രഹന ഫാത്തിമയുടെ കസ്റ്റഡിക്കായി പൊലീസ് ജില്ലാ കോടതിയിലേക്ക്; രഹനയുടെ ജാമ്യാപേക്ഷ പരിഗണിക്കൽ മാറ്റിവച്ചു
സുപ്രീം കോടതിയുടെ വിധിയേ തുടർന്ന് ശബരിമലപ്രവേശനത്തിന് ശ്രമിച്ചതിന് ശേഷം അറസ്റ്റിലായ സാമൂഹിക പ്രവർത്തക രഹന ഫാത്തിമയുടെ ജാമ്യാപേക്ഷ ഇന്ന് സിജെഎം കോടതി പരിഗണിച്ചില്ല.ഇന്നലെ രഹനയെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടു നൽകാൻ പോലീസ് അപേക്ഷ നൽകിയിരുന്നു.ഈ അപേക്ഷ തള്ളിയ സിജെഎം കോടതി ജയിലിൽ എത്തി രണ്ടു മണിക്കൂർ രഹനയെ ചോദ്യം ചെയ്യാൻ പോലീസിനെ അനുവദിച്ചു.ഇതു പ്രകാരം ജെയിലിലെത്തി പോലീസ് രഹനയെ രണ്ട് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. എന്നാൽ കൂടുതൽ അന്വേഷണങ്ങൾക്കായി രഹനയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് പോലീസ് ഇന്ന് രാവിലെ പത്തനംതിട്ട ജില്ലാ കോടതിയിൽ അപേക്ഷ കൊടുത്തു. ഈ അപേക്ഷ മേൽകോടതിയിൽ നിലനിൽക്കുന്നതിനാൽ സിജെഎം കോടതിക്ക് രഹനയുടെ ജാമ്യാപേക്ഷ പരിഗണിക്കാനാകില്ല. പോലീസിന്റെ കസ്റ്റഡി അപേക്ഷയിൽ ജില്ലാ കോടതി തിങ്കളാഴ്ച തീരുമാനമെടുക്കും . അതിനു ശേഷം ജാമ്യത്തിനായി മുന്നോട്ട് പോകാനാകുമെന്ന് രഹനയുടെ വക്കീൽ അറിയിച്ചു.
ബി.രാധാകൃഷ്ണൻ മേനോൻ എന്ന ആൾ കൊടുത്ത പരാതിയിൽ ആണ് പത്തനംതിട്ട പോലീസ് കേസെടുത്തത്. തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ള വിവിധ മഹാദേവ ക്ഷേത്രങ്ങളുടെ ഏകോപനസമിതിയുടെ പ്രസിഡന്റും, പഞ്ച ദിവ്യ ദേശ ദർശൻ പ്രോജക്ടിന്റെ കൺവീനറുമാണ് ബി.രാധാകൃഷ്ണൻ മേനോൻ . പരാതിയിൽ പറയുന്നത് ഇങ്ങനെ ‘അയ്യപ്പവിഗ്രഹത്തിന്റെ കാലുകൾക്കിടയിലൂടെ കെട്ടിയ ഒരു നാട ഒരു സ്ത്രീ കത്രിക ഉപയോഗിച്ച് മുറിക്കുന്ന ഒരു ചിത്രവും ശബരിമല തീർത്ഥാടകരുടെ വേഷം ധരിച്ചു കാമോദ്ദീപകമായ സ്വന്തം ഫോട്ടോയും തന്റെ പേരിലുള്ള ഫേസ്‌ബുക് അക്കൗണ്ടിലൂടെ രഹന പോസ്റ്റ് ചെയ്തിരുന്നു. ഇത് തങ്ങളുടെ മതവിശ്വാസത്തെ മുറിവേൽപ്പിക്കുന്നു’ . കേരളത്തിലുടനീളം നടന്നു വരുന്ന സംസ്കാര വിരുദ്ധ പ്രവർത്തനങ്ങളിൽ നിത്യ സാന്നിധ്യമാണ് രഹന. ‘അന്യമത വിശ്വാസിയായ രഹന ശബരിമലയിൽ കയറാൻ ശ്രമിച്ചത് നാട്ടിൽ കലാപമുണ്ടാക്കാനുള്ള നഗര മാവോയിസ്റ്റുകളുടെ അജണ്ടയുടെ ഭാഗമായിട്ടാണെന്ന് സംശയിക്കുന്നതായും’, അന്വേഷണം വേണമെന്നും പരാതിയിൽ പറയുന്നു. ഈ പരാതിയെ തുടർന്നാണ് പത്തനംതിട്ട പോലീസ് രഹനയ്ക്കെതിരെ മതവികാരം വ്രണപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ശിക്ഷാ നിയമം 295 A വകുപ്പ് പ്രകാരം കേസെടുത്തത്. രഹ്നയുടെ മുൻകൂർ ജാമ്യാപേക്ഷ നിരസിച്ച ഹൈകോടതി 295 A വകുപ്പ് പ്രകാരം ശിക്ഷിക്കപ്പെടാവുന്ന കുറ്റം നിലനിൽക്കുമെന്ന് കണ്ടെത്തുകയും അന്വേഷണത്തിനായി രഹനയെ 14 ദിവസം റിമാൻഡ് ചെയ്യാൻ ഉത്തരവിടുകയും ചെയ്തു. തുടർന്നാണ് കഴിഞ്ഞ ചൊവ്വാഴ്ച രഹന ജോലിചെയ്യുന്ന എറണാകുളത്തെ ബി എസ് എൻ എൽ ഓഫീസിൽ വെച്ച് രഹന അറസ്റ്റിലായത്.
അയ്യപ്പ വിഗ്രഹത്തിന്റെ കാലുകൾക്കിടയിൽ കത്രിക ഉപയോഗിച്ച് മുറിക്കുന്ന ചിത്രവും, തുട കാണിക്കുന്ന തീർത്ഥാടക വേഷത്തിലുള്ള സ്വന്തം ചിത്രവും ഹിന്ദു മത വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ഹൈക്കോടതി വിധിയിൽ പറയുന്നു. ചിത്രകാരിയും എഴുത്ത്കാരിയുമായ ഷാരൺ റാണിയുടെ’പുള്ളിക്കാരി’ എന്ന സീരീസിലെ ഒരു ചിത്രമാണ് രഹന ഫേസ്‌ബുക്കിൽ ഇട്ടത്. രഹനയുടെ അറസ്റ്റിനെ തുടർന്ന് പോലീസ് അന്വേഷണം അവസാനിക്കുന്നത് വരെ രഹനയെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുന്നതായി ബി എസ് എൻ എൽ കേരള അറിയിച്ചു.
‘ഒരു സ്ത്രീയുടെ കാലു കാണിക്കുമ്പോൾ മാത്രം എങ്ങനെയാണ് മതവികാരം വ്രണപ്പെടുക. അതുകൊണ്ട് മതത്തെ അപമാനിച്ചു എന്ന് പറയുന്നവരാണ് മതവിശ്വാസത്തെ അപമാനിച്ചത് ‘ എന്നാണ് രഹനയുടെ ഭർത്താവ് മനോജ് പ്രതികരിച്ചത്. ഈ വിവാദം ഉണ്ടായപ്പോൾ രഹ്ന വർഗീയവാദികളുടെ ഏജന്റ് ആണെന്ന് സിപിഎം അനുഭാവികൾ ഫേസ്ബൂക്കിലൂടെ പ്രചരിപ്പിക്കുകയാണ്. എന്നാൽ കഴിഞ്ഞ 13 വർഷമായി രഹ്ന ഇടത് തൊഴിലാളി സംഘടനയിലാണ് പ്രവർത്തിക്കുന്നത്’ മനോജ് കൂട്ടി ചേർത്തു.
‘മേൽക്കോടതിയിൽ പോലീസ് അപേക്ഷ നിലനിൽക്കുന്നതിനാൽ തിങ്കളാഴ്ചക്ക് ശേഷമേ ജാമ്യത്തിനായി ശ്രമിക്കാനാകൂ. രഹനയുടെ മറ്റു രാഷ്ട്രീയങ്ങൾ അറിയില്ല. രാഷ്ട്രീയത്തിന്റെ പേരിലല്ല ജോലിയുടെ ഭാഗമായിട്ടാണ് കേസ് ഏറ്റെടുത്തത്.’ രഹ്നയുടെ അഭിഭാഷകൻ അഡ്വ: അരുൺ ദാസ് അറിയിച്ചു. എന്നാൽ ഒരു അഭിഭാഷകൻ എന്ന നിലയിൽ സുപ്രീം കോടതിവിധിയെ മാത്രമേ താൻ പരിഗണിക്കുന്നുള്ളു എന്നും അദ്ദേഹം കൂട്ടി ചേർത്തു.