രാഹുൽ ഈശ്വറിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ
- കjലാപത്തിന് ആഹ്വനം ചെയ്ത രാഹുൽ ഈശ്വറിനെ നിലയ്ക്കൽ ബേസ് ക്യാമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ജാമ്യമില്ല വകുപ്പുകൾ ചേർത്താണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിലവിൽ നിലയ്ക്കൽ ബേസ് ക്യാമ്പ് പൊലീസ് സ്റ്റേഷനിലാണ് രാഹുൽ ഈശ്വർ ഉള്ളത്.
അതേസമയം ശബരിമലയിലെ ക്രമസമാധാന നില പൂർണ്ണമായും തകർന്ന അവസ്ഥയിൽ തുടരുകയാണ്. വേണ്ടത്ര പൊലീസ് സന്നാഹങ്ങൾ ഇല്ലാത്തതാണ് അക്രമി സംഘങ്ങളെ നിയന്ത്രിക്കുന്നതിൽ പൊലീസ് പരാജയപ്പെടാൻ കാരണം. വനിതാ മാധ്യമ പ്രവർത്തകരെ തിരഞ്ഞു പിടിച്ചാണ് അയ്യപ്പ ഭക്തരെന്ന പേരിൽ സമരം നടത്തുന്നവർ ആക്രമണം അഴിച്ചുവിടുന്നത്. എൻഡിടിവി റിപ്പോർട്ടർ സ്നേഹ കോശിയെ അക്രമികൾ മർദ്ദിച്ചു. രാവിലെ റിപ്പബ്ലിക് ചാനൽ റിപ്പോർട്ടർക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം ആസൂത്രിതമായി മാധ്യമങ്ങളെ ആക്രമിക്കുന്ന കാഴ്ചയായിരുന്നു ഉച്ചയോടെ നിലയ്ക്കലിലും പരിസര പ്രദേശങ്ങളിലും കണ്ടത്.
റിപ്പോർട്ടർ ടിവിയുടെ വാഹനം തകർത്ത അക്രമികൾ ക്യാമറ പേഴ്സൺ ഷമീറിന്റെ കൈ തല്ലിയൊടിച്ചു. വാഹനത്തിന്റെ ഡ്രൈവറെ മർദ്ദിക്കുകയും റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്ത അക്രമി സംഘം ക്യാമറയും മൈക്കും ലാപ്ടോപ്പും ഉൾപ്പടെ വാഹനത്തിൽ ഉണ്ടായിരുന്നവയല്ലാം നശിപ്പിക്കുകയായിരുന്നു. മാതൃഭൂമി ചാനലിന്റെയും ഏഷ്യാനെറ്റ് ചാനലിന്റെയും വാഹനങ്ങളും ക്യാമറയും മറ്റും അക്രമി സംഘം തകർത്തു.
ആജ് തക് വനിതാ റിപ്പോർട്ടറെ ബസ്സിൽ നിന്ന് വലിച്ചിറക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. സിഎൻഎൻ ന്യൂസ് 18 ചാനലിന്റെ വാഹനവും അക്രമികൾ തകർത്തു. ദി ന്യൂസ് മിനിറ്റ് റിപ്പോർട്ടറേയും അക്രമി സംഘങ്ങൾ ക്രൂരമായി മർദ്ദിച്ചു. നിലവിൽ പമ്പയിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ലാത്ത അവസ്ഥയിലാണ്. പൊലീസ് മിക്ക സ്ഥലങ്ങളിലും കാഴ്ചക്കാരായി നോക്കി നിൽക്കുകയാണ്. കൂടതൽ പോലീസിനെ അടിയന്തിരമായി പമ്ബയിലും നിലയ്ക്കലിലും വിന്യസിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞിട്ടുണ്ട്. സംഘർഷാവസ്ഥ തുടരുകയാണെങ്കിൽ നിലയ്ക്കൽ, പമ്പ മേഖലകളിൽ 314 പ്രഖ്യാപിക്കാനുള്ള സാധ്യതയാണുള്ളത്.