നജ്മൽ ബാബുവിനെ ചേരമാൻ പള്ളിയിൽ കബറടക്കാൻ വിസമ്മതിച്ച് ബന്ധുക്കൾ; സംസ്കാരച്ചടങ്ങില്‍ വാക്കുതര്‍ക്കം
ചേരമാൻ പള്ളിയിൽ കബറടക്കണം എന്ന നജ്മൽ ബാബുവിന്റെ ഒസ്യത്ത് മാനിക്കാതെ ബന്ധുക്കൾ. നജ്മൽ ബാബുവിനെ സഹോദരന്റെ വീട്ടുവളപ്പിലോ കൊടുങ്ങല്ലൂർ ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ടിലോ സംസ്കരിക്കാനാണ് ബന്ധുക്കളുടെ നീക്കം. വെെകുന്നേരം അഞ്ച് മണിക്ക് ചേരമാൻ പള്ളിയിൽ കബറടക്കാനായിരുന്നു തീരുമാനം.
ഇസ്ലാം മതം സ്വീകരിക്കുന്നതിന് ഏതാണ്ട് ഒരു വർഷം മുമ്പ് തന്നെ ഈ ആഗ്രഹം പ്രകടിപ്പിച്ച് അന്നത്തെ പള്ളി ഇമാം സുലെെമാൻ മൗലവിക്ക് സ്വന്തം കെെപ്പടയിൽ ടിഎൻ ജോയ് എഴുതിയ കത്ത് മരണശേഷം ചർച്ചയായിരുന്നു. ജനനം തെരഞ്ഞെടുക്കുവാൻ നമുക്ക് അവസരം ലഭിക്കുന്നില്ല, എങ്ങനെ മരിക്കണം എന്നതെങ്കിലും സ്വന്തം തീരുമാനമനുസരിച്ച് ആയിരിക്കണം എന്നും തനിക്ക് മുസ്ലീം ആയി മരിക്കണം
എന്നും നജ്മൽ ബാബു കത്തിലെഴുതിയിരുന്നു. മുസ്ലീം സമുദായത്തിലെ അനേകരോടൊപ്പം തന്റെ ഭൗതികശരീരവും മറവുചെയ്യണമെന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കുവാന്‍, പിന്നില്‍ ആരവങ്ങളൊന്നുമില്ലാത്ത ഒരു ദുര്‍ബലന്റെ പിടച്ചിലില്‍ മൗലവി തന്നോടൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് കൊണ്ടാണ് അന്നെഴുതിയ കത്ത് അവസാനിക്കുന്നത്.
സെെമൺ മാസ്റ്ററോട് ബന്ധുക്കൾ കാണിച്ച ക്രൂരത തന്നോട് കാണിക്കരുത് എന്ന് നജ്മൽ ബാബു വ്യക്തമാക്കിയിരുന്നു.
ഈ നാടിന്റെ മതനിരപേക്ഷതയും ജനാധിപത്യവും നിലനിർത്തുന്നതിന് വേണ്ടിയുള്ള തലമുറകൾക്കുള്ള ആഹ്വാനമായി എന്റെ ഇസ്ലാം മതസ്വീകരണത്തെ കാണണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത് എന്ന് പ്രബോധനം വാരികയ്ക്ക് 2015 മെയിൽ നൽകിയ അഭിമുഖത്തിൽ നജ്മൽ ബാബു പറഞ്ഞിരുന്നു.