അതാണ് ഇവിടെ സംഭവിക്കാൻ പോകുന്നത്. മതിലു പണിയാൻ പോകുന്നില്ലേ കുറേപ്പേർ നാളെ എങ്ങനെ ഇവർ മതിൽ പണിയും എന്ന് നോക്കാം, റോഡിൽ പോയി കുത്തിയിരിക്കും ഞാൻ.

എന്‍റെ കൂടെ ആരും വരില്ല. ഇവരെ പേടിച്ച് ആര് വരാനാണ്? കള്ളക്കേസ് പേടിച്ച് ആര് വരാനാണ്? ഞാൻ നടുറോഡിൽ കുത്തിയിരുന്നാലും ഒരു പുല്ലും സംഭവിക്കാൻ പോകുന്നില്ല എന്ന് പറയുന്നുണ്ട് ഹരി എന്ന എസ്ഐ. മൂന്നാർ എസ്ഐ. കെെക്കൂലി വാങ്ങി പണിയെടുക്കുന്നവനാണ് ഇവനൊക്കെ. എന്നെ അറസ്റ്റ് ചെയ്ത് അകത്തിടും. എനിക്കിനിയും ഇതിന്റെ പിറകെ നടക്കാൻ ധെെര്യവുമില്ല ശക്തിയുമില്ല. എനിക്ക് വീട്ടിൽ വേറെ പണിയൊന്നും ഇല്ലെ എന്നൊക്കെ ചോദിക്കുന്നുണ്ട് എന്നോട്. പൊലീസുകാരെ സപ്പോർട്ട് ചെയ്യും നിനക്കൊന്നും സപ്പോർട്ട് ഇല്ല എന്ന് പറയുന്നുണ്ട്. ഞാനയാളുടെ കാലുപിടിച്ച് കരഞ്ഞു എന്ന് പറയുന്നുണ്ട്.” പൊലീസ് സ്റ്റേഷന് മുന്നില്‍ നിന്നും ഗോമതി പറയുന്നു.

കഴിഞ്ഞ മാർച്ച് മാസത്തിലാണ് ​ഗോമതിയുടെ മകൻ വിവേകിനെതിരെ പതിനാറുകാരിയായ പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. പെൺകുട്ടി ​ഗർഭിണിയാണ് എന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ പെൺകുട്ടി പിന്നീട് മൂന്നാർ പൊലീസ് സ്റ്റേഷനിൽ പോയി എസ്ഐയെ കാണുകയും ​ഗോമതി എംഎം മണിയെ എതിർത്തത് കൊണ്ടാണ് ഇങ്ങനെ കേസ് ഉണ്ടാക്കിയത് എന്നും മൊഴി നൽകിയെന്നും താൻ ​ഗർഭിണിയല്ലെന്ന് ​വ്യക്തമാക്കിക്കൊണ്ട് തനിക്ക് പെണ്‍കുട്ടി വീഡിയോ സന്ദേശം അയച്ചിരുന്നു എന്നും ഗോമതി പറഞ്ഞു. സിപിഎം കുടുംബമാണ് പെണ്‍കുട്ടിയുടേതെന്നും ഒരു തമിഴ് കുടുംബത്തിലേക്ക് മകളെ വിവാഹം കഴിപ്പിച്ച് അയക്കില്ലെന്ന് തന്‍റെ അഡ്വക്കേറ്റിനോട് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു എന്നും ഗോമതി പറഞ്ഞു.
മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകളെ സംഘടിപ്പിച്ചുകൊണ്ട് മുഖ്യധാരാ രാഷ്ട്രീയ മുന്നണികളുടെ പിന്തുണയില്ലാതെ സമരം നയിച്ച ​ഗോമതി നല്ലതണ്ണി ബ്ലോക് പഞ്ചായത്ത് മെംബറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.


Read More Related Articles