ബിജെപി എംഎൽഎ പ്രതിയായ ഉന്നാവോ ബലാത്സംഗക്കേസ്: പെൺകുട്ടിയുടെ വാഹനത്തിൽ റ്റ്രക്ക് ഇടിച്ചു; ബന്ധുക്കള്‍ കൊല്ലപ്പെട്ടു, അഭിഭാഷകന് ഗുരുതര പരിക്ക്

By on

ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലെ ബം​ഗാർമാവു മണ്ഡലത്തിലെ ബിജെപി എംഎൽഎ കുൽദീപ് സിം​ഗ് സെം​ഗാർ ബലാത്സം​ഗം ചെയ്തുവെന്ന് പരാതി ഉന്നയിച്ച പെൺകുട്ടിയുടെ വാഹനത്തിൽ റ്റ്രക്ക് ഇടിച്ചു. സ്ത്രീയുടെ ബന്ധുക്കളായ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു. പരാതിക്കാരിക്കും വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന അഭിഭാഷകനായ മഹേന്ദ്ര സിം​ഗിനും ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരും ലക്നൗവിലെ കിം​ഗ് ജോർജ് മെഡിക്കൽ സർവ്വകലാശാലയിൽ ചികിത്സയിലാണ്. റായ്ബറേലിയിലേക്ക് പോവുകയായിരുന്നു ഇവർ. ലാൽ​ഗഞ്ജിലേക്ക് പോവുകയായിരുന്ന റ്റ്രക്ക് ആണ് ഇടിച്ചത്. കൊലപാതക ശ്രമത്തിന്റെ ഭാ​ഗമാണ് അപകടമെന്ന് പരാതിക്കാരിയുടെ ബന്ധുക്കൾ ആരോപിച്ചു. പോസ്കോ പ്രകാരമുള്ള കേസിൽ 2018 മുതൽ ജയിലിലാണ്. അതേസമയം സിം​ഗിന് യോ​ഗി ആദിത്യനാഥ് സർക്കാരിൽ ശക്തമായ സ്വാധീനം ഉണ്ട് എന്നതും ശ്രദ്ധേയമാണ്. അപകടത്തിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ പരാതിക്കാരിയുടെ മാതാവാണെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു.


പെണ്‍കുട്ടിയ്ക്ക് സുരക്ഷക്കായി നൽകപ്പെട്ടിരുന്ന പൊലീസ് ഉദ്യോ​ഗസ്ഥരുടെ സാന്നിധ്യം അപകട സമയത്ത് ഉണ്ടായില്ലെന്ന് ഉന്നാവോ എസ് പി എംകെ വെർമ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും എസ് പി പറഞ്ഞു.

അപകടം ആസൂത്രിതമാണെന്നും കുൽദീപ് സിം​ഗ് ആണ് ഇതിന് പിന്നിലെന്നും പരാതിക്കാരിയുടെ സഹോദരി ആരോപിച്ചു.
2017 ജൂണിലാണ് എംഎൽഎ കുൽദീപ് സിം​ഗും സഹോദരൻ അതുൽ സെം​ഗാറും കൂട്ടാളികളും ചേർന്ന് കൂട്ടബലാത്സം​ഗം ചെയ്തുവെന്ന് 17 വയസുകാരി പരാതി ഉന്നയിച്ചത്. തൊഴിൽ അന്വേഷിച്ചു ചെന്ന പെൺകുട്ടിയെയാണ് കൂട്ടബലാത്സം​ഗത്തിന് ഇരയാക്കിയത്. ഉത്തർപ്രദേശിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് സംഭവം. എംഎൽഎയ്ക്കെതിരെ തട്ടിക്കൊണ്ടുപോകലിനും ബലാത്സം​ഗത്തിനും പരാതി നൽകിയെങ്കിലും യോ​ഗി ആദിത്യനാഥ് സർക്കാർ ഒരു നടപടിയും എടുത്തിരുന്നില്ല. 2018 ഏപ്രിൽ 5ന് പെൺകുട്ടിയുടെ പിതാവിനെ യോ​ഗി സർക്കാർ അറസ്റ്റ് ചെയ്യുകയും കോടതി ജുഡിഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു എംഎൽഎയുടെ സഹോദരൻ അതുൽ സെം​ഗാറിന്റെ നേത‌‌ൃത്വത്തിൽ തന്നെ അതിക്രൂരമായി മർദ്ദിച്ചുവെന്ന് പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. ഇതിനിടയിൽ തന്റെ പരാതിയിൽ നടപടി എടുക്കാത്തതിനോട് പ്രതിഷേധിച്ച് ഇരയായ പെൺകുട്ടി യോ​ഗി ആദിത്യനാഥിന്റെ വസതിക്ക മുന്നിൽ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. പിന്നാലെ പെൺകുട്ടിയുടെ പിതാവ് ഏപ്രിൽ 9 ന് ചികിത്സയിലായിരിക്കെ മരിക്കുകയും ചെയ്തു. പെൺകുട്ടിയുടെ ആത്മഹത്യാശ്രമത്തിന് പിന്നാലെ ഉയർന്ന പ്രതിഷേധത്തെ തുടർന്നാണ് എംഎൽഎയ്ക്കെതിരെ നടപടിയുണ്ടാവുന്നത്. 2018 ഏപ്രിൽ 13 ന് കുൽദീപ് സെം​ഗാറിനെ സിബിഐ കസ്റ്റഡിയിലെടുക്കുകയും പിന്നാലെ അലഹബാദ് ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.


Read More Related Articles