ഡോ.കഫീല്‍ ഖാന്‍റെ വീട്ടില്‍ പൊലീസ് റെയ്ഡ്; സഹോദരനെയും കസ്റ്റഡിയിലെടുത്തു
ഡോ.കഫീല്‍ ഖാനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഗൊരഖ്പൂരിലെ ഡോക്ടറുടെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. മൂത്ത സഹോദരന്‍ അദീല്‍ അഹമ്മദ് ഖാനെയും കസ്റ്റഡിയിലെടുത്തു. രണ്ടു മണിയോടെയാണ് സംഭവം. ബിജെപി നേതാവ് കമലേഷ് പസ്വാന്റെ വധശ്രമത്തെ അതിജീവിച്ചഇളയ സഹോദരൻ കാഷിഫ് മന്‍സൂറിന് വേണ്ടിയും പൊലീസ് തിരച്ചില്‍ നടത്തി.
”അവര്‍ നമ്മുടെ വീട്ടിലേക്ക് വന്നു, നാലഞ്ചു പൊലീസുകാര്‍ യൂണിഫോമിലായിരുന്നു, നാലഞ്ചുപേര്‍ സിവില്‍ ഡ്രസ്സിലും. അവര്‍ അദീല്‍ അഹമ്മദ് ഖാനെയും കസ്റ്റഡിയിലെടുത്തു. സിആര്‍പിസി 151 ആണ് ഡോക്ടര്‍ കഫീലിന്റെ പേരില്‍ ചുമത്തിയിരിക്കുന്നത്. ഹൈക്കോടതി ഡോ. കഫീലിന് ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്നിട്ടും എന്തിനാണ് ഡോക്ടറെ അവര്‍ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത്? ഇപ്പോള്‍ അദീല്‍ ഖാനെയും കസ്റ്റഡിയിലെടുത്തിരിക്കുന്നു. കാഷിഫ് വീട്ടിലുണ്ടായിരുന്നില്ല, പക്ഷേ അവര്‍ കാഷിഫിന് വേണ്ടിയും തിരച്ചില്‍ നടത്തി. അവര്‍ ആ വീട് മുഴുവന്‍ അലങ്കോലപ്പെടുത്തി. ഇപ്പോള്‍ അവിടെ സ്ത്രീകള്‍ മാത്രമാണ് ഉള്ളത്. ഇനി അടുത്തത് എന്താണ് സംഭവിക്കുക എന്നറിയില്ല” ഡോ.കഫീലിന്റെ സഹോദരീ ഭര്‍ത്താവ് സമര്‍ ഖാന്‍ പറഞ്ഞു.