‘ഞാൻ ജനം റ്റിവിയിലല്ല ജോലി ചെയ്യുന്നത്’; രഹന ഫാത്തിമയുടെ പങ്കാളി മനോജ് കെ ശ്രീധർ ആരോപണങ്ങൾക്ക് മറുപടി പറയുന്നു

By on

മനോജ് കെ ശ്രീധർ ജനം റ്റി വി യിലാണോ ജോലി നോക്കുന്നത്?
ഒരിക്കലുമല്ല. ഒന്നാമത് എനിക്ക് പത്ര പ്രവർത്തനം വശമില്ല. രണ്ടാമത് ഉപജീവനത്തിനായി പോലും വർഗീയ താല്പര്യങ്ങളുള്ള ഒരു സ്ഥാപനത്തിൽ തൊഴിൽ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

എന്താണ് നിങ്ങളുടെ തൊഴിൽ ?
ഞാൻ ഒരു എം ബി എ ബിരുദധാരിയാണ്. ഒരുപാട് കാലം ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുകയും. സ്വന്തമായി കൊച്ചിയിൽ ഒരു ഹോട്ടൽ നടത്തുകയും ചെയ്തിരുന്നു. പിന്നീട് മെട്രോ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഹോട്ടൽ നിർത്തേണ്ടി വന്നു. സിനിമ എക്കാലത്തെയും സ്വപ്നമായിരുന്നു. ‘ഏക’ എന്ന ഒരു പടം ഞാൻ നിർമിച്ചു. ‘ഏക’യ്ക്ക് ഇതുവരെ ഇന്ത്യയിൽ പ്രദർശനാനുമതി ലഭിച്ചിട്ടില്ല. എന്നിരുന്നാൽ കൂടി ചില വിദേശ മേളകളില്‍ ‘ഏക’ തിരഞ്ഞെടുക്കപ്പെട്ടത് സന്തോഷം നൽകുന്നു. നിലവിൽ മറ്റൊരു സിനിമയുടെ തിരക്കഥ പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്.

എന്താണ് മനോജിന്‍റെ രാഷ്ട്രീയം ?
ഞാൻ രാഷ്ട്രീയ പരമായി ലെഫ്റ്റ് ലിബറൽ ആണ്. ഒരു രാഷ്ട്രീയ പാർട്ടികളിലും അംഗമല്ല. എല്ലാവർക്കും തുല്യത ഉറപ്പാക്കുക എന്നതാണ് നിലപാട്. എനിക്കൊരിക്കലും മത വർഗീയതക്കൊപ്പം നിൽക്കാനാകില്ല.

ആരോപണങ്ങൾക്ക് പിന്നിൽ ഏതെങ്കിലും സംഘടനകളെയോ വ്യക്തികളെയോ സംശയിക്കാമോ? മനോജിനെന്ത് തോന്നുന്നു?
രശ്മി ആർ നായർ ആണ് ഞങ്ങൾക്കെതിരെ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ആദ്യം ഉന്നയിച്ചത്. അതിനു ശേഷം രഹന മല കയറിയ ദിവസം മുതൽ പ്രിജിത്ത് രാജ് എന്നൊരാൾ കൂടി ഇത്തരം നുണ പ്രചരണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നു. അദ്ദേഹം നെല്ല് ഡോട്ട് നെറ്റ് എന്ന ഓൺലൈൻ സ്ഥാപനത്തിൽ മാധ്യമ പ്രവർത്തകനാണ്. അദ്ദേഹം ആണ് ഇന്നലെ മംഗളം ചാനൽ ചർച്ചയിൽ ഞാൻ ജനം റ്റി വി യിൽ ജോലി ചെയ്യുകയാണെന്ന നുണ ആദ്യമായി പറഞ്ഞത്.
ഏതായാലും ഈ പറഞ്ഞ വ്യക്തികളെ നിയമപരമായി തന്നെ നേരിടും. നാളെ തന്നെ പരാതി കൊടുക്കുകയാണ്. ഇത് ഞങ്ങളുടെ മാത്രം കാര്യമല്ല. നാളെ ഒരു പാർട്ടിയുടെയും പിൻബലമില്ലാതെ പൊതു രംഗത്തേക്ക് വരുന്ന ആർക്ക് നേരെയും ഇത്തരം നുണ പ്രചരണം ഉണ്ടാകരുത്.

രഹനയെ മതത്തിൽ നിന്നും പുറത്താക്കിയ ജമാഅത്ത് കൗണ്സിലിന്‍റെ നടപടിയിൽ എന്തു തോന്നുന്നു.?
ആദ്യമേ അവരുടെ മതത്തിൽ ഇല്ലാത്ത ഒരാളെ അവർ എങ്ങനെയാണ് പുറത്താക്കുക? രഹന മോഡലിംഗ് ഒക്കെ ചെയ്യുന്നതിലെ അസഹിഷ്ണുത കാരണം പത്ത് കൊല്ലത്തിനു മുൻപേ അവർ രഹനയുടെ ഉമ്മ മരണപെട്ടാൽ പള്ളിയിൽ അടക്കില്ലെന്നു പറഞ്ഞപ്പോൾ മെഡിക്കൽ കോളേജിന് വിട്ടുകൊടുത്തുകൊള്ളാം എന്നാണ് രഹന അന്ന് പറഞ്ഞത്. ഇത്രകാലം രഹന  മതത്തിൽ ഉണ്ടായിരുന്നോ എന്ന് കൗതുകപൂർവ്വം ഓർക്കുകയാണ്.

സാനിറ്ററി നാപ്കിൻ ആയിരുന്നു രഹനയുടെ ഇരുമുടി കെട്ടിൽ എന്നാണ് ജനം ടി വി ആരോപണം. ആ ആരോപണം തള്ളിക്കളഞ്ഞാൽ പോലും ആചാര പ്രകാരം കെട്ടുനിറക്കാൻ ഒരു ഗുരുസ്വാമി ആവശ്യമില്ലേ? ആരാണ് രഹനക്ക് ഗുരു സ്വാമി?
ഞാൻ ചെറുപ്പം മുതൽ കഴിവതും എല്ലാ വർഷവും ശബരിമല സന്ദർശനം നടത്തുന്ന ആൾ ആണ്. കഴിഞ്ഞ അഞ്ചു വർഷവും തുടർച്ചയായി മലകയറുന്നു. ഞാൻ ഒരു ബ്രാഹ്മണ സമുദായത്തിൽ ജനിച്ച ആൾ ആണ്. അത് കൊണ്ട് തന്നെ ഹിന്ദു മത ഗ്രന്ഥങ്ങൾ മനഃപാഠമാക്കാനുള്ള അവസരം ചെറുപ്പത്തിലേ ഉണ്ടായിരുന്നു. എല്ലാ അർത്ഥത്തിലും ഞാൻ ഗുരു സ്വാമിയാകാൻ യോഗ്യനാണ്. ഞാൻ തന്നെയായിരുന്നു രഹനക്ക് ഗുരു സ്വാമി. ആചാര പ്രകാരം തന്നെയായിരുന്നു കെട്ട് നിറച്ചത്.

നാൽപത്തിയൊന്ന് ദിവസത്തെ വ്രതത്തെക്കുറിച്ച് നിങ്ങൾ രഹനക്ക് പറഞ്ഞു കൊടുത്തില്ലേ?
ആദ്യം ശബരിമല വർഷത്തിൽ ഒരിക്കൽ ആണ് തുറന്നിരുന്നത്. അത് വൃശ്ചികം ഒന്ന് മുതൽ മകര വിളക്ക് വരെയായിരുന്നു ഉണ്ടായിരുന്നത്. ആ സമയങ്ങളിൽ പതിനെട്ട് പടി ചവിട്ടി മല കയറണമെങ്കിൽ കുറച്ചു ചിട്ടകളൊക്കെയുണ്ട്. നിങ്ങൾ പറഞ്ഞത് പോലെ നാല്പത്തൊന്നു ദിവസം ശുദ്ധിയോടെ വ്രതം എടുക്കണം. മറ്റു സമയങ്ങളിൽ പുറകിലൂടെ സന്നിധാനത്ത് എത്താൻ മൂന്നു ദിവസം വ്രതം എടുത്താൽ മതിയാകും. അത് കൊണ്ടാണ് ഐ ജി ശ്രീജിത്‌ സാറിന് ടി ഷർട് ധരിച്ചു കൊണ്ടും രാഹുൽ ഈശ്വറിന് ക്ലീൻ ഷേവ് ചെയ്തും സന്നിധാനത്ത് എത്താനാകുന്നത്.

രഹന ഒരു മുസ്ലിം സ്ത്രീയല്ല എന്ന് നിങ്ങള്‍ പറയുന്നു. എന്നാൽ രഹന മുസ്ലിം ആണെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. പ്രവേശനം നിഷേധിക്കപ്പെട്ട  മഞ്ജു അടക്കമുള്ള സ്ത്രീകൾ ഒക്കെ ഹിന്ദുക്കൾ അല്ലെന്നു വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. നിങ്ങളുടെ അഭിപ്രായത്തിൽ ഹിന്ദുവല്ലാത്ത ഒരാൾക്ക് അയ്യപ്പ ഭക്ത/ഭക്തൻ ആകുകയോ ശബരിമലയിൽ പോകുകയോ ആകാമോ?
നിങ്ങൾ ഒരു കാര്യം മനസിലാക്കണം. ശബരിമല ഒരു മതേതര ആരാധനാലയമാണ്. എല്ലാ മനുഷ്യർക്കും അവിടെ പോകാം. അവിടെ എഴുതി വെച്ചിരിക്കുന്നത് തത്വമസി എന്നാണ് സാധാരണ ക്ഷേത്രങ്ങളിൽ നിന്നും വേറിട്ട ആത്മീയതയുടെ മറ്റൊരു തലമാണത്. കറുത്ത പർദ്ദയിട്ട ഒരു മുസ്ലിം സ്ത്രീയാണെങ്കിൽ കൂടി ആ സന്നിധിയിൽ പോകാൻ ആഗ്രഹിച്ചാൽ പോകാൻ ആകണം എന്നു തന്നെയാണെന്റെ അഭിപ്രായം. മറ്റൊന്ന് പ്രവേശനം നിഷേധിക്കപ്പെട്ടവരുടെ മതം ദേവസ്വം ബോർഡോ തന്ത്രിയോ പന്തളം കുടുംബമോ ഒന്നും പ്രശ്നമാക്കുന്നില്ലെന്നത് ശ്രദ്ധിക്കണം. ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിൽ ഇരുന്നു അവർക്കത് പറയാനാകില്ല.


Read More Related Articles