പിഎസ് ശ്രീധരൻപിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു

By on

ശബരിമലയുമായി ബന്ധപ്പെട്ട് വിവാദ പ്രസംഗം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കോഴിക്കോട് കസബ പോലീസാണ് നന്മണ്ട സ്വദേശി ഷൈബിന്റെ പരാതിയിൽ കേസെടുത്തിരിക്കുന്നത്. ജില്ലാ അഡീഷണല്‍ പ്രോസിക്യൂട്ടറുടെ നിയമോപദേശമനുസരിച്ച് 505/1ബി വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തന്ത്രിയേയും ബിജെപി പ്രവര്‍ത്തകരേയും ശ്രീധരന്‍പിള്ള കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. നമ്മള്‍ മുന്നോട്ട് വച്ച അജന്‍ഡയില്‍ എല്ലാവരും വീണുവെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി പ്ലാനാണ് ശബരിമല പ്രതിഷേധത്തില്‍ നടന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. അയ്യപ്പ ഭക്തരെ കുറ്റകൃത്യം ചെയ്യാന്‍ ശ്രീധരന്‍ പിള്ള പ്രേരിപ്പിച്ചതായി എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. യുവതികള്‍ കയറിയാല്‍ നട അടയ്ക്കുന്നത് കോടതി അലക്ഷ്യമാകില്ലെന്നും തന്ത്രി ഒറ്റയ്ക്കല്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞത് കോടതി അലക്ഷ്യത്തിന് പ്രേരിപ്പിക്കൽ ആയിരുന്നുവെന്നതും പരാതിയിൽ പറയുന്നു. പൊതുജനങ്ങളെ കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചെന്നും കലാപത്തിന് ആഹ്വാനം ചെയ്തുവെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്.


Read More Related Articles