വംശഹത്യ റിപ്പോർട്ട് ചെയ്തു; മീഡിയ വണ്ണിനും ഏഷ്യനെറ്റ് ന്യൂസിനും 48 മണിക്കൂർ നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ

By on

ഡെൽഹിയിൽ മുസ്ലിങ്ങൾക്ക് നേരെ നടന്ന വംശീയ ആക്രമണങ്ങളും കൊലപാതകങ്ങളും റിപ്പോർട്ട് ചെയ്തതിന് മീഡിയ വൺ, എഷ്യനെറ്റ് ന്യൂസ് എന്നീ വാർത്താ ചാനലുകൾക്ക് 48 മണിക്കൂർ നിരോധനം ഏർപ്പെടുത്തി കേന്ദ‌്ര സർക്കാർ. ‘ഡെൽഹി പൊലീസിനെയും ആർഎസ്എസിനെയും വിമർശിച്ചു, ഹിന്ദുത്വ ആൾക്കൂട്ട ആക്രമണങ്ങളെ പക്ഷപാതപരമായി റിപ്പോർട്ട് ചെയ്തു’ എന്നീ കാരണങ്ങള്‍ കാട്ടിയാണ് വാർത്താ വിനിമയ മന്ത്രാലയം രണ്ട് സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകിയത്. വെള്ളിയാഴ്ച വൈകിട്ട് 7.30 മുതൽ ഏഷ്യനെ‌റ്റും മീഡിയ വണ്ണും ബ്ലാങ്ക് സ്ക്രീനാണ് പ്രക്ഷേപണം ചെയ്യുന്നത്. മാർച്ച് 8 ന് വൈകിട്ട് 7.30 ന് മാത്രമേ രണ്ട് ചാനലുകൾക്കും സംപ്രേക്ഷണം തുടരാനാവൂ.
‘ഒരു പ്രത്യേക സമുദായത്തിന്റെ പക്ഷം ചേരുകയും ആരാധനാലയങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ പർവ്വതീകരിച്ചു’വെന്നും ഏഷ്യനെറ്റ് കറസ്പോണ്ടന്റ് പി ആർ സുനിലിന്റെ ഒരു റിപ്പോർട്ടിനെ പരാമർശിച്ച് വാർത്താവിനിമയ വകുപ്പ് ആരോപിക്കുന്നു.

മീഡിയ വണ്ണിനെതിരെയും സമാന ആരോപണങ്ങളുന്നയിക്കുന്നതിനപ്പുറം ചാനൽ ആർഎസ്എസിനെയും ഡെൽഹി പൊലീസിനെയും വിമർശിച്ചുവെന്നും മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ‘ചാനലിന്റെ (മീഡിയ വൺ) റിപ്പോർട്ടിം​ഗ് സിഎഎ അനുകൂലികളുടെ നശീകരണ പ്രവർത്തനങ്ങളിൽ കൂടുതൽ കേന്ദ്രീകരിക്കുന്നതിനാൽ പക്ഷപാതപരമാണെന്ന് കാണുന്നു. അത് ആർ എസ് എസിനെ ചോദ്യം ചെയ്യുകയും ഡെൽഹി പൊലിസ് നിഷ്ക്രിയമാണെന്ന് ആരോപിക്കുകയും ചെയ്യുന്നു. ചാനൽ ഡെൽഹി പൊലീസിനെയും ആർ എസ് എസിനെയും വിമർശിക്കുന്നതായി കാണപ്പെടുന്നു’. ചന്ദ് ബാഘിലെ മുസ്ലം ഭൂരിപക്ഷ പ്രദേശങ്ങളിലാണ് ആക്രമണം കൂടുതലുണ്ടായതായി മീഡിയ വൺ റിപ്പോർട്ട് ചെയ്തതായി ഉത്തരവ് പറയുന്നു. വാർത്ത പ്രക്ഷേപണം ചെയ്യുന്നതിനിടെ ചാനൽ കല്ലേറിന്റെയും തീവയ്പ്പിന്റെയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടു പോവുന്നതിന്റെയും വാർത്തകൾ ചാനൽ റിപ്പോർട്ട് ചെയ്തു. എന്ന് ഉത്തരവ് പറയുന്നു. ഇത്തരത്തിലുള്ള റിപ്പോർട്ടിം​ഗ് ക്രമസമാധാന പാലനത്തിന് തടസവും അക്രമത്തിന് കാരണവുമാകുമെന്നും ഉത്തരവ് പറയുന്നു. കേബിൾ റ്റി വി ആക്റ്റിന്റെ 6(1 c), 6(1 e) എന്നീ ചട്ടങ്ങൾ പ്രകാരമാണ് ഇരു ചാനലുകൾക്കും നിരോധനം ഏർപ്പെടുത്തിയത്.


Read More Related Articles