പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ ഫീസ് വര്‍ധനവിനെതിരെ സമരം
പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ അടുത്ത അധ്യയന വർഷം മുതൽ എല്ലാ കോഴ്സുകളിലും ഏർപ്പെടുത്തിയിട്ടുള്ള ഫീസ് വർധനയ്ക്കെതിരെ വിദ്യാർത്ഥി പ്രതിഷേധം ശക്തമായി. അഡ്മിഷനുമായി ബന്ധപ്പെട്ട് പ്രോസ്പെക്ട്സ് ഇറങ്ങിയതോടെയാണ് വിദ്യാർത്ഥികൾ സമരം ശക്തമാക്കുന്നത്.
എംബിഎ അടക്കമുള്ള മാനേജ്മെന്റ് കോഴ്സുകളിൽ 125% ഫീസ് വർധന മുൻപ് വർധിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ വിവിധ വിദ്യാർത്ഥി സംഘടനകൾ ചേർന്ന് ജോയിന്റ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു. മാർച്ച് 22 വെള്ളിയാഴ്ച ജോയിന്റ് ആക്ഷൻ കമ്മിറ്റി ഫീസ് വർധന പിൻവലിക്കാനും മറ്റു അഞ്ചു ആവശ്യങ്ങളും ഉന്നയിച്ചുകൊണ്ട് യൂണിവേഴ്സിറ്റി വി സി, ഡയറക്ടർ (SEI&RR), ഡീൻ സ്കൂൾ ഓഫ് മാനേജ്മെന്റ്, സ്റ്റുഡന്റ്സ് വെൽഫെയർ ഡീൻ എന്നിവർക്ക് പരാതി നൽകി.
വർധിപ്പിച്ച എല്ലാ ഫീസുകളും പിൻവലിക്കുക. പോണ്ടിച്ചേരിയിലെ ദളിത് വിദ്യാർത്ഥികൾക്ക് ക്യാമ്പസ്സിലെ ഹോസ്റ്റലിൽ അഡ്മിഷൻ കൊടുക്കാത്ത ജാതി വിവേചനം അവസാനിപ്പിക്കുക, യൂണിവേഴ്സിറ്റി ഹോസ്റ്റലുകളിൽ അവർക്ക് അഡ്മിഷൻ കൊടുക്കുക. എക്സ്ടെർണൽ ഇവാലുവേഷൻ നടപ്പാക്കുക. റീവാലുവേഷൻ നടപടികൾ ലഘൂകരിക്കുക, പോണ്ടിച്ചേരിയിലെ വിദ്യാർത്ഥികൾക്ക് 25% സംവരണം ഏർപ്പെടുത്തുക എന്നിവയാണ് ആവശ്യങ്ങൾ. അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷൻ, എസ് ഐഓ, എംഎസ്എഫ്, എസ്എഫ്ഐ, എൻ എസ് യു ഐ, എ പി എസ് എഫ്, സ്റ്റുഡന്റ്സ് കൌൺസിൽ എന്നീ സംഘടനകളാണ് ജോയിന്റ് ആക്ഷൻ കമ്മിറ്റിയിൽ ഉള്ളത്.
തിങ്കളാഴ്ച വൈകിട്ട് ക്യാമ്പസില്‍ പ്രതിഷേധപരിപാടി പ്രഖ്യാപിച്ചിട്ടുണ്ട് ജോയിന്റ് ആക്ഷൻ കമ്മിറ്റി. അതിനു ശേഷം കൂടുതൽ സമരപരിപാടികളിലേക്ക് കടക്കുമെന്ന് സമര സമിതി അറിയിച്ചു.