ഉത്തർപ്രദേശിൽ ആശുപത്രി ആംബുലൻസ് നിഷേധിച്ചു; ദരിദ്ര മുസ്ലിം കുടുംബത്തിലെ കുട്ടി മരിച്ചു

By on

ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽ ആശുപത്രി അധികൃതർ ആംബുലൻസ് നൽകാത്തതിനെ തുടർന്ന് രക്ഷിതാക്കൾക്ക് കടുത്ത പനി ബാധിച്ച 9 വയസുകാരനെ കയ്യിൽ ചുമന്ന് കൊണ്ടുപോവണ്ടി വരികയും വഴിമധ്യേ കുട്ടി മരിക്കുകയും ചെയ്തു. കടുത്ത പനിയെ തുടർന്നാണ് അഫ്രോസിനെ ആശുപത്രിയിലെത്തിച്ചത്. മതിയായ ചികിത്സാ സൗകര്യങ്ങൾ ഇല്ല എന്ന് പറഞ്ഞ് ഷാജഹാൻപുരിലെ ജില്ലാ ആശുപത്രി കുട്ടിയെ ലക്നൗവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവാൻ നിർദ്ദേശിച്ചു. കുട്ടിയെ കൊണ്ടുപോവാൻ ആംബുലൻസ് വേണമെന്ന് മാതാപിതാക്കൾ അഭ്യർത്ഥിച്ചെങ്കിലും ആശുപത്രി അധികൃതർ നൽകിയില്ല എന്ന് അഫ്രോസിന്‍റെ മാതാവ് പറയുന്നു.

സ്വകാര്യ വാഹനം വിളിക്കാൻ സാമ്പത്തിക ശേഷിയില്ലാത്ത അഫ്രോസിന്‍റെ മാതാപിതാക്കൾ അവനെ ചുമന്ന് നടക്കാൻ തുടങ്ങി. എന്നാൽ വഴി മധ്യേ അഫ്രോസ് മരിച്ചു. ”അവന് കടുത്ത പനിയായിരുന്നു. ഞങ്ങൾ അവന് മരുന്ന് കൊടുത്തു. എന്നാൽ അവന്‍റെ അവസ്ഥ പിന്നെയും മോശമായപ്പോൾ അവനെ ഞങ്ങൾ ഷാജഹാൻപുരിലെ ജില്ലാ ആശുപത്രിയിലാക്കി. ഈ ആശുപത്രിയിൽ മതിയായ സൗകര്യങ്ങൾ ഇല്ല എന്ന് പറഞ്ഞ് ഡോക്റ്റർമാർ അവനെ മറ്റേങ്ങോട്ടെങ്കിലും കൊണ്ടുപോവാൻ ആവശ്യപ്പെട്ടു”. അഫ്രോസിന്‍റെ മാതാവ് വാർത്താ ഏജൻസിയായ എഎൻഎയോട് പറഞ്ഞു. ആശുപത്രി പരിസരത്ത് മൂന്ന് ആംബുലന്‍സുകള്‍ ഉണ്ടായിരുന്നുവെന്നും കയ്യിലുള്ള മുഴുവന് പണവും തരാമെന്ന് തങ്ങള്‍ പറഞ്ഞുവെന്നും അഫ്രോസിന്‍റെ പിതാവ് പറഞ്ഞു.

അതേസമയം ആംബുലൻസ് നൽകിയില്ല എന്ന ആരോപണം ജില്ലാ ആശുപത്രി അധികൃതർ നിഷേധിച്ചു. രാത്രി 8-10ന് ”അഫ്രോസ് എന്ന കുട്ടി ആശുപത്രിയിൽ എത്തിയിരുന്നു. അവന്‍റെ അവസ്ഥ മോശമായിരുന്നു. മറ്റേതെങ്കിലും ആശുപത്രിയിൽ കൊണ്ടുപോവാൻ ഞങ്ങൾ പറഞ്ഞു. എന്നാൽ അവന്‍റെ രക്ഷിതാക്കൾ ഞങ്ങളോട് തട്ടിക്കയറുകയും അവനെ ഇവിടെ നിന്ന് കൊണ്ടുപോവുകയും ചെയ്തു. പിന്നെ അവൻ മരിച്ചു. അവർ തിരികെ വന്നതുമില്ല” എന്നാണ് ജില്ലാ ആശുപത്രിയിലെ എമർജൻസി മെഡിക്കൽ ഓഫിസർ അനുരാ​ഗ് പരാശർ പറഞ്ഞത്.


Read More Related Articles