ശബരിമലയിൽ ഇന്ന് മുതൽ നിരോധനാജ്ഞ; നട തിങ്കളാഴ്ച തുറക്കും
ചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജയ്ക്ക് തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് നട തുറക്കുന്നതിന് മുന്നോടിയായി സംഘർഷ സാധ്യത കണക്കിലെടുത്ത് ഇന്ന് മുതൽ നട അടയ്ക്കുന്ന ചൊവ്വാഴ്ച അർധരാത്രി വരെ ജില്ല കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലയ്ക്കല്‍, പമ്പ, ഇലവുങ്കല്‍, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രാബല്യത്തിൽ വരിക. ദര്‍ശനത്തിന് യുവതികളെത്തിയാല്‍ അവർക്കു വേണ്ട സുരക്ഷ നൽകുമെന്നും പൊലീസ് അറിയിച്ചു.
ദക്ഷിണ മേഖല എഡിജിപി അനിൽകാന്ത് ഉൾപ്പടെ മുഴുവൻ ഉദ്യോഗസ്ഥരും ശനിയാഴ്ച മുതൽ സന്നിധാനത്തും പമ്പയിലും നിലയ്ക്കലുമായി നിലയുറപ്പിക്കും. രണ്ട് ഐജിമാർ, അഞ്ച് എസ്പിമാർ, 10 ഡിവൈഎസ്പിമാർ അടക്കം 1,200 പൊലീസുകാരെയാണ് വടശേരിക്കര, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ നിയോഗിച്ചിരിക്കുന്നത്.
അഞ്ചാം തീയതി ഉച്ചയോടെ ഭക്തരെ കടത്തിവിടുമ്പോൾ നിലയ്ക്കലും പമ്പയിലും സന്നിധാനത്തും പ്രത്യേക സുരക്ഷാ പരിശോധന നടത്താനാണ് തീരുമാനം. അതേസമയം സമരം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘപരിവാർ സംഘടനകൾ.