ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം രാഹുൽ ഈശ്വർ വീണ്ടും അറസ്റ്റിൽ

By on

ശബരിമലയിൽ രക്തം വീഴ്ത്തി നട അടച്ചിടുവാൻ പദ്ധതി ഇട്ടിരുന്നെന്ന വെളിപ്പെടുത്തലിൽ രാഹുൽ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി സിറ്റി പൊലീസ് തിരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്നാണ് രാഹുലിനെ അറസ്റ്റു ചെയ്തത്. തിരുവനന്തപുരം സ്വദേശി പ്രമോദ് ഡി.ജി.പിക്ക് നൽകിയ പരാതിയിൽ വിദഗ്ദോപദേശം ലഭിച്ച പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ്​ രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്​.

എറണാകുളം പ്രസ്സ് ക്ലബ്ബിൽ ആണ് തങ്ങളുടെ പ്ലാനുകൾ രാഹുൽ ഈശ്വർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പ്ലാൻ ബി പ്രകാരം സന്നിധാനത്ത് രക്തമോ മൂത്രമോ മലമോ വീണാൽ സന്നിധാനം അശുദ്ധമാകുമെന്നും അപ്രകാരം അശുദ്ധമായാൽ തന്ത്രിക്ക് നട അടച്ചിടുവാൻ ആരുടെയും അനുവാദം ആവശ്യമില്ലെന്നും മൂന്ന് ദിവസത്തെ പരിഹാരക്രീയകൾക് ശേഷം മാത്രമേ പിന്നീട് നട തുറക്കാനാവൂ എന്നുമായിരുന്നു രാഹുൽ വെളിപ്പെടുത്തിയത്. ഇപ്രകാരം രക്തം വീഴ്ത്തുന്നതിനായി സന്നിധാനത്ത് 20 പേരോളം തയ്യാറായി നിന്നിരുന്നുവെന്നും രാഹുൽ ഈശ്വർ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് തന്‍റെ പരാമർശം തെറ്റായി വ്യാഖ്യാനിച്ചത് ആണെന്ന് രാഹുൽ വിശദീകരിച്ചു.  പൊലീസിന് ലഭിച്ച നിയമോപദേശ പ്രകാരമാണ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസ് എടുത്തത്.

മുൻപ് ശബരിമലയിൽ പ്രവേശിക്കാനെത്തിയ സ്ത്രീകളെ തടഞ്ഞതിന് രാഹുൽ ഈശ്വറിനെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജയിലിൽ നിരാഹാര സമരം നടത്തിയ രാഹുൽ ഈശ്വറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയുമായിരുന്നു.


Read More Related Articles