ശബരിമലയിൽ ആക്രമിക്കപ്പെട്ട ന്യൂസ്മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിത എസ് ബാലന്‍ ആശുപത്രിയില്‍
ശബരിമലയിൽ സംഘപരിവാർ പ്രവർത്തകരുടെ ആക്രമണത്തിനിരയായ ദ ന്യൂസ്മിനിറ്റ് കേരള റിപ്പോർട്ടർ സരിത എസ് ബാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ ഡിസ്കിന് സാരമായ പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരം പൂജപ്പുര പഞ്ചകർമ ആശുപത്രിലാണ് സരിത.
ഒക്ടോബർ 16ന് ശബരിമലയിലെത്തിയ സരിതയെ കെഎസ്ആർടിസി ബസ്സിൽ നിന്നും വലിച്ചിറക്കി ഒരു കൂട്ടം അക്രമകാരികൾ നട്ടെല്ലിൽ മർദ്ദിക്കുകയായിരുന്നു. സരിതയുടെ ഫോട്ടോ എടുക്കുകയും തെറിവിളിക്കുകയും ചെയ്യുകയായിരുന്നു. കിടക്കാനല്ലാതെ മറ്റൊന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണെന്നും കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് ഡോക്ടർമാരെ കണ്ടിട്ടും മരുന്ന് കഴിച്ചിട്ടും വേദന മാറാത്തതിനാൽ ആയുർവേദ ചികിത്സ തേടുകയായിരുന്നുവെന്നും സരിത എസ് ബാലൻ പറയുന്നു.
ഒക്ടോബർ 16ന് ശബരിമലയിലെത്തിയ ആറ് വനിതാ റിപ്പോർട്ടർമാരാണ് സംഘപരിവാർ അക്രമകാരികളുടെ അതിക്രമങ്ങൾക്ക് ഇരയായത്. എൻഡിടിവി റിപ്പോർട്ടർ സ്നേഹ കോശി, ഇന്ത്യ ടുഡേയുടെ മൗസ്മി സിങ്, ന്യൂസ് 18 ന്റെ രാധിക രാമസ്വാമി, റിപബ്ലിക് ടിവിയുടെ പൂജ പ്രസന്ന, ദ ന്യൂയോർക് ടെെംസിന്‍റെ സുഹാസിനി രാജ് എന്നിവരാണ് തങ്ങളുടെ ജോലി നിർവ്വഹിക്കുന്നതിനിടെ ആക്രമിക്കപ്പെട്ടത്.