“ഇരട്ടനീതി നിലനിൽക്കുന്നത്രയും കാലം ഒരു നിയമത്തെയും ഉൾക്കൊള്ളാൻ കഴിയാത്തത്ര ദുരന്തത്തിലാണ് രാജ്യം നിലനിൽക്കുന്നത്”; റാസിക് റഹീം

By on

ഇരട്ടനീതി നിലനിൽക്കുന്നത്രയും കാലം ഒരു നിയമത്തെയും ഉൾക്കൊള്ളാൻ കഴിയാത്തത്ര ദുരന്തത്തിലാണ് രാജ്യം നിലനിൽക്കുന്നത് എന്ന് പാനായിക്കുളം വ്യാജ കേസില്‍ തടവനുഭവിച്ച് തെളിവുകളുടെ അഭാവത്തില്‍ കേരള ഹെെക്കോടതി കുറ്റവിമുക്തനാക്കിയ റാസിക് റഹീം. എന്‍ഐഎ കോടതി വിചാരണകളില്‍ നടക്കുന്നത് എന്താണെന്ന് പുറംലോകം അറിയുന്നില്ലെന്നും റാസിക് റഹീം പറയുന്നു.
‘ദേശസുരക്ഷയും പൗരനും, യുഎപിഎ, എന്‍ഐഎ നിയമ ഭേദഗതി ബില്ലുകളുടെ രാഷ്ട്രീയം’ എന്ന വിഷയത്തില്‍ സോളിഡാരിറ്റി യൂത് മൂവ്മെന്‍റ് ആലുവയില്‍ നടത്തിയ ചര്‍ച്ചാ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു റാസിക് റഹീം. കെട്ടിച്ചമയ്ക്കപ്പെട്ട പാനായിക്കുളം കേസില്‍ കുറ്റവിമുക്തനായെങ്കിലും കേരള ഹെെക്കോടതി വിധിക്കെതിരെ എന്‍ഐഎ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കിയ സാഹചര്യത്തിലാണ് എന്‍ഐഎയുടെ പ്രവര്‍ത്തന രീതികളെ കുറിച്ചും രാജ്യത്തെ നീതി വ്യവഹാരത്തില്‍ നിലനില്‍ക്കുന്ന ഇരട്ടനീതിയെക്കുറിച്ചും റാസിക് സംസാരിച്ചത്.
“നിരവധി സങ്കീർണമായ പ്രശ്നങ്ങൾ നിലനിൽക്കുന്ന ഒരു രാജ്യമാണ്. ആ പ്രശ്നങ്ങളെ പൊലീസിന്റെ മുമ്പിലെത്തിക്കുന്ന പ്രവണതയും വളരെ വ്യാപകമാണ്. ഇത്തരം പ്രശ്നങ്ങളിൽ, ഇത്തരം സാഹചര്യങ്ങളിൽ യുഎപിഎയോ അല്ലെങ്കിൽ എൻഐഎ എന്ന ഏജൻസിക്കോ മുമ്പ് സാധാരണ ഒരു പൊലീസ് സ്റ്റേഷനിൽ ആണെങ്കിൽ പോലും നമ്മൾ നേരിടേണ്ടിവരുന്ന വലിയ പ്രശ്നങ്ങളിൽ ഒന്ന് ആ പ്രസ്തുത കേസിൽ വകുപ്പുകൾ ചാർത്തുന്ന പൊലീസുകാരൻ, ഒരാളെ രക്ഷിക്കാനും ശിക്ഷിക്കാനുമുള്ള എല്ലാ അജണ്ടയും പൊലീസ് സ്റ്റേഷനിൽ നടക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്.
പിടിക്കപ്പെടുന്നയാൾ പൊലീസിന് അനഭിമതൻ ആണെങ്കിൽ, അയാൾ ഏതെങ്കിലും മതസംഘടനയുടെ വക്താവാണെങ്കിൽ, മുസ്ലിം ആണെങ്കിൽ, ദളിത് ആണെങ്കിൽ അവനെതിരിൽ ഭീകരമായ ഒരു വകുപ്പ് ചാർത്തി ജാമ്യം നിഷേധിക്കപ്പെടുന്ന പ്രാഥമിക ഘട്ടം മുതൽ, തുടർന്ന് നമ്മൾ നേരിടുന്ന, ഒരു സാധാരണ കേസിൽ മൂന്ന് മാസത്തിനകം കുറ്റപത്രം തയ്യാറാക്കിയില്ലെങ്കിൽ അയാൾക്ക് ജാമ്യം കിട്ടും. പക്ഷേ അത് യുഎപിഎ കേസിലോ എൻഐഎ അന്വേഷിക്കുന്ന കേസിലോ പൊലീസ് ആറുമാസം പൂർത്തിയാകും വരെ മൗനം പാലിച്ച് നിൽക്കും. 179ാമത്തെ ദിവസമാണ് സാധാരണ ഗതിയിൽ എൻഐഎ പോലുള്ള ഏജൻസികൾ കുറ്റപത്രം ഫയൽ ചെയ്യുന്നത്. 179ാം ദിവസം കുറ്റപത്രം ഫയൽ ചെയ്യുന്നത് ഒരു കാരണവശാലും 180 ദിവസം പൂർത്തിയായി എന്ന് പറഞ്ഞ് അയാൾ ഇറങ്ങിപ്പോകാതിരിക്കാനാണ്. 180ാം ദിവസം കുറ്റപത്രം തയ്യാറാക്കിയില്ലെങ്കിൽ അയാളത് കോടതിയെ അറിയിക്കുകയും അയാൾക്ക് ജാമ്യം ലഭിക്കുകയും ചെയ്യും. അതിവിടെ തടയപ്പെടുന്നുണ്ട്. മറ്റൊന്ന് നിയമത്തിലെ കർക്കശമായ കാര്യങ്ങളാണ്. നിയമത്തിലെ കർക്കശമായ ഏത് വ്യവസ്ഥയും ഉൾക്കൊള്ളാൻ നമ്മളൊക്കെ തയ്യാറാണ്. പക്ഷേ ഒരു മാനദണ്ഡമുണ്ട്, നിയമപാലകർ അത് നീതിപൂർവ്വം മാത്രം ഉപയോഗിക്കണം. കട്ടാൽ കെെവെട്ടണം എന്ന ഇസ്ലാമിലെ നിയമം ഉൾക്കൊള്ളാൻ കഴിയാത്തവരായിരിക്കും മിക്ക മോഷ്ടാക്കളും. പക്ഷേ എന്തുകൊണ്ടാണ് നമ്മളത് സ്വീകരിക്കുന്നത്?
നമ്മുടെ രാജ്യത്ത് നിലനിൽക്കുന്നത് ഇരട്ട നീതിയാണ്. ഇരട്ട നിയമമാണ്. ഫെെസലിന്‍റെ വധം, റിയാസ് മൗലവിയുടെ വധം അത്തരം കേസുകളിലൊന്നും ഇത്തരം നിയമങ്ങളോ നിയമത്തിന്‍റെ ചുറ്റുപാടുകളോ ഏജൻസികളോ ഒന്നും എത്തിപ്പെട്ടിട്ടില്ല. ഇരട്ടനീതി നിലനിൽക്കുന്നത്രയും കാലം ഒരു നിയമത്തെയും ഉൾക്കൊള്ളാൻ കഴിയാത്തത്ര ദുരന്തത്തിലാണ് രാജ്യം നിലനിൽക്കുന്നത്. എൻഐഎ ഒരു കേസിൽ പ്രതിയാക്കുകയും കുറ്റം തെളിയിക്കുകയും ചെയ്യുന്ന വിചിത്രമായ രീതികളിലും വലിയൊരു അപകടമുണ്ട്. എൻഐഎ കേരളത്തിലേറ്റെടുത്ത മുഴുവൻ കേസുകളിലും അവർ കോടതികളിൽ‍ പിടിച്ചുനിന്നത് മാപ്പുസാക്ഷികളെ സൃഷ്ടിച്ചുകൊണ്ടാണ്.
2006ലാണ് പാനായിക്കുളം സംഭവം നടക്കുന്നത്. 2006 ഓഗസ്റ്റ് 15ന് ഞങ്ങളൊക്കെ അറസ്റ്റ് ചെയ്യപ്പെട്ടു. ഓഗസ്റ്റ് 18ാം തീയ്യതി പുറത്തിറങ്ങിയ മാധ്യമം ദിനപത്രത്തിൽ ഈ കേസിലെ ഏക സാക്ഷിയായ, പരാതിക്കാരനായ റഷീദ് മൗലവി പാനായിക്കുളം സലഫി മസ്ജിദ് നടത്തിയ ജുമുഅ കുത്ബയും അതേപ്പറ്റി മാധ്യമം റിപ്പോർട്ട് ചെയ്ത വാർത്തയും ഇന്ന് ഞാൻ കാണാനിടയായി. അന്ന് റഷീദ് മൗലവി പറഞ്ഞ കാര്യങ്ങളൊന്നുമല്ല റഷീദ് മൗലവി മാപ്പുസാക്ഷിയായി എൻഐഎയുടെ മുന്നിൽ കോടതിയിൽ പറഞ്ഞത്. പാനായിക്കുളത്ത് നടന്നത് നിയമത്തിന് മുന്നിൽ യാതൊരു തെറ്റുമില്ലാത്ത വിഘടനവാദപരമല്ലാത്തൊരു പരിപാടിയായിരുന്നുവെന്നും അവിടെ അത്തരം കാര്യങ്ങൾ ചർച്ച ചെയ്തിട്ടില്ല എന്നും 2006 ഓഗസ്റ്റ് 18നുള്ള മാധ്യമം പത്രത്തിൽ റഷീദ് മൗലവിയുടെ ഫോട്ടോയുൾപ്പെടെ ഒരു വാർത്ത വന്നിട്ടുണ്ട്. പക്ഷേ തെളിവുകളില്ലാത്തിടത്ത് മാപ്പുസാക്ഷികളെ സൃഷ്ടിച്ചുകൊണ്ട്, മാപ്പുസാക്ഷികളെ സൃഷ്ടിക്കുന്നത് രണ്ട് തരത്തിലാണ്, ഒന്ന് പ്രലോഭനങ്ങളിലൂടെ, മറ്റൊന്ന് പ്രകോപനങ്ങളിലൂടെ.
റഷീദ് മൗലവിക്ക് പാനായിക്കുളം കേസിൽ ഒരുപാട് ഓഫറുകൾ കിട്ടിയിട്ടുണ്ടാകാം. അതോടൊപ്പം അദ്ദേഹത്തോടുണ്ടായ ഒരു പ്രകോപനം പക്ഷെ എനിക്ക് നല്ല ഓർമയുണ്ട്. ഞങ്ങളൊക്കെ പാനായിക്കുളം കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ പോയ ശേഷമാണ് വാഗമൺ കേസിന്‍റെ കുറ്റപത്രം സമർപ്പിക്കുന്നത്.   ആ കുറ്റപത്രം വായിക്കുമ്പോഴാണ് റഷീദ് മൗലവിക്കുണ്ടായ പ്രകോപനം നമുക്ക് മനസ്സിലാകുന്നത്. മുജാഹിദ്കാരനായ റഷീദ് മൗലവിയെ വാഗമൺ കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി എന്നതാണ് റഷീദ് മൗലവിക്കെതിരെയുണ്ടായ പ്രകോപനം. അതീ സദസ്സും ഈ സമൂഹവും മനസ്സിലാക്കേണ്ടതുണ്ട്. അയാളുടെ പേര് മാത്രം മതി മറ്റൊരു കേസിൽ മാപ്പുസാക്ഷിയാക്കി അയാളെ വിലപേശാൻ. ഇവിടെ നടന്ന മുഴുവൻ കേസുകളിലും എൻഐഎ ഈ തന്ത്രം പരീക്ഷിച്ചിട്ടുണ്ട്. മാപ്പുസാക്ഷികളെ സൃഷ്ടിക്കുക എന്നുള്ളത്. മൂന്നാമത്തെ അപകടസ്ഥിതി എന്നത് ഇത് രഹസ്യവിചാരണയാണ് എന്നുള്ളതാണ്. കോടതിമുറിയിൽ ആ കേസും ആ കേസിലെ പ്രതികളും വക്കീലന്മാരും അല്ലാതെ മറ്റൊരാൾ ആ കോടതിയിൽ ഉണ്ടാവുകയില്ല. എൻഐഎക്കുള്ളിൽ എന്താണ് നടക്കുന്നതെന്ന് പുറംലോകത്തറിയാൻ വേറൊരു വക്കീലും അവിടെ ഉണ്ടാകുകയില്ല. അങ്ങനെ അവിടെ നടക്കുന്ന രഹസ്യ വിചാരണ അപകടകരമായൊരു കാര്യമാണ്.
പാനായിക്കുളം കേസിന്‍റെ വിചാരണ തുടങ്ങി അഞ്ചാമത്തെ ദിവസം എൻഐഎയുടെ ഒരു ഓഫീസർ എന്നെ വിളിച്ചിട്ട് പറഞ്ഞു റാസിഖ്, നിങ്ങൾ മുതിർന്ന വക്കീലിനെയൊന്നും ഈ കേസിലേക്ക് കൊണ്ടുവന്ന് പെെസ കളയണ്ട ഈ കേസിൽ അഞ്ച് പേരെ ഞങ്ങൾ‌ ശിക്ഷിക്കും, ഒരു വർഷത്തിന് മേൽ നടന്ന വിചാരണയുടെ അഞ്ചാം ദിവസം കോടതിയല്ല ഒരു പൊലീസ് ഓഫീസർ പറയുകയാണ് നിങ്ങൾ അഞ്ച് പേരെ ഞങ്ങൾ ശിക്ഷിക്കുമെന്ന്. മുൻകൂട്ടി തയ്യാറാക്കി നടക്കുന്ന ഒരു നാടകമാണ് എന്ന് അനുഭവത്തിന്‍റെ വെളിച്ചത്തിൽ ഞാൻ നിങ്ങളോട് പറയുകയാണ്. പാനായിക്കുളം കേസിൽ 18 പേരെ അറസ്റ്റ് ചെയ്തു, ഒരാൾ മാപ്പുസാക്ഷിയായി, ഇതിൽ അഞ്ചല്ലാത്ത പന്ത്രണ്ട് പേർക്കെതിരിൽ ചുമത്തിയ കുറ്റം , അവർക്കെതിരെ യുഎപിഎ ചുമത്താനുണ്ടായ കുറ്റം സ്റ്റേജിൽ നിന്നൊരാൾ പ്രസംഗിക്കുമ്പോൾ പ്രസംഗം കേട്ട് കയ്യടിച്ചു എന്നത് മാത്രമാണ്. കയ്യടിച്ചവരൊക്കെ രാജ്യദ്രോഹികളായി. റഷീദ് മൗലവി കയ്യടിച്ചോ ഇല്ലയോ എന്ന് ആരും കണ്ടിട്ടില്ല കാരണം റഷീദ് മൗലവിയാണല്ലോ കയ്യടിച്ചു എന്ന് പറയുന്നത്. കയ്യടിച്ചതിന്‍റെ പേരിൽ രാജ്യദ്രോഹക്കുറ്റവും യുഎപിഎയും ചുമത്തപ്പെട്ടവരാണ് പാനായിക്കുളം കേസിലെ ബാക്കി പ്രതികൾ. അവരെ കോടതി വെറുതെ വിടുകയുണ്ടായി. കോടതിമുറികളിൽ നടന്നുകൊണ്ടിരിക്കുന്ന മൊത്തം അവസ്ഥകൾ എൻഐഎ പോലുള്ള ഏജൻസികൾ കേസുമായി ഏതെങ്കിലും ജഡ്ജിയുടെ മുമ്പിൽ പോയാൽ നമുക്ക് 99% പറയാം കോടതി തള്ളിക്കളയും. കോടതി ജാമ്യം പോലും പരിഗണിക്കുകയില്ല. വാഗമൺ കേസിൽ ഒരു മെഡിക്കൽ വിദ്യാർത്ഥി മെഡിക്കൽ കോളേജിൽ പരീക്ഷയെഴുതുകയായിരുന്നു എന്നതിന്‍റെ ഹോൾടിക്കറ്റ് അടക്കം കേരള ഹെെക്കോടതിയുടെ മുമ്പിൽ ജാമ്യത്തിന് സമർപ്പിച്ചപ്പോൾ കോടതി പറഞ്ഞത് നൂറുപേരെ കൊന്നിട്ട് നിങ്ങൾ വന്നാലും ജാമ്യം തരാം പക്ഷേ ഇത് നൂറുകോടി ജനങ്ങൾക്കെതിരായ യുദ്ധമാണ് ജാമ്യം തരാൻ പറ്റുകയില്ലെന്ന്. ഇന്നീ പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്ന അഡ്വക്കേറ്റ് വിടി രഘുനാഥ്, അദ്ദേഹമൊരു റിട്ടയേർഡ് ജഡ്ജിയാണ്. റിട്ടയേർഡ് ജില്ലാ ജഡ്ജിയാണ് അദ്ദേഹം.
ആ കേസിൽ ഹെെക്കോടതിയിൽ ഹാജരായത് അദ്ദേഹമാണ്. ആ കേസിൽ വിധി കേട്ടിട്ട് തിരിച്ച് എൻഐഎ കോടതിയിൽ വന്ന് ഞങ്ങളുടെ മുമ്പിൽ കരയുകയാണ് ഒരു റിട്ടയേർഡ് ജഡ്ജി. അദ്ദേഹം കരയുകയായിരുന്നു എന്താണ് ഈ രാജ്യത്ത് നടക്കുന്നത് എന്ന് അന്ന് വിടി രഘുനാഥ് ചോദിച്ചത് ഞാൻ ഇന്നും ഓർക്കുകയാണ്. മെഡിക്കൽ കോളേജിൽ പരീക്ഷയെഴുതിയതിന്റെ ഹോൾ ടിക്കറ്റ് അടക്കം കോടതിയിൽ ഹാജരാക്കിയിട്ടും കോടതി പറയുന്നത് നൂറുപേരെ കൊന്നിട്ട് വന്നാലും ജാമ്യം തരാം ഇത് നൂറുകോടി ജനങ്ങൾക്കെതിരായ യുദ്ധമാണ് ജാമ്യം തരാൻ പറ്റില്ലെന്ന്.
ഹൂബ്ലി കേസിൽ ഏഴ് വർഷം ജയിലിൽ കിടന്ന ശേഷം വെറുതെ വിടുകയും വാഗമൺ കേസിൽ പ്രതിയായതുകൊണ്ട് വീണ്ടും മൂന്ന് വർഷം കേരളത്തിലെ വിയ്യൂർ ജയിലിൽ, ജീവിതത്തിൽ ആദ്യമായി അദ്ദേഹം കേരളത്തിലെത്തുന്നത് വിയ്യൂർ ജയിലിൽ കിടക്കാൻ വേണ്ടിയാണ്, ഡോ. ആസിഫ്. ഇപ്പോഴദ്ദേഹം ഹൂബ്ലി മെഡിക്കൽ കൊളേജിൽ കോഴ്സ് പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്. ഡോ.ആസിഫ് പത്ത് വർഷം ജയിലിൽ കിടന്ന ശേഷമാണ് കോടതി നിങ്ങൾ കുറ്റക്കാരനല്ല എന്ന് വിധിച്ച് വെറുതെ വിടുന്നത്, ഒരുപാട് തവണ ജാമ്യത്തിന് ശ്രമിച്ചു, കേരളത്തിലെത്തിയിട്ട്. ജാമ്യം കിട്ടിയില്ല. ഇത്തരം അവസ്ഥകൾ നമ്മുടെ നാട്ടിൽ നിലനിൽക്കുകയാണ്.
ഇനി, നിയമത്തിന് മുന്നിൽ നമുക്കൊക്കെ നേരിടേണ്ടിവരുന്ന ഈ ഇരട്ടത്വം നമ്മൾ ചോദ്യം ചെയ്യേണ്ടതുണ്ട്. വേറൊരു പ്രശ്നം നമ്മളെ കൊണ്ടുപോയിടുന്ന ജയിലാണ്. നമ്മളെ ജയിലിലേക്ക് കൊണ്ടുപോയി ഇട്ട് കഴിഞ്ഞാൽ, യുഎപിഎ കേസിലായാലും എൻഐഎ കേസിലായാലും പൗരർക്ക് കിട്ടേണ്ട അവകാശങ്ങൾ ജയിലിലും കിട്ടേണ്ടതാണ്. തടവുകാരുടെ മൗലികാവകാശങ്ങൾ നിഷേധിക്കാൻ പാടില്ല എന്ന് സുപ്രിം കോടതിയുടെ ഒരുപാട് വിധികളുണ്ട്. പക്ഷേ എൻഐഎ കേസിലോ യുഎപിഎ കേസിലോ പ്രതിയായി വന്നാൽ അവിടെ നമുക്ക് അടിസ്ഥാനപരമായ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെടുകയാണ്. ഒന്ന് പരോൾ. രണ്ടോ മൂന്നോ പേരെ കൊന്നിട്ട് വന്നയാൾക്കും ജയിൽ നിയമപ്രകാരം പരോൾ ലഭിക്കും. പക്ഷേ അയാളൊരു എൻഐഎ പ്രതിയായാലോ അയാൾക്ക് പരോൾ നിഷേധിക്കുകയാണ്. നിയമത്തിന് മുന്നിൽ തുല്യത അവിടെ നഷ്ടപ്പെടുകയാണ്. ഡബിൾ ജിയോപാർഡിയുടെ ഒരു വലിയ പ്രശ്നം അവിടെ നിലനിൽക്കുന്നുണ്ട്. ഒന്ന് കോടതി ശിക്ഷിക്കുന്ന ആ ശിക്ഷയും അനുഭവിക്കണം കൂടാതെ മാനസികമായി, ഞങ്ങളുടെ കൺമുമ്പിലൂടെ നിരവധി ആളുകൾ പരോളിൽ ഇറങ്ങിപ്പോകുമ്പോൾ നമുക്ക് അത്തരം അവസരം നിഷേധിക്കപ്പെടുന്നു, എന്തിന്‍റെ പേരിൽ? പോസ്റ്ററൊട്ടിച്ചതിന്‍റെ പേരിൽ. മുദ്രാവാക്യം വിളിച്ചതിന്‍റെ പേരിൽ. ആളെക്കൊന്നതിന്റെ പേരിലല്ല. രാജ്യത്തിനെതിരെ യുദ്ധം ചെയ്തതിന്റെ പേരിലല്ല. കലാപം നടത്തിയതിന്റെ പേരിലല്ല. പ്രസംഗിക്കുകയും പോസ്റ്ററൊട്ടിക്കുകയും ചെയ്തതിന്റെ പേരിലാണ് കേരളത്തിലെ യുഎപിഎ തടവുകാർ മുഴുവൻ പേരും കിടക്കുന്നത് എന്ന് തിരിച്ചറിയുമ്പോഴാണ് അതിന്‍റെ അപകടം നമുക്ക് മനസ്സിലാകുന്നത്.
ഒരു ഹെെ സെക്യൂരിറ്റി ജയിൽ കേരളത്തിലുണ്ടായി. ഇന്ത്യക്കെതിരെ യുദ്ധംചെയ്തു എന്നതിന്‍റെ പേരിൽ അജ്മൽ കഅ്സബിനെ പാർപ്പിച്ച മുംബെെയിലെ ആർതർ റോഡ് ജയിലിന്റെ മാതൃകയിൽ, അയാൾക്ക് വേണ്ടി മാത്രമായിരുന്നു അന്നൊരു സെൽ ഉണ്ടായിരുന്നതെങ്കിൽ അതേ മാതൃകയിൽ ഇന്ത്യയിലാദ്യമായി ഒരു അതീവ സുരക്ഷാജയിൽ, അത് കേരളത്തിലാണ് ഉണ്ടാക്കിയത്. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ. തോക്കെടുത്തവരല്ല, യുദ്ധം ചെയ്തവരല്ല, വിഘടനവാദ പ്രവർത്തനം നടത്തിയവരല്ല, പോസ്റ്ററൊട്ടിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത ആളുകളെ നമുക്കിന്ന് ആ ജയിലിൽ പോയി കാണണമെങ്കിൽ വീഡിയോ കോൺഫറൻസിങ്ങിലൂടെ കാണണം. ആ തടവുകാർക്ക് ജോലി ചെയ്യാനുള്ള അവകാശമില്ല. മറ്റ് ആനുകൂല്യങ്ങൾ ഇല്ല. മുഴുവൻ ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട് മനുഷ്യരല്ലാതാക്കപ്പെട്ട ആളുകളെയാണ് കഴിഞ്ഞ ഒരു മാസം മുമ്പ്  വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. അതിൽ കെെവെട്ട് കേസിലെ പ്രതികളുണ്ട്. ഐഎസ്ഐഎസ് ആരോപിക്കപ്പെട്ട് കിടക്കുന്നവരുണ്ട്, മാവോയിസ്റ്റായ രൂപേഷുണ്ട്. ഒരു തടവുകാരന്‍റെ നല്ല സ്വഭാവം പരിഗണിച്ച് അയാൾക്ക് എല്ലാ ആനുകൂല്യങ്ങളും കൊടുക്കണം എന്നതാണ് അടിസ്ഥാന നിയമം.
ഈ വിഷയത്തെ മുൻനിർത്തി ടാഡ കേസിൽ പ്രതിയായ ഒരാൾ സുപ്രിം കോടതിയെ സമീപിച്ചു. അഷ്ഫാഖ് എന്നാണയാളുടെ പേര്. അഷ്ഫാഖ് വേഴ്സസ് സ്റ്റേറ്റ് ഓഫ് രാജസ്ഥാൻ എന്ന കേസിൽ സുപ്രിം കോടതി പറഞ്ഞത് ഒരു തടവുകാരൻ, അയാളെന്ത് കുറ്റവും ചെയ്തയാൾ ആയിക്കോട്ടെ അയാളുടെ സ്വഭാവത്തെ പരിഗണിച്ച് വേണം പരോൾ ഉൾപ്പെടെ അയാൾക്ക് ജയിലിലുള്ള ആനുകൂല്യങ്ങൾ നൽകാൻ എന്ന് സുപ്രിം കോടതി വിധിക്കുകയുണ്ടായി. ആ വിധിപ്പകർപ്പ് വെച്ച് പിണറായി വിജയന് ഞാൻ ജയിലിൽ കിടന്നപ്പോൾ ഒരു കത്തയച്ചു. എനിക്ക് പരോൾ ലഭ്യമാക്കണം എന്ന് ആവശ്യപ്പെട്ട്, അന്ന് കേരള മുഖ്യമന്ത്രിക്ക് വേണ്ടി അഡീഷണൽ ഹോം സെക്രട്ടറിയാണ് മറുപടി നൽകിയത്. ആ വിഷയം പുനരാലോചിക്കാൻ തൽക്കാലം ഞങ്ങൾ ഒരുക്കമല്ല എന്നായിരുന്നു എനിക്ക് കിട്ടിയ മറുപടി. കേരളത്തിലെ മുഴുവൻ ജയിലുകളിലും നമ്മൾ പരിശോധിച്ചാൽ സ്വഭാവത്തിന്റെ പേരിൽ ഒരു തടവുകാരന് ആനുകൂല്യം ലഭിക്കുമെങ്കിൽ അത് എൻഐഎ കേസിലെ പ്രതിക്ക് കിട്ടിയിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്‍റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഞാൻ പറയുന്നത്.  ജയിലിലെ എല്ലാ നവീകരണ പ്രവർത്തനങ്ങളിലും കറക്ഷണൽ സർവ്വീസുകളിലും ഓരോ എൻഐഎ പ്രതിയുടെയും കയ്യൊപ്പ് ചാർത്തിയിട്ടുണ്ട് എന്ന് അനുഭവത്തിന്‍റെ സാക്ഷിയാണ് ഞാൻ.

ജയിലിൽ കിടക്കുന്ന രൂപേഷിന്‍റെ അടുത്തേക്ക് പല കാരണങ്ങളാൽ തടവനുഭവിക്കുന്ന ആളുകളെയും കോടതി വ്യവഹാരങ്ങൾക്ക് സഹായിക്കാൻ ജയിലുദ്യോഗസ്ഥർ പറഞ്ഞയക്കുന്നത് രൂപേഷിന്റെ അടുത്തേക്കാണ്. രൂപേഷ് ജയിലിലായ ശേഷം ചെറിയ കേസുകളിൽ തടവനുഭവിക്കുന്ന എത്രയോ തടവുകാർ ജയിൽമോചിതരായിട്ടുണ്ട്. പക്ഷേ രൂപേഷിനെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റുന്നതോടെ ജയിലിൽ തടവുകാർക്കുണ്ടായ ഒരു വലിയ അനുകൂല സാഹചര്യം അവിടെ നഷ്ടപ്പെടുത്തുകയാണ്. കഴിഞ്ഞ മൂന്നര വർഷം ഞാൻ ജയിൽ ലെെബ്രേറിയനായി ജോലി ചെയ്യുകയായിരുന്നു. ജയിലിൽ ഇഗ്നോയുടെ ചുമതലയുണ്ടായിരുന്ന ഒരു സഹോദരനുണ്ടായിരുന്നു. ജയിലിൽ ഒരുപാട് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എല്ലാ നന്മയുടെ ഒപ്പവും ജയിലിലെത്തിയവരാണ് എൻഐഎ തടവുകാർ പക്ഷേ എന്നിട്ടും നന്മയുടെ ഒരു ആനുകൂ‌ല്യവും ഭരണകൂടം നൽകുന്നില്ല എന്നതാണ് ഖേദകരം. അതുകൊണ്ട് നമ്മൾ എൻഐഎക്കെതിരെയും യുഎപിഎക്കെതിരെയും ശക്തമായി രംഗത്തിറങ്ങുമ്പോൾ തടവറകളിൽ കഴിയുന്ന ഒരുപാടാളുകളുടെ വേദനയെക്കൂടി ഉൾക്കൊള്ളണമെന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്.
കഴിഞ്ഞ ദിവസം മുഹമ്മദ് അലി ഭട്ട് ജയിൽ മോചിതനായി. 25 വർഷത്തോളം തടവനുഭവിച്ച ശേഷം മാതാപിതാക്കളുടെ ഖബറിൽ വീണ് കരയുന്ന രംഗം നമ്മൾ കണ്ടു. ഈ അലിഭട്ട്മാരുടെ കണ്ണീർ വീണ് കുതിർന്ന് തകരാൻ പോകുന്ന ജയിൽ സംവിധാനവും രാഷ്ട്ര സംവിധാനവുമാണ് നമ്മുടേതെങ്കിൽ നമുക്കൊരുപാട് കേൾക്കേണ്ടിവരും. ഇനി അതല്ല ആ കണ്ണുനീര് വീണ് ജയിലിന്റെ മതിൽക്കെട്ടിന് കെട്ടുറപ്പ് കൂടുമെങ്കിൽ നമുക്ക് പ്രതീക്ഷിക്കാം, അന്യായം പ്രവർത്തിക്കുന്ന ഓരോ അധികാരിയെയും ആ ജയിലറയിൽ കൊണ്ടുതള്ളുന്ന കാലം അതിവിദൂരമല്ല എന്ന തിരിച്ചറിവോടുകൂടി നമ്മൾ രംഗത്തിറങ്ങുകയും പ്രവർത്തിക്കുകയും വേണം.


Read More Related Articles