9 വർഷത്തെ തടവിന് ശേഷം നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ചിട്ടും പൊലീസ് വിടാതെ പിന്തുടരുന്നുവെന്ന് അബ്ദുല്‍ വാഹിദ് ഷെയ്ഖ്; സാമൂഹ്യ പ്രവർത്തനത്തെപ്പറ്റി വീട്ടിലെത്തി ചോദ്യം ചെയ്യൽ

By on

2006ലെ മുംബെെ ട്രെയ്ൻ സ്ഫോടന പരമ്പര കേസിൽ ഒമ്പത് വർഷം തടവനുഭവിച്ച് വിചാരണ കോടതി കുറ്റവിമുക്തനാക്കിയ അധ്യാപകൻ അബ്ദുൽ വാ​ഹിദ് ഷെയ്ഖിനെ വിടാതെ പിന്തുടര്‍ന്ന് പൊലീസ്. 22ാം തീയ്യതി ഘട്കോപാർ പൊലീസ് തന്റെ വീട്ടിലെത്തി ചോദ്യം ചെയ്യുകയായിരുന്നു എന്ന് വാഹിദ് ഷെയ്ഖ് പറയുന്നു. നിയമപഠനം പൂർത്തിയാക്കിയ സാഹചര്യത്തിൽ തന്റെ സാമൂഹ്യ ഇടപെടലുകളെപ്പറ്റിയാണ് പൊലീസ് ചോദ്യം ചെയ്തതെന്ന് ഷെയ്ഖ് പറഞ്ഞു. അവ്ഹാദ്, ശിവാജി ഹവൽദാർ എന്നീ പൊലീസ് ഉദ്യോ​ഗ​സ്ഥരാണ് വാഹിദ് ഷെയ്ഖിനെ ചോദ്യം ചെയ്യാൻ വീട്ടിൽ അതിക്രമിച്ചെത്തിയത്. ഇവർക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് മുംബെെ പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.

ഒമ്പത് വർഷം തടവിൽ കഴിയേണ്ടി വന്ന, കെട്ടിച്ചമച്ച കേസിൽ പ്രതിചേർക്കപ്പെട്ടതാണ് വാഹിദ് ഷെയ്ഖ്. തനിക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട യുവാക്കളും നിരപരാധികളാണ് എന്നു പുറം ലോകത്തെ അറിയിക്കുകയും അവരുടെ മോചനത്തിന് വേണ്ടിയുള്ള സഹായങ്ങൾ ചെയ്യുകയുമാണ് വാഹിദ് ഷെയ്ഖ്.

കഴിഞ്ഞയാഴ്ച നിയമ പഠനം പൂർത്തിയാക്കി ബിരുദ സർട്ടിഫിക്കറ്റ് സ്വീകരിച്ച വാഹിദ് ഷെയ്ഖിന്റെ സാമൂഹ്യ ഇടപെടലുകളെപ്പറ്റി ചോദ്യം ചെയ്യുകയായിരുന്നു പൊലീസ്. പ്രായമായ ഉമ്മയും ഭാര്യയും കുഞ്ഞുങ്ങളും പൊലീസിന്റെ അതിക്രമിച്ചുള്ള വരവിൽ ഞെട്ടുകയും അസ്വസ്ഥരാകുകയും ചെയ്തു എന്ന് അബ്ദുൽ വാഹിദ് ഷെയ്ഖ് കീബോർഡ് ജേണലിനോട് പറഞ്ഞു. ഭീഷണിയുടെ സ്വരത്തിലാണ് അവർ വന്ന് സംസാരിച്ചത്. ജയിൽ മോചിതനായ ശേഷവും പൊലീസ് തന്നെ ശല്യപ്പെടുത്താറുണ്ടെന്നും പല വ്യത്യസ്ത ബ്രാഞ്ചുകളിൽ നിന്നുള്ളവരാണ് എത്താറുള്ളത് എന്നും വാഹിദ് ഷെയ്ഖ് പറഞ്ഞു.

“ഞാൻ അധ്യാപക ജോലി തന്നെയാണോ ചെയ്യുന്നത്? ജോലി രാജിവെച്ച് അഭിഭാഷകനാകാൻ പരിശീലനം തുടങ്ങിയോ എന്നൊക്കെയായിരുന്നു അവർക്ക് അറിയേണ്ടത്. സിമി നിരോധനം പുതുക്കിയതിനെ പറ്റി എന്താണ് അഭിപ്രായം എന്നും പൊലീസ് ചോദിച്ചു.” തനിക്ക് ആ സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന് താൻ കോടതിയെ നേരത്തെ അറിയിച്ചിട്ടുണ്ട് എന്ന് ഷെയ്ഖ് മറുപടി നൽകി. തന്നെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് കുടുംബത്തിന് ഭയമുണ്ടെന്നു വാഹിദ് ഷെയ്ഖ് മുംബെെ പൊലീസ് കമ്മീഷണർക്ക് പരാതിയിൽ വ്യക്തമാക്കി.

ജയിൽ മോചനത്തിന് ശേഷം അധ്യാപനത്തിനൊപ്പം നിരപരാധികളായ മുസ്ലിം യുവാക്കളെ തീവ്രവാദ കേസുകളിൽ പെടുത്തി അറസ്റ്റ് ചെയ്യുന്ന കേസുകൾക്കെതിരെ ശക്തമായ ഇടപെടലുകൾ നടത്തിവരികയാണ് വാഹിദ് ഷെയ്ഖ്. ജയിലിൽ കഴിയുമ്പോൾ എഴുതിത്തുടങ്ങിയ നിരപരാധിയായ തടവുകാരൻ എന്ന പുസ്തകം സഹ തടവുകാർ നിരപരാധികളാണ് എന്ന് തെളിയിക്കാനുള്ള ഉപകരണമായിട്ടാണ് താൻ കാണുന്നതെന്ന് 2018ൽ വാ​ഹിദ് ഷെയ്ഖ് പറഞ്ഞിരുന്നു. ഇത്തരം കേസുകളിൽ പെടുന്ന യുവാക്കൾക്കുള്ള നിയമ സഹായത്തിനായി ഇന്നസെൻസ് ലോ നെറ്റ്വർക്ക് എന്ന സംഘടനയ്ക്കും വാഹിദ് ഷെയ്ഖ് രൂപംനൽകിയിട്ടുണ്ട്.

അധ്യാപക ജോലിയിൽ നിന്ന് വിരമിച്ച ശേഷം മുഴുവൻ സമയ അഭിഭാഷകനായി ജോലിചെയ്യാനാണ് അബ്ദുൽ വാ​ഹിദ് ഷെയ്ഖ് ഒരുങ്ങുന്നത്. അതുവരെ ഇത്തരം കേസുകളിൽ ഇരകളാക്കപ്പെടുന്നവർക്ക് വേണ്ടി സൗജന്യമായ നിയമ സഹായം നൽകാനാണ് തീരുമാനം എന്ന് വാഹിദ് ഷെയ്ഖ് കീബോർഡ് ജേണലിനോട് നേരത്തേ പറഞ്ഞിരുന്നു.


Read More Related Articles