സെക്രട്ടേറിയേറ്റിലെ സമരപ്പന്തലുകൾ രാത്രിയില്‍ പൊളിച്ചുമാറ്റി, ആറ്റുകാൽ പൊങ്കാലയ്ക്കുള്ള ഒരുക്കമെന്ന് വിശദീകരണം

By on

സെക്രട്ടേറിയേറ്റിലെ സമരപ്പന്തലുകൾ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ പൊളിച്ചുമാറ്റി, അടുത്ത ദിവസങ്ങളിൽ നടക്കാനിരിക്കുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് വേണ്ടിയാണ് സമരപ്പന്തൽ പൊളിച്ചുമാറ്റുന്നതെന്നാണ് സർക്കാർ പ്രതിനിധികൾ സമരക്കാർക്ക് നൽകിയ വിശദീകരണം.

പൊളിച്ചുമാറ്റിയ സമരപ്പന്തലില്‍ ക്വാറി വിരുദ്ധ ജനകീയ സമരമുന്നണി കണ്‍വീനര്‍ സേതു

അരിപ്പ ഭൂസമരപ്പന്തല്‍, ഐഎസ്ആർഓ ഉദ്യോ​ഗസ്ഥന്റെ ഉടമസ്ഥതയിൽ കിളിമാനൂർ തോപ്പിൽ കോളനിയിൽ പ്രവർത്തിക്കുന്ന ക്വാറിക്കെതിരെ 728 ദിവസങ്ങളായി സമരം ചെയ്യുന്ന സേതുവിന്റെ സമരപ്പന്തൽ, സഹോദരന്റെ കസ്റ്റഡി കൊലപാതകത്തിൽ ഉന്നതതല അന്വേഷണവും കുറ്റാരോപിതരായ പൊലീസുകാർക്കെതിരെ നടപടിയുമെടുക്കണമെന്നാവശ്യപ്പെട്ട് ആയിരത്തിലേറെ ദിവസങ്ങളായി സമരം ചെയ്യുന്ന ശ്രീജിത്തിന്റെ സമരപ്പന്തൽ തുടങ്ങിയ സമരങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പൊങ്കാലയുടെ പേര് പറഞ്ഞ് നൂറ്റിയമ്പതോളം പേർ പൊലീസ് അകമ്പടിയോടെ എത്തി പന്തലുകൾ പൊളിച്ചു നീക്കുകയായിരുന്നു.

ശ്രീജിത്

“ഈ സമരങ്ങളുടെ ദൃശ്യങ്ങളും പൊങ്കാലയുടെ വാർത്തയ്ക്കൊപ്പം ഇന്ത്യ മൊത്തം കാണുമല്ലോ അത് കാണാതിരിക്കാനാണ് ഇപ്പോൾ സമരപ്പന്തലുകൾ പൊളിച്ചു നീക്കം ചെയ്യുന്നത്. ആരുമില്ലാത്ത സമയത്ത് പതിനൊന്ന് മണിക്കാണ് വലിയ വാനുകളുമായി ​ഗുണ്ടകളെക്കണക്കെ ഇവർ വന്നത്, എല്ലാ പന്തലുകളും പൊളിച്ച് ബാനറുകളും എടുത്ത് വണ്ടിയിൽ കയറ്റി കൊണ്ടുപോകുകയാണ്.

രാത്രി പതിനൊന്നുമണി ആയതുകൊണ്ട് ഈ സംഭവമറിഞ്ഞ് മാധ്യമങ്ങൾ എത്താൻ സാധ്യത കുറവാണല്ലോ. എന്‍റെ പന്തൽ ആണ് ആ​ദ്യം പൊളിച്ചത് ആ സമയത്ത് ആരും ഉണ്ടായിരുന്നില്ല ഇവിടെ. പിന്നെ ശ്രീജിത്തിന്റെ സമരപ്പന്തൽ പൊളിക്കാൻ നേരത്തേക്ക് ആൾക്കാർ കൂടി. അരിപ്പ ഭൂസമരക്കാരുടെ പന്തലും പൊളിച്ചിട്ടുണ്ട്. ഇതിനുമുമ്പും ആറ്റുകാൽ പൊങ്കാല ഉണ്ടായിട്ടുണ്ട്, റിപ്പബ്ലിക് ദിനത്തിലാണ് ഒരു തവണ നടന്നത്. ആ സമയത്തൊന്നും ആരും സമരപ്പന്തൽ പൊളിച്ചിട്ടില്ല.” ക്വാറി വിരുദ്ധ ജനകീയ സമര മുന്നണി കൺവീനർ സേതു പറയുന്നു.

സെക്രട്ടേറിയേറ്റിന് തൊട്ടുമുന്നിലുള്ള കേന്ദ്ര ​ഗവണ്മെന്റ് സ്ഥാപനമായ എജിഎസ് ബിൽഡിങ്ങിനു മുന്നിലും ബാനറുകളും പോസ്റ്ററുകളും ഉണ്ടെന്നും അതൊന്നും നീക്കം ചെയ്യാത്തത് എന്താണ് എന്നും സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഷിഫിൻ ചോദിക്കുന്നു.

“സമരപ്പന്തലുകൾ നീക്കം ചെയ്യുകയായിരുന്ന ഒരാളോട് എന്തിനാണ് ഇത് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ ഞങ്ങൾക്ക് കോടതി ഉത്തരവ് കിട്ടിയിട്ടുണ്ടെന്നും അതുകൊണ്ടാണ് പാതിരാത്രി തന്നെ പന്തലുകൾ നീക്കം ചെയ്യുന്നതെന്നുമായിരുന്നു മറുപടി. സമരം ചെയ്തുകൊണ്ടിരുന്നവർ കയ്യിലെടുക്കാവുന്നതെല്ലാം എടുത്ത് സ്ഥലം ഒഴിഞ്ഞ് പോകുകയാണ്. അവിടെ എത്തിയ മാധ്യമപ്രവർത്തകരെയും സ്ഥലത്തെത്തിയവരെയും പൊലീസ് ഓടിച്ചു. പലരുടെയും ബെെക്ക് കീയും പൊലീസ് എടുത്തു,” ഷിഫിൻ പറയുന്നു.

 

 

 

 

photos and videos by Shifin.


Read More Related Articles