ശബരിമല കവറേജിൽ മീഡിയ ഉത്തരവാദിത്തം കാട്ടുക, മതഭ്രാന്തിനെ നിരുത്സാഹപ്പെടുത്തുക; വനിതാ മാധ്യമപ്രവർത്തകരുടെ ദേശീയ കൂട്ടായ്മ

By on

കേരളത്തില്‍ ശബരിമല കവറേജില്‍ മാധ്യമങ്ങള്‍ അതീവ ശ്രദ്ധയും കരുതലും സംയമനവും പാലിക്കണമെന്ന് നെറ്റ് വര്‍ക്ക് ഒാഫ് വിമെന്‍ ഇന്‍ മീഡിയയുടെ പ്രസ്താവന. ശബരിമലയെ ഉപയോഗിച്ച് സംഘപരിവാര്‍ സംഘടനകള്‍ സാമൂഹ്യ ധ്രുവീകരണം നടത്തുമ്പോള്‍ സമചിത്തതയോടെ മാധ്യമങ്ങള്‍ അതിനെ നേരിടണമെന്നും ശബരിമല കയറുന്ന യുവതികളുടെ എെഡന്‍റിറ്റി അവരുടെ അനുവാദമില്ലാതെ വെളിപ്പെടുത്തരുതെന്നും പ്രസ്താവനയില്‍ പറയുന്നു.

ശബരിമലയില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിട്ടുണ്ട് എന്‍ഡബ്ല്യുഎംഎെ.

“കേരളത്തിൽ വർഗ്ഗീയ പിരിമുറുക്കം ഉയർത്തുന്ന വിധത്തിലുള്ള സ്തോഭജനകമായ റിപ്പോർട്ടിങ്ങിൽ നിന്ന് വിട്ടു നിൽക്കണമെന്ന് എല്ലാ മാധ്യമങ്ങളെയും ജാഗ്രതപ്പെടുത്തുന്നു.

അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെട്ട്, ബോധപൂർവ്വം നിയമവാഴ്ച കീഴ്‌മേൽ മറിക്കാനാണ് സംഘപരിവാർ സംഘടനകൾ ശ്രമിക്കുന്നത് എന്നത് വ്യക്തമാവുകയാണ്. ഇത്തരത്തിൽ, ഭിന്നിപ്പിക്കുന്ന ഭാഷ്യങ്ങൾക്ക് വശംവദരാവാതെ , വിവേകപൂർവ്വം റിപ്പോർട്ട് ചെയ്യാനുള്ള കടമ മാധ്യമങ്ങൾക്കുണ്ട്.

മുമ്പെങ്ങും ഇല്ലാത്ത വിധത്തിലുള്ള സാമൂഹികധ്രുവീകരണത്തിലൂടെ കേരളം കടന്നുപോവുകയാണ് . ഈ സാഹചര്യം എത്രത്തോളം ഗുരുതരമാണ് എന്ന് മാധ്യമങ്ങൾ സമചിത്തതയോടെ വിലയിരുത്തേണ്ടതുണ്ട്. നിയമവാഴ്ചയുള്ള ദേശത്തല്ലേ സ്വതന്ത്രമാധ്യമപ്രവർത്തനത്തിന് നിലനിൽപ്പുള്ളൂ ! സംസ്ഥാനത്ത് ജനങ്ങൾക്കിടയിൽ പരസ്പരവിശ്വാസം താറുമാറായിക്കൊണ്ടിരിയ്ക്കുന്ന അവസ്ഥയിൽ , പക്ഷപാതമില്ലാതെ റിപ്പോർട്ട് ചെയ്യാനുള്ള നമ്മുടെ ദൗത്യം കൂടുതൽ ദുഷ്കരമാവുന്നുണ്ട്.

അതേസമയം, വാർത്ത ബാലൻസ് ചെയ്യാനായി എന്ന പേരിൽ , സാമൂഹ്യഭിന്നിപ്പിന് ശ്രമിയ്ക്കുന്ന പലരുടെയും നാടകീയമായ ബൈറ്റുകൾ വാർത്തയിലേയ്ക്കും, എന്തിന് ലൈവ് ടെലികാസ്റ്റിലേയ്ക്കും വരെ കയറിച്ചെന്ന് അവർക്ക് വളം വച്ച് കൊടുക്കുന്നുണ്ട് . ഇതുകൊണ്ട് , താത്കാലികമായി റേറ്റിങ് ഒന്ന് ഉയർന്നേക്കാം . പക്ഷെ, ഞങ്ങളെ ഏറെ ഉൽക്കണ്ഠപ്പെടുത്തുന്നത്, ഇതോടൊപ്പം, വിശ്വാസ്യത എന്ന നമ്മുടെ ഏറ്റവും അമൂല്യമായ ആസ്തി നഷ്ടമാവുന്നതാണ്‌.

ശബരിമലയിലെ ഓരോ പുതിയ നീക്കവും ഏറെ സമയവും അദ്ധ്വാനവും ചെലവഴിച്ച് ഡോക്യുമെന്റ് ചെയ്യേണ്ടതാണ് എന്ന കാര്യത്തിൽ സംശയമില്ല. എങ്കിലും ലൈവ് കവറേജിൽ കൂടുതൽ സംയമനം പാലിയ് ക്കേണ്ടതുണ്ട് .

മല കയറാൻ തീരുമാനിച്ചെത്തിയ യുവതികളുടെ ഐഡൻറ്റിറ്റി , അവർക്കു പൂർണ്ണമായ സമ്മതമില്ലെങ്കിൽ , മുൻകൂറോ തത്സമയമോ വെളിപ്പെടുത്താതിയ്ക്കുന്നതാണ് ഔചിത്യം. യുവതികൾ മല കയറുന്നുണ്ടെങ്കിൽ, അതിന്റെ വിവരങ്ങൾ ഉടനടി പ്രക്ഷേപണം ചെയ്യുകയോ , തത്സമയ കവറേജ് കൊടുക്കുകയോ ചെയ്യാനുള്ള ഉദ്വേഗത്തിൽ നിന്ന്, സംയമനത്തോടെ  വിട്ടു നിൽക്കണം എന്ന് ചാനലുകളോട് ഞങ്ങൾ അഭ്യർത്ഥിയ്ക്കുന്നു. ആ യുവതികൾ സുരക്ഷിതരാണ് എന്ന് ഉറപ്പു വരുത്തിയിട്ട് , പിന്നീട് , ഡെഫേർഡ് ലൈവ് ആയി ടെലികാസ്റ് ചെയ്യാമല്ലൊ.

വാർത്താവിതരണരംഗത്തുള്ളവരെ സംബന്ധിച്ചിടത്തോളം ഇതൊരു പരീക്ഷണഘട്ടമാണ്. മാധ്യമസ്ഥാപനങ്ങളിൽ നിർണ്ണായക തീരുമാനങ്ങളെടുക്കുന്നവർ, പ്രസിദ്ധീകരണത്തിന് മുമ്പ്  ഓരോ വാർത്താശകലത്തെയും മുമ്പെന്നത്തെക്കാളും സശ്രദ്ധം വിലയിരുത്തേണ്ട കാലമാണിതെന്നു ഞങ്ങൾ ഓർമ്മപ്പെടുത്തുന്നു .

നെറ്റ് വർക്ക് ഓഫ് വിമൻ ഇൻ മീഡിയ, ഇന്ത്യ.”


Read More Related Articles