പൊലീസിനെതിരായ കവിത ഷെയർ ചെയ്ത മുഹമ്മദ് ഹനീനെതിരെ കശ്മീർ പോസ്റ്റർ കേസിൽ അന്വേഷണവുമായി പൊലിസ്
പൊലീസിനെ വിമർശിക്കുന്ന വെനസ്വേലൻ കവിതയുടെ പരിഭാഷ ഫെയ്സ്ബുക്ക‌് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതിന് പൊലീസ് ഭീഷണിപ്പെടുത്തിയ വിദ്യാർത്ഥിയ്ക്കെതിരെ അന്വേഷണം. മലപ്പുറം ഗവൺമെന്‍റ് കോളജിൽ കശ്മീർ അനുകൂല പോസ്റ്ററുകൾ പതിച്ച കേസുമായി ബന്ധപ്പെടുത്തിയാണ് കൊല്ലം മമ്മൂട് സ്വദേശിയായ മുഹമ്മദ് ഹനീനെതിരെ പൊലീസ് വീടിന്‍റെ പരിസരത്തും പഠിച്ച കോളജിലും അന്വേഷണവുമായി പൊലീസ് എത്തിയത്.
ബന്ധുക്കളുടെയും അയൽക്കാരുടെയും വീടുകളിലെല്ലാം കയറിയിറങ്ങി പൊലീസ് ഇന്നലെ അവരുടെ ഫോൺ നമ്പറുകളും വിലാസവും ശേഖരിക്കുകയായിരുന്നു. എന്നാൽ ഹനീന്‍റെ വീട്ടിൽ പൊലീസ് പോയിട്ടില്ല. തങ്ങളുടെ വീട്ടിൽ പൊലീസ് എത്തി ചോദ്യം ചെയ്യുന്ന കാര്യം ഹനീന്‍റെ വീട്ടിലെത്തി അയൽക്കാർ രക്ഷിതാക്കളെ അറിയിക്കുകയും എന്താണ് കാര്യമെന്ന് അന്വേഷിക്കുകയും ചെയ്യുകയാണെന്നും വല്ലാത്ത ഭീതിയുണ്ടാക്കിയ അവസ്ഥയാണിതെന്നും ഹനീൻ കീബോർഡ് ജേണലിനോട് പറഞ്ഞു.
എസ്എഫ്ഐ കുണ്ടറ ഏരിയ കമ്മറ്റിയംഗവും ബേബി ജോൺ മെമ്മോറിയൽ കോളജിലെ എസ്എഫ്ഐ മുൻ യൂണിറ്റ് പ്രസിഡന്റുമാണ് മുഹമ്മദ് ഹനീം. മലപ്പുറം പോസ്റ്റർ കേസിലെ വിദ്യാർത്ഥികൾക്ക് കോടതി ജാമ്യം അനുവദിച്ചതിന് തൊട്ട് പിന്നാലെയാണ് സംഭവം. സംഭവത്തെക്കുറിച്ച് ഹനീൻ പറയുന്നത് ഇങ്ങനെ,
”ഓരോ വീട്ടിൽ പോവുക, ബന്ധുക്കളെ ചോദ്യം ചെയ്യുക, അവരുടെ നമ്പർ, അഡ്രസ്, വീട്ട് നമ്പർ ഇതൊക്കെ നിർബന്ധിച്ച് വാങ്ങി. വീട്ടിൽ ചോദിക്കട്ടെ എന്ന് ചോദിച്ചപ്പോൾ ചോദിക്കണ്ട എന്നാണ് പറയുന്നത്. അഡ്രസ് വെരിഫിക്കേഷൻ എന്ന് പറഞ്ഞാണ് അഡ്രസൊക്കെ വാങ്ങിയത്. ‘അവന് വല്ല സംഘടനകളുമായി ബന്ധമുണ്ടോ, ക്രിമിനൽ കുറ്റം വല്ലതും ഉണ്ടോ, ക്രിമിനൽ ആണോ’ എന്ന രീതിയിലായിരുന്നു ചോദ്യം ചെയ്യൽ. എന്‍റെ കൊളേജിൽ പോയി അഡ്മിഷന്‍റെ വിവരങ്ങൾ വാങ്ങിച്ച് പോവുകയും ചെയ്തു. കൊളജിലെ അധ്യാപകരോടും വിദ്യാർത്ഥികളോടും ഒക്കെ മോശമായിട്ടാണ് സംസാരിച്ചത്. അവരോടൊക്കെ പറഞ്ഞത് മലപ്പുറത്തുള്ള ആ പയ്യന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇത് എന്നാണ്. മലപ്പുറത്തെ ലോക്കൽ പൊലീസ് ആണെന്നാണ് പറഞ്ഞത്. നാട്ടിൽ കുറച്ച് പേർ ഐബി ആണ് വന്നത് എന്നും പറയുന്നുണ്ട്. പൊലീസിനെതിരെയുള്ള കവിത ഷെയർ ചെയ്ത ശേഷം ഉണ്ടായ ഭീഷണികൾക്കെതിരെ പരാതി കൊടുത്തിരുന്നെങ്കിലും ആ പരാതിയിൽ നടപടിയൊന്നും ഉണ്ടായിട്ടില്ല ഇതുവരെ. അതുവെച്ച് മനപൂർവ്വം ചെയ്യുകയാണ് ഇത്. നമ്മൾ ഭരണകൂടത്തിന്‍റെ കണ്ണിലെ കരടാണ് എന്ന രീതിയിൽ ചിത്രീകരിക്കുകയാണ്.
കശ്മീരിന്‍റെ സ്വയംനിർണയാവകാശത്തെപ്പറ്റി ന്യൂസ്പോർട്ടിലും അഴിമുഖത്തിലും വന്ന ലേഖനങ്ങൾ ഞാൻ റീപോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിന് സംഘികൾ വന്ന് ഇത് എൻഐഎയെ അറിയിക്കുകയാണ് എന്നൊക്കെ കമന്റ് ഇടുകയുണ്ടായി. അത് അറിയിച്ചതിന്‍റെ സ്ക്രീൻ ഷോട്ടുകൾ അയക്കുകയും ചെയ്തിട്ടുണ്ട്. പ്രശ്നക്കാരനാണ് എന്ന അന്തരീക്ഷം നാട്ടിൽ സൃഷ്ടിച്ച് ആ രീതിയിലുള്ള അന്വേഷണം നടത്തുകയാണ് ഉണ്ടായത്. ഇതിന് മുമ്പ് ‘വീ ലവ് സിപിഎം’ എന്നൊരു പേജിൽ ജവാന്മാർ കൊല്ലപ്പെട്ടപ്പോൾ കശ്മീരിലെ പട്ടാളം അത്ര നല്ലതല്ല എന്നൊരു കമന്‍റ് ഇട്ടിരുന്നു. അതിന്‍റെ പേരിൽ ആർഎസ്എസുകാരിൽ നിന്നും ദിവസം ഇരുനൂറോളം ഫോൺകോളുകൾ ആണ് വന്നുകൊണ്ടിരുന്നത്. ഇന്ത്യൻ നമ്പറുകളിൽ നിന്നും ഉണ്ടായിരുന്നു, ഗൾഫ് നമ്പറുകളിൽ നിന്നും ഒരുപാട് കോളുകൾ ഉണ്ടായിരുന്നു. ഒരു പോസ്റ്റിൽ എന്റെ ഒരു ടീച്ചർ എനിക്ക് അനുകൂലമായി കമന്റ് ഇട്ടിരുന്നു. ആ ടീച്ചറിനെ പോലും വെർബൽ റേപ് ചെയ്യുകയായിരുന്നു.
വീട്ടിലൊക്കെ വലിയ സീനാണ്, നാട്ടുകാരൊക്കെ ‘എന്താണ്, എന്താണ് ഇങ്ങനെ’ എന്ന് ചോദിക്കുകയാണ്.
വീടൊഴിച്ച് ബാക്കിയുള്ള മുഴുവൻ ഇടങ്ങളിലും ഞാനിടപെടുന്ന മുഴുവൻ ഇടങ്ങളിലും അവരീ പ്രചരണം നടത്തുന്നുണ്ട്, തെറ്റുകാരൻ ആണ് എന്ന രീതിയിൽ. പൊലീസുകാർ ഇതൊക്കെ വന്ന് പറയുമ്പോൾ നാട്ടിലുള്ളവർക്ക് ഇത് പറഞ്ഞുകൊടുത്താലും മനസ്സിലാവില്ല. പ്രത്യേകിച്ച് മലപ്പുറത്തുനിന്ന് വന്ന് അന്വേഷിക്കുന്നു എന്ന് പറയുമ്പോൾ. കൊല്ലം മമ്മൂട് ആണ് വീട്. വാർഡ് നമ്പർ ഒക്കെ ബലം പ്രയോഗിച്ചാണ് വാങ്ങിച്ചത്. അവരും ഇതിന്റെ പുറകേ നടക്കേണ്ടിവരും എന്നുള്ള ഭയത്തിന്റെ പേരിൽ സ്ത്രീകളടക്കം രാവിലെ മുതൽ വീട്ടിൽ വന്ന് നിൽക്കുകയാണ്. ഇന്ന് വെെകിട്ട് മുഖ്യമന്ത്രിക്ക് പരാതി കൊടുക്കാൻ ഇരിക്കുകയാണ്. ആർഎസ്എസ് അജണ്ടയ്ക്ക് അനുസൃതമായാണ് നമ്മുടെ പൊലീസ് സംവിധാനം പ്രവർത്തിക്കുന്നത്. എനിക്ക് ഭരണഘടനാപരമായി യോജിക്കാനും വിയോജിക്കാനും അവകാശമുണ്ട്, നിങ്ങൾ യോജിച്ചോളൂ ഞങ്ങളിവിടെ മാറിനിന്ന് വിയോജിച്ചോളാം എന്ന് പറയുമ്പോഴും അവർ സങ്കുചിത ദേശ താൽപര്യങ്ങളുമായി മുന്നോട്ട് പോകുകയാണ്. ആ അടിസ്ഥാനത്തിലാണ് പൊലീസും പട്ടാളവും പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് കേരളത്തിലുള്ള നമ്മൾക്ക് ഈ അവസ്ഥയുണ്ടായത്. ഉത്തർപ്രദേശിലോ ഗുജറാത്തിലോ ആണെങ്കിൽ നമുക്ക് പറയാം അവിടെ ഭരിക്കുന്ന പാർട്ടി കാരണമാണെന്ന്. നിലവിൽ നമ്മുടെ നാട്ടിൽ ഏതാണ് സത്യം ഏതാണ് നുണ എന്ന കാര്യത്തിൽ വലിയ ആശങ്കയുണ്ട്. വലിയ പ്രശ്നമുണ്ട്. വീട്ടിൽ ഓരോരുത്തരായി വന്ന് അന്വേഷിച്ചുതുടങ്ങി എന്താണ് പ്രശ്നം എന്ന്. ആണുങ്ങളൊന്നും ഇല്ലാത്ത വീട്ടിലൊക്കെ പോയി എന്നെപ്പറ്റി അന്വേഷിക്കുകയായിരുന്നു. പലരും ഭയപ്പെട്ടുപോയി. പതിവില്ലാത്ത രീതിയിൽ ഒരു ചോദ്യം ചെയ്യലുണ്ടായപ്പോൾ അവരതിൽ പേടിച്ചുപോയി. രാവിലെ വീട്ടിൽ മൊത്തം ആളുകളായിരുന്നു.
സെെബർ സെല്ലിന് എന്റെ കമന്‍റിനെ പറ്റി ഒമ്പതോളം അജ്ഞാത പരാതികൾ കിട്ടിയിട്ടുണ്ട്. ഈ പരാതികൾ സ്വീകരിക്കുന്നതിന്റെ മാനദണ്ഡം എന്താണ്? ആ മാനദണ്ഡം ഭരണഘടനയല്ല മനുസ്മൃതിയാണ് എന്നാണ് എനിക്ക് തോന്നുന്നത്, പരാതി സ്വീകരിച്ച് എന്നെ വിളിപ്പിച്ചിരുന്നു. ആ കേസ് ഒഴിവായതാണ്”. ഹനീനെതിരായി പൊലീസ് സൈബറാക്രമണം നടത്തിയന്ന ആരോപണവുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ ലിങ്ക് ചുവടെ,
വെനസ്വേലൻ കവി മിഗുവെൽ ജെയിംസിന്‍റെ ‘പൊലീസിനെതിരെ’ എന്ന കവിത ഹനീൻ കഴിഞ്ഞ വർഷം ഒക്റ്റോബർ 15 ന് തന്‍റെ എഫ്ബി വോളിൽ പ്രസിദ്ധീകരിച്ചിരുന്നു. പോസ്റ്റ് ഇട്ടശേഷം മോശം കമന്‍റുകള്‍ ഇടുന്നത് കൂടാതെ, ഫോണിൽ വിളിച്ച് കള്ളക്കേസിൽ കുടുക്കും എന്നും പൊലീസുകാർ ഭീഷണി മുഴക്കി എന്ന് ഹനീം പറഞ്ഞിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ എന്ന് എഫ് ബി പ്രൊഫൈലിൽ വ്യക്തമാക്കിയിട്ടുള്ളവർ ഹനീമിന്‍റെ മെസഞ്ജറിൽ ഭീഷണി സന്ദേശങ്ങളും അയച്ചിരുന്നു.