മുസ്ലിങ്ങളുടെ 11 സ്ഥാപനങ്ങള്‍ ആര്‍എസ്എസ് തെരഞ്ഞ് പിടിച്ച് ആക്രമിച്ചു; ‘കോയന്‍കോ ബസാറിലേക്ക് സമരജാഥ വരുന്നത് ആദ്യം’

By on

By Mrudula Bhavani

ജനുവരി 3ന് ശബരിമല കർമ സമിതി നടത്തിയ ഹർത്താലിൽ മിഠായിത്തെരുവിലെ കോയാൻകോ ബസാറിൽ മുസ്ലീങ്ങളുടെ 11 കടകളാണ് സംഘപരിവാർ പ്രവര്‍ത്തകര്‍ അടിച്ചുതകർത്തത്. അടച്ചിട്ട കടകൾക്ക് നേരെയാണ് അക്രമമുണ്ടായത്. ഹർത്താലി‍ന് കടകൾ തുറക്കും എന്ന വ്യാപാരിവ്യവസായി ഏകോപനസമിതിയുടെ ഒരു വിഭാ​ഗം തീരുമാനമെടുത്തിരുന്നു. കടകൾ തുറന്നാൽ കത്തിച്ചുകളയും എന്ന്  ജനുവരി രണ്ടിന് സംഘപരിവാർ അക്രമികൾ എത്തി തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് കോയെൻകോ ബസാറിലെ കടയുടമകൾ പറയുന്നു. ഭീഷണി കാരണം കട തുറക്കാതിരുന്നെങ്കിലും തന്‍റെ കട ആക്രമിക്കപ്പെട്ടു എന്ന് വെസ്റ്റേൺ ഡ്രസ്സസിന്‍റെ ഉടമ ഷാമിൽ കീബോർഡ് ജേണലിനോട് പറഞ്ഞു.

“ശബരിമലയിൽ ആര് കയറുന്നു എന്നതൊന്നും വിഷയമല്ല. ഈ ബിൽഡിങ്ങിലെ കടകൾ തന്നെ അവർ ആക്രമിച്ചത് എന്തുകൊണ്ടാണ് എന്നാണ് ചോദിക്കുന്നത്. മിഠായിത്തെരുവിൽ ആയിരക്കണക്കിന് കടകളുണ്ട്. എന്റെ ഉപ്പ പറഞ്ഞിട്ടുണ്ട് ഈ സ്ട്രീറ്റിലൂടെ ആദ്യമായാണ് ഒരു സമരജാഥ വരുന്നത് എന്ന്. ഞങ്ങളുടെ രണ്ട് കടകളാണ് ആക്രമിക്കപ്പെട്ടത് വിസിറ്റേഴ്സ് എന്ന കടയും വെസ്റ്റേൺ ഡ്രസ്സസും. 25,000 രൂപയാണ് ​ഗ്ലാസ് മാറ്റാൻ ചെലവായത്. മുന്നിലെ ​ഗ്ലാസ് ഓരോന്നോരോന്നായി അടിച്ചുതകർത്തു.

തലേന്ന് വന്ന് ഹർത്താലിനോട് സഹകരിക്കണം എന്നൊക്കെ പറഞ്ഞ് പോയതാണ്. ഞങ്ങൾ സഹകരിക്കില്ലെന്ന് പറഞ്ഞു, പിന്നെ ഭീഷണി മുഴക്കി, സഹകരിച്ചില്ലെങ്കിൽ കത്തിച്ച് കളയുമെന്ന്. അതുകാരണം കട തുറന്നിട്ട് പോലുമില്ല. തുറന്നിട്ടുണ്ടെങ്കിൽ കട കത്തിക്കുമെന്നാണ് പറഞ്ഞത്, അത് കാരണം തുറന്നുമില്ല. പിറ്റേന്ന് രാവിലെ കാണുമ്പോൾ ഇതാണ് സീൻ. കടകൾ തുറക്കണം എന്ന് അനൗൺസ് ചെയ്തിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി നസ്റുദ്ദീൻ വിഭാ​ഗം. നമ്മൾ തുറന്നില്ല. കട ചില്ലിട്ടതാണ്. വലിയ സംഘർഷം ഉണ്ടായാൽ പൊളിയും എന്ന പേടികൊണ്ട്. എന്നിട്ടും വന്ന് പൊളിക്കുക എന്ന് പറഞ്ഞാൽ… ആകെ 30,000 ആയി രണ്ട് കടയ്ക്കും കൂടെ ചില്ല് മാറ്റാൻ. മുൻ ഭാ​ഗം, എൻട്രൻസിൽ വലിയൊരു ഫ്രെയിം ആണ്. അത് ഒറ്റയേറിന് പൊളിച്ചു.” ഷാമിൽ പറയുന്നു.

“ഹാരിപോട്ടർ എന്ന ഷോപ്പിന്റെ ഓണറാണ്. ഹർത്താലിന് അടിച്ച് തകർത്ത കടയാണിത്. ആരും കട തുറന്നില്ലായിരുന്നു. എല്ലാവരും 10, 10.30 മണിയോടെയാണ് കട തുറക്കുക. ആ സമയത്താണ് എല്ലാവരും വരാറ്. അതുകൊണ്ട് എല്ലാവരും എത്തിപ്പെടുന്നേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് എല്ലാവരും തുറക്കുകയാണെങ്കിൽ തുറക്കാം എന്നൊരു ഉദ്ദേശമേ ഞങ്ങൾക്കൊക്കെ ഉണ്ടായിരുന്നുള്ളൂ. അതിന് മുമ്പ് അവർ വന്ന് എല്ലാം അടിച്ച് തകർത്ത് പോയി. ഞാൻ വീട്ടിലായിരുന്നു ഇവിടെനിന്ന് കോൾ വന്നപ്പോഴാണ് എത്തിയത്. അത്തോളിയാണ് വീട്. ഇന്നലെയും രണ്ട് കടകൾ കത്തിക്കാനുള്ള ശ്രമമുണ്ടായി, എസ്എം സ്ട്രീറ്റിൽ. ഇന്നലെ രാത്രിയാണ് കടയുടെ ​ഗ്ലാസ് മാറ്റിയത്. മിനിഞ്ഞാന്ന് അങ്ങനെതന്നെ വെച്ചതാണ്.വലിയ ​ഗ്ലാസ് ആയിരുന്നു മൊത്തം സ്പ്രെഡ് ആയിട്ടുണ്ടായിരുന്നു. ഇന്നലെയാണ് മാറ്റിയത്. ഇനിയും പണി ബാക്കിയുണ്ട്. ഈ മാർക്കറ്റിൽ തന്നെ എനിക്കാണ് കൂടുതൽ നഷ്ടം സംഭവിച്ചത്. കാരണം വലിയ ​ഗ്ലാസാണ്. 35,000 ചെലവാണ് വന്നത്. ഹർത്താലിന്റെ തലേന്ന് ഇവിടെ വന്ന് എല്ലാവരേയും ഭീഷണിപ്പെടുത്തുകയായിരുന്നു, ഷോപ്പ് കത്തിക്കും, ഷോപ്പിന്റെ ഉള്ളിലിട്ട് ആൾക്കാരെ അടക്കം കത്തിക്കും തുറന്നാൽ എന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്തിയിട്ടാണ് പോയത്. പിന്നെ നമ്മുടെ സംഘടന തുറക്കാം എന്ന് പറഞ്ഞപ്പോൾ എല്ലാവരും ചേർന്ന് തുറക്കാം എന്ന് തീരുമാനമെടുത്തു. ഇവിടെ വന്ന് ഭയങ്കര ഭീഷണിപ്പെടുത്തിയാണ് പോയത്. അതിന് ശേഷം ഈ ഭാ​ഗത്തേക്ക് പിന്നെ വന്നില്ല. ഹർത്താലിന്റെ അന്ന് രാത്രി, ഇവിടെ സിഐടിയുക്കാർ രാത്രി മൂന്ന് മണിയോടെ ഒക്കെ ഇവിടെ ഉണ്ടാകാറുണ്ട്. അവർ വീട്ടിൽ പോയ സമയത്താകാം ഇന്നലെ ഇവിടെ രണ്ട് കടകൾ കത്തിച്ച് പോയത്. കടകൾ കത്തിയിട്ടില്ല. – ഷാൻ പറയുന്നു.

ഹർത്താൽ ദിനത്തിൽ മിഠായിത്തെരുവിൽ ആക്രമിക്കപ്പെട്ട കടകളുടെ ഉടമകൾക്ക് നിയമസഹായം ലഭ്യമാക്കാൻ നാഷണൽ കോൺഫിഡറേഷൻ ഓഫ് ഹ്യുമൻ റെെറ്റ്സ് ഓർ​ഗനെെസേഷൻസ് / ദേശീയ മനുഷ്യാവകാശ ഏകോപന സമിതി ഇടപെടൽ നടത്തി.

എൻസിഎച്ച്ആർഓയുടെ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവൻകുട്ടി, സ്റ്റേറ്റ് സെക്രട്ടറി ഷാനവാസ്, പിന്നെ ഞാനുമാണ് കടയുടമകളെ പോയി കണ്ടത്. വിദ്വേഷ കുറ്റകൃത്യങ്ങൾ, ആൾക്കൂട്ട ആക്രമണം, മോബ് ലിഞ്ചിങ് ഈ വിഷയത്തെപ്പറ്റി ഞങ്ങൾ ദേശീയതലത്തിൽ പഠിച്ചുകൊണ്ടിരിക്കുകയാണ്. ചില ഇടപെടലുകൾ നടത്തുന്നുണ്ട്. നിയമസഹായം ഒരുക്കുന്നുണ്ട്. മിഠായിത്തെരുവിൽ നടന്നത് കേരളത്തിൽ ഒരിക്കലും കാണാത്ത തരത്തിൽ മോബ് വയലൻസ് ആണ്. രണ്ട് കേസുകളിൽ സുപ്രീം കോടതി ഇതേപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്. തെഹ്സീൻ പൂനവാല കേസിലും പത്മാവത് സിനിമ കേസിലും സുപ്രിം കോടതി ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. പ്രത്യേക രാഷ്ട്രീയപാർട്ടി, സംഘപരിവാർ സംഘടനകൾ സൃഷ്ടിച്ച വയലൻസ് കേരളത്തിൽ മുമ്പ് കാണാത്തതാണ്. ഇത്തരം ആക്രമണങ്ങൾക്കെതിരെയുള്ള സുപ്രിം കോടതി മാർ​ഗരേഖകളുണ്ട്, ഇത്തരം സന്ദർഭ​ങ്ങളിൽ സാധാരണ പൗരർ ചെയ്യേണ്ട ചില കാര്യങ്ങൾ, അതിലൊന്ന് ഈ അക്രമങ്ങളെപ്പറ്റി ധാരണയുണ്ടാകുക, അവരുടെ ഫോട്ടോകളും വീഡിയോകളും എടുത്ത് സൂക്ഷിക്കുക, അവർ കൊണ്ട് വരുന്ന ആയുധങ്ങളെക്കുറിച്ച് ധാരണയുണ്ടാകുക, അല്ലെങ്കിൽ അതിന്റെ തെളിവ് ലഭിച്ചാൽ സൂക്ഷിക്കുക. മറ്റൊന്ന്, അക്രമികളിൽ നിന്നാണ് ഇരകൾക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടത്. ഭരണകൂടം അല്ല കൊടുക്കേണ്ടത്. അത് ഭരണകൂടം കൂടെ ഇടപെട്ട് ഇരകൾക്ക് നേടിക്കൊടുക്കുക. ഇങ്ങനെയാണ് സുപ്രിം കോടതി വിധിച്ചിരിക്കുന്നത്. ഓരോ കടയുടമയോടും അവർക്കുണ്ടായ നഷ്ടവും അത് നികത്താനുണ്ടായ ചെലവ് ഇതൊക്കെ വെച്ച് പരാതി കൊടുക്കാൻ പറഞ്ഞിരുന്നു, അവർ പരാതി കൊടുത്തിട്ടുണ്ട്. ഇതൊരു കൂട്ടായ പെറ്റീഷനായി എൻസിഎച്ച്ആർഓയുടെ ലീ​ഗൽ വിഭാ​ഗം ചലഞ്ച് ചെയ്യും. അല്ലെങ്കിൽ വ്യാപാരി വ്യവസായി ഏകോപന സമിതി അതുമായി മുന്നോട്ട് പോകും.

പ്രതിഷേധം അവകാശമാണ്. കടക്കാർ തന്നെ കടയടച്ച് പ്രതിഷേധിക്കും. പക്ഷേ ഇതൊരു അക്രമരൂപത്തിൽ ആണല്ലോ. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കോഴിക്കോട് അഭിവാദ്യമറിയിച്ച സ്ത്രീകളടക്കം പന്ത്രണ്ട് പേർ ബീച്ച് ഹോസ്പിറ്റലിൽ കിടന്നു, ഇവരെ സംരക്ഷിക്കാൻ വളരെ കുറച്ച് പൊലീസ് മാത്രമാണ് ഉണ്ടായിരുന്നത്. ഒരു പ്രത്യേക സമുദായത്തോടും വിഭാ​ഗത്തോടും ഒക്കെ പ്രകോപനപരമായിട്ടാണ് പെരുമാറിയത്. ഇത് സാധാരണക്കാരോടുള്ള ഒരു വെല്ലുവിളിയാണ്, രാഷ്ട്രീയ ആം​ഗിളിൽ നിന്ന് മാറിക്കൊണ്ട് ക്രിമിനൽ ആയ വെല്ലുവിളി ആകുകയും ഭരണകൂടം അതിനെ സംരക്ഷിക്കുന്ന രീതിയിൽ എത്തുന്ന അവസ്ഥയിലാണ് എൻസിഎച്ച്ആർഓ ഈ വിഷയത്തിൽ ഇടപെട്ടത്. എൻസിഎച്ച്ആർഓ പ്രവർത്തകൻ എംകെ ഷറഫുദ്ദീൻ പറയുന്നു.

ഹർത്താൽ ദിവസം പൊതുമുതലിനും സ്വകാര്യ സ്വത്തുക്കൾക്കും ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് ഹർത്താൽ ആഹ്വാനം ചെയ്ത സംഘടനകളിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്ന് കേരള ഹെെക്കോടതി ഉത്തരവിട്ടു, ഹർത്താൽ പെട്ടെന്ന് പ്രഖ്യാപിക്കാനാവില്ല, ഏഴ് ദിവസം മുമ്പ് പ്രഖ്യാപിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നൽകിയ പരാതിയിൽ ഹെെക്കോടതി പ്രഖ്യാപിച്ച വിധിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.


Read More Related Articles