കൊറോണ: ഇന്ത്യയടക്കം 14 രാജ്യങ്ങളിലേക്ക് സഞ്ചരിച്ചവർക്ക് താത്കാലിക പ്രവേശന നിരോധനം ഏർപ്പെടുത്തി ഖത്തർ
കൊറോണ വൈറസ് ഭീതിയുടെ സാഹചര്യത്തിൽ ഇന്ത്യയടക്കം 14 രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവർക്ക് രാജ്യത്തേക്കുള്ള പ്രവേശനം താത്കാലികമായി നിരോധിച്ച് ഖത്തർ.
ചൈന, ഈജിപ്ത്, ഇന്ത്യ, ഇറാൻ, ഇറാഖ്, ലെബനോൻ, ബാംഗ്ലദേശ്, നേപ്പാൾ, പാകിസ്താൻ, ഫിലിപ്പീൻസ്, ദക്ഷിണ കൊറിയ, ശ്രീലങ്ക, സിറിയ, തായ്ലൻ‍് എന്നീ രാജ്യങ്ങളിലേക്ക് സഞ്ചരിച്ചവർക്കാണ് വിലക്ക്. ഇറ്റലിയിലേക്കും അവിടെ നിന്നുമുള്ള വിമാനങ്ങൾ ഖത്തർ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. ഞായറാഴ്ചയോടെ ഖത്തറിൽ മൂന്ന് പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 15 ആയി.
മാർച്ച് ഒമ്പതുമുതലാണ് യാത്രാവിലക്ക് ബാധകമാവുന്നത്. ഓൺഅറൈവൽ വിസയിൽ എത്തുന്നവർ, റെസിഡൻസ് പെർമിറ്റ് ഉള്ളവർ, വർക്ക് പെർമിറ്റ് ഉള്ളവർ, താൽക്കാലിക സന്ദർശകർ എന്നിവർക്കൊക്കെ നിരോധനം ബാധകമാണ്. യാത്രാവിലക്കിന്റെ കാര്യം ഇന്ത്യൻ എംബസിയും റ്റ്വീറ്റ് ചെയ്തിരുന്നു.