“ഹിന്ദുത്വത്തിന് ഇവിടെ ഇടമില്ല” പൗരത്വ (ഭേദഗതി) ബില്ലിനെതിരെ ഇംഫാൽ ടാക്കീസിന്റെ പാട്ട്
“ഞങ്ങളെ നിങ്ങൾ കോളനിവത്കരിച്ചിട്ട് പതിറ്റാണ്ടുകളായിരിക്കുന്നു
ഇപ്പോഴിതാ നിങ്ങളെന്റെ രാജ്യത്തെ വഞ്ചിക്കാനൊരുങ്ങുന്നു
ത്രിപുരയുടെ തെരുവുകളിൽ നിങ്ങൾ എന്റെ സഹോദരന്മാരെ വെടിവെച്ചുകൊന്നു
ഇനി നിങ്ങൾക്ക് ഡോക്റ്റർ ഗൊഹൈനെ അറസ്റ്റ് ചെയ്യണം
എതിർശബ്ദങ്ങളെ എൻഎസ്എ ചുമത്തി നിങ്ങൾ ജയിലിലടക്കുന്നു
നിങ്ങളുടെ ജയിലുകൾ എത്ര വലുതായിരിക്കുമെന്നാണ് ഞാൻ അതിശയിക്കുന്നത്
അഫ്സ്പ ഉപയോഗിച്ച് നിങ്ങൾ ഞങ്ങളെ കൊല്ലുകയാണ്
എത്ര വലുതാണ് നിങ്ങളുടെ ശവമുറികളെന്ന് ഞാൻ അത്ഭുതപ്പെടുന്നു
നിങ്ങളുടെ അതിക്രമങ്ങൾക്ക് നന്ദി, അത് ഞങ്ങളെ കൂടുതൽ ഒന്നിപ്പിക്കുന്നു-
നിങ്ങളുടെ ബിജെപിക്കെതിരെ, നിങ്ങളുടെ പൗരത്വ ഭേദഗതി ബില്ലിനെതിരെ
നിങ്ങളുടെ സർക്കാരിനെതിരെ, നിങ്ങളുടെ പ്രചാരവേലയ്ക്കെതിരെ,
നിങ്ങൾക്ക് വേണ്ടത് ഞങ്ങളെയല്ല, ഞങ്ങളുടെ ഭൂമിയാണ്.
അടിച്ചമർത്തലാണ് നിങ്ങളുടെ സംസ്കാരം.
നിങ്ങൾക്ക് പുതിയ ചരിത്രവും കെട്ടുകഥകളും എഴുതണമായിരിക്കും
പക്ഷേ എന്റെ സാമ്രാജ്യം നിങ്ങളുടെ രാജ്യത്തേക്കാളും പഴക്കമുള്ളതാണ്.
കോമാളികളെയും കളിപ്പാവകളെയും ഉപയോഗിച്ച്
എന്റെ മണ്ണിൽ നിങ്ങൾ നിങ്ങളുടെ സാമ്രാജ്യം പണിയുന്നത് സ്വപ്നം കാണുന്നു
പക്ഷേ ഈ സാമ്രാജ്യം എന്റെ മുൻഗാമികളുടെ വിയർപ്പും ചോരയും മാംസവും കൊണ്ട് പണിതതാണ്.
ഇവിടെ നിനക്ക് ഇടമില്ല.
ഇവിടെ ഹിന്ദുത്വത്തിന് ഇടമില്ല.
ഇവിടെ വർഗീയവാദത്തിന് ഇടമില്ല.
നിങ്ങളുടെ രാഷ്ട്രീയത്തിന് ഇവിടെ ഇടമില്ല.
തോക്കിനും സെെന്യത്തിനുമിടയിൽ ജീവിതം എങ്ങനെ ആസ്വദിക്കണമെന്ന് ഞങ്ങൾ പഠിച്ചുകഴിഞ്ഞു.
നിങ്ങളെയും നിങ്ങളുടെ ഫാസിസ്റ്റ് ഭരണകൂടത്തെയും താഴെയിറക്കും നമ്മൾ.”
മുപ്പത്തിയെട്ടുകാരനായ അഖു ചിങ്ഗാങ്ബം ആണ് ഈ വരികൾ എഴുതിയത്. വടക്കുകിഴക്കൻ സ്വത്വ രാഷ്ട്രീയം തുറന്നെഴുതുന്ന അഖു അഫ്സ്പയ്ക്കെതിരെയും ബിജെപി സർക്കാരിനെതിരെയും പൗരത്വ (ഭേദഗതി) ബില്ലിനെതിരെ ഇതിന് മുമ്പും എഴുതിയിട്ടുണ്ട്.
2016ലാണ് അസം തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിങ്ങൾ ഒഴികെയുള്ള, പ്രത്യേകിച്ച് ഹിന്ദു അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ള പൗരത്വ (ഭേദഗതി) ബിൽ ബിജെപി അവതരിപ്പിച്ചത്. 2019 ജനുവരി ഏഴിന് ലോക്സഭയിൽ ഈ ബിൽ പാസാക്കുകയും ചെയ്തു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ മാത്രം ലക്ഷ്യമിടുന്ന ബിൽ ആണിത്, എന്നാൽ അക്കാര്യം മറച്ചുവെച്ചുകൊണ്ടാണ് ബിജെപി ബില്ലിന് വേണ്ടിയുള്ള രാഷ്ട്രീയ പ്രചരണം നടത്തുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥി സംഘടനകളും ബില്ലിനെതിരെയുള്ള സമരത്തിൽ സജീവമാണ്.
ബിൽ ലോക്സഭയിൽ പാസാക്കിയതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ബില്ലിനെതിരെ പ്രത്യക്ഷ സമരം ആരംഭിച്ചിരിക്കുകയാണ്. അസം പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ട 76 രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് 2016ൽ അസം മുഖ്യമന്ത്രി സർബാനന്ദ സൊനോബാൽ നൽകിയ ധീരതയ്ക്കുള്ള പുരസ്കാരം തിരിച്ചേൽപിച്ച് ജനുവരി 30ന് ബന്ധുക്കൾ ബില്ലിനെതിരെ പ്രതിഷേധമറിയിച്ചിരുന്നു. ലോക്സഭയിൽ ബിൽ പാസാക്കിയപ്പോൾ ഈ സാഹചര്യം അസമിന്റെ സ്വാതന്ത്ര്യ സമരത്തിൽ പ്രധാനമാണ് എന്ന് പറഞ്ഞ ഡോ. ഹിരേൻ ഗൊഹെയ്നെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. ഝാൻസി റാണിയുടെ ജന്മവാർഷികം ആഘോഷിക്കാനുള്ള മണിപ്പൂരി സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ച കിഷോർചന്ദ്ര വാങ്ഖെംചാ എന്ന മാധ്യമപ്രവർത്തകനെ ദേശീയ സുരക്ഷാ നിയമം ചുമത്തി തടവിലാക്കിയിരിക്കുകയാണ്. ഇതിനെതിരെയും ഇംഫാൽ ടാക്കീസ് പാട്ടിലൂടെ പ്രതിഷേധമറിയിക്കുന്നുണ്ട്