സവർണ സംവരണവും ഇടതുപക്ഷവും ദളിതരും

By on

By Aravind Indigenous

ദളിതുകൾ ആദിവാസികൾ പോലെ പിന്നോക്ക സാമൂഹിക സാഹചര്യങ്ങളിൽ നിന്നുള്ളവരെ സംബന്ധിച്ച് ഇന്ന് അപകടകരമായൊരു വാർത്ത വന്നിരിക്കുകയാണ്, സവർണ സമുദായങ്ങളിലുള്ളവർക്ക് 10% സംവരണം നൽകാൻ കേന്ദ്ര സർക്കാർ ഭരണഘടനാ ഭേദഗതിക്ക് ഒരുങ്ങുന്നു എന്നതാണ് അത്. ഇതിനെ കേരളത്തിലെ ഇടതുപക്ഷ സർക്കാർ സ്വാഗതം ചെയ്തും കഴിഞ്ഞു.

സവർണ ബ്രാഹ്മിണിക്കൽ രാഷ്ട്രീയ നിലപാടുള്ള ബിജെപിയുടെ സവർണർക്ക് സംവരണം നൽകാനുള്ള നിലപാട് വളരെ സ്വാഭാവികമാണ്. എന്നാൽ കേരളത്തിലെ ഒരു ഇടതുപക്ഷ സർക്കാർ ദളിതുകൾക്ക് വേണ്ടി എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന് വരുത്തിത്തീർക്കുകയും വീണ്ടും ദളിത് വിരുദ്ധമാണെന്നു തെളിയിക്കുകയും ചെയ്തിരിക്കുകയാണ്. അവർ അതുപോലെ തന്നെ സവർണവത്കരിക്കപ്പെട്ടു എന്നതും ഒരു രാഷ്ട്രീയ യാഥാർഥ്യമാണ്.

മുൻപ് എന്തുകൊണ്ടാണ് പിണറായി വിജയനെതിരെയുണ്ടായ ജാതി അധിക്ഷേപം സിപിഎംനെ ബാധിക്കാത്ത എന്ന് ഒരു കുറിപ്പെഴുതിയിരുന്നു അതിലേക്ക് തന്നെയാണ് കാര്യങ്ങൾ വരുന്നത്.
സിപിഎംനു പൊതു വേദിയിൽ വെച്ച് ഒരാൾ അധിക്ഷേപത്തിനു വിധേയനാകുകയോ അല്ലെങ്കിൽ മർദ്ദിക്കപ്പെടുകയോ ചെയ്താൽ മാത്രമേ ജാതിയെ തിരിച്ചറിയാൻ സാധിക്കൂ.
ജാതി എന്ന സാമൂഹിക വസ്തുതയെ സിപിഎം ഒരിക്കലും അംഗീകരിക്കാൻ പോകുന്നില്ല അവരോടൊപ്പം നിൽക്കുന്ന ദലിതുകൾ നിരന്തരമായി വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഈ രാജ്യത്തു ഭൂമി പോലെയുള്ള വിഭവാധികാരങ്ങളിൽ നിന്ന് ദലിതുകൾ പുറത്തു നിൽക്കുകയാണെന്നു സിപിഎം എന്ന പാർട്ടിക്ക് അറിയില്ല. സർക്കാർ സംവിധാനങ്ങളിൽ നിന്ന് ദളിത് സമൂഹത്തിന്റെ പ്രാതിനിധ്യം രാജ്യത്തെ മൊത്തം ദളിത് ജനസംഖ്യാനുപാതത്തേക്കാൾ വളരെ കുറവാണെന്നും ദലിതുകൾ സർക്കാർ മേഖലയിൽ വിവേചനം അനുഭവിക്കുന്നുണ്ടെന്നും സിപിഎം എന്ന സംഘടനക്ക് അറിയില്ല. തൊഴിലവസരങ്ങളിൽ നിന്ന് ദലിതുകൾ സാമൂഹിക സാഹചര്യങ്ങളാൽ വിവേചനം ചെയ്യപ്പെടുന്നുണ്ടെന്നും അവിടെയും പ്രാതിനിധ്യം ആനുപാതികമായി കുറവാണെന്നു അറിയില്ല. ഇതെല്ലാം അറിയില്ല എന്നതിനേക്കാൾ അവർ അത് മനസിലാക്കാൻ ശ്രമിക്കുന്നില്ല എന്നതാവും യാഥാർഥ്യം.

ആത്യന്തികമായി സാമൂഹിക നീതി എന്ന രാഷ്ട്രീയ മുദ്രാവാക്യം തന്നെ സിപിഎം എന്ന സംഘടനക്ക് മനസിലായിട്ടില്ല. അവർ ഇപ്പോഴും വർഗ്ഗ സമരത്തിന്റെ വീരവാദത്തിൽ നിലനിൽക്കുകയാണ്. അതുകൊണ്ടാണ് സമുദായ സംവരണം എന്താണ് എന്ന് അവർക്ക് മനസ്സിലാക്കാത്തത്.
രാജ്യത്തെ ദലിതുകൾ ആദിവാസികൾ തുടങ്ങി പിന്നോക്ക സാമൂഹിക സാഹചര്യങ്ങളിലുള്ളവർക്ക് ജനാധിപത്യവത്കരണത്തിന്റെ ഭാഗമായി സാമൂഹികനീതി ലഭ്യമാക്കുവാൻ ഭരണഘടനയിൽ ഡോക്ടർ അംബേദ്‌കർ വിഭാവനം ചെയ്തതാണ് സമുദായ സംവരണം. വിഭവ-രാഷ്ട്രീയധികാരം ഭരണകൂട സംവിധാനങ്ങളിലുള്ള പ്രാതിനിധ്യം എന്നീ ജനാധിപത്യവത്കരണമാണ് അതിന്റെ അന്തസത്ത. അതായതു സ്വാഭാവിക സാമൂഹിക നീതി ലാഭമാകാത്ത ജനവിഭാഗങ്ങൾക്ക് അത് ലഭ്യമാക്കുക. ഇതാണ് സംവരണം എന്ന് ഇപ്പോൾ എല്ലാവർക്കും ബോധ്യമുള്ള കാര്യമാണ്. എന്നാൽ സിപിഎം ഇത് മനസിലാക്കുന്നില്ല എന്നതാണ് സത്യം.

സാമൂഹ്യനീതി എങ്ങനെയാണു നടപ്പാക്കേണ്ടത് എന്ന് സിപിഎംനു മനസിലായിട്ടില്ല. അതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ വർഷം 98 ശതമാനത്തോളം സവർണർ ഉദ്യോഗത്തിൽ ഇരിക്കുന്ന ഒരു സർക്കാർ സ്ഥാപനമായ ദേവസ്വം ബോർഡിൽ വീണ്ടും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സവർണ സമുദായങ്ങൾക്ക് 10% സംവരണം നൽകി ഇടതുപക്ഷ സർക്കാർ സന്തോഷിപ്പിച്ചത്. അത് ഒരു തരത്തിലുമുള്ള സാമൂഹിക സമ്മർദ്ദങ്ങൾക്കോ പ്രക്ഷോഭങ്ങൾക്കോ ഒന്നും ഭരണകൂടം വിധേയരായിട്ടായിരുന്നില്ല എന്നതോർക്കണം. സാമൂഹിക നീതി എന്നതിനെ അട്ടിമറിക്കുകയാണ് അന്ന് ഇടതുപക്ഷ സർക്കാർ ഇതുവഴി ചെയ്തത്. അതും ഒരു തരത്തിലുള്ള പ്രക്ഷോഭങ്ങളും ഉണ്ടാകാതെ വെറുതെ അവരുടെ വോട്ട് ബാങ്ക് കൂടി ലക്ഷ്യമിട്ടിട്ടാണ് ഇതൊക്കെ നടപ്പാക്കുന്നത്, എന്നിട്ട് ശബരിമല വിഷയത്തിൽ NSS അടക്കമുള്ള സവർണ സമുദായ സംഘടനകൾ സർക്കാരിനെ തിരിഞ്ഞു നിന്ന് കൊത്തിയതു പുരോഗമന സമൂഹം മുഴുവൻ കണ്ടതാണ്.

സിപിഎംന്‍റെ നേതൃത്വങ്ങളിൽ നിലനിൽക്കുന്ന സവർണ പ്രാതിനിധ്യത്തിന്‍റെ ആനുപാതികമായ വലിയ സാന്നിധ്യം തന്നെയാണ് സവർണ സമുദായങ്ങളുടെ സാമൂഹ്യ നീതിയെക്കുറിച്ചു ആ പാർട്ടി ഇത്ര ചിന്താകുലരാകുന്നതിനു കാരണവും. അവർക്ക് സ്വാഭാവികമായി സാമൂഹിക നീതി ലഭ്യമാണെന്നും അവരുടെ പ്രശ്നം ദാരിദ്ര്യമാണെന്നും സിപിഎം മനസിലാക്കിയിട്ടില്ല എന്നതിനേക്കാൾ സവർണ സമുദായങ്ങളുടെ പ്രശ്നങ്ങളാണ് അവരെ കൂടുതൽ അലട്ടിക്കൊണ്ടിരിക്കുന്നത് എന്നതാണ് സത്യം. സിപിഎം എന്ന സംഘടനക്കകത്തു തന്നെ സാമൂഹിക നീതിയില്ല എന്നതാണ് വാസ്തവം.

അതായത് 98 ശതമാനത്തോളം ഉദ്യോഗസ്ഥർ സവർണ സമുദായത്തിൽ നിന്നുള്ള ആളുകൾ ഉള്ള ഒരു സർക്കാർ സ്ഥാപനത്തിൽ വീണ്ടും ഒരു 10% സവർണർക്ക് മാത്രം സംവരണം കൊടുക്കുമ്പോൾ സത്യത്തിൽ സംഭവിക്കുന്നത് അത്രയും ശതമാനത്തിലേക്ക് ദലിതുകൾ പൂർണമായും തിരസ്കരിക്കപെടുക എന്നതാണ്. കൃത്യമായി പറഞ്ഞാൽ പൊതുവായ മത്സരത്തിൽ നിന്നും ദളിതുകളും ആദിവാസികളും ഒക്കെ സർക്കാർ സംവിധാനങ്ങളാൽ തന്നെ മാറ്റി നിർത്തപ്പെടുക. സംവരണം കൊടുക്കുന്നത് തന്നെ ജാതി അധീശത്വത്തിൽ പ്രാതിനിധ്യം ലഭിക്കാതെ പോയ മർദിത വിഭാഗങ്ങൾക്ക് ജനാധിപത്യപരമായി ജനസംഖ്യാനുപാതത്തിൽ പ്രാതിനിധ്യം നടപ്പാക്കാൻ വേണ്ടിയാണു. അപ്പോഴാണ് 98 % സവർണർ ഉദ്യോഗത്തിൽ ഇരിക്കുന്ന ഒരു സർക്കാർ സംവിധാനത്തിൽ വീണ്ടും 10% മർദിത വിഭാഗങ്ങളെ മാറ്റി നിർത്തുന്നത്. അല്ലെങ്കിൽ തന്നെ അവരുടെ ജാതി അല്ലെങ്കിൽ സ്വത്വം കൊണ്ട് അവർക്ക് ജനസംഖ്യാനുപാതത്തിൽ അവിടെ പ്രാതിനിധ്യം ലഭിച്ചിട്ടില്ല, അവിടെ വീണ്ടും ഒരു 10% മത്സരത്തിൽ നിന്ന് അവരെ വിവേചനം ചെയ്തു മാറ്റി നിർത്തുക എന്നതാണ് ഇടതുപക്ഷ സർക്കാർ ചെയ്തത്.

കേരള സംസ്ഥാനത്തിൽ 26000 ത്തോളം വരുന്ന ദളിത് കോളനികളിൽ ദുരിത പൂർണമായി കേരളത്തിന്റ മുഖ്യധാരാ വികസനത്തിന് പുറത്തു നിൽക്കുന്ന ആകെ ജനസംഖ്യയുടെ 80% ശതമാനത്തോളം വരുന്ന ദലിതുകൾ സാമൂഹിക നീതിക്ക് പുറത്തു നിൽകുമ്പോൾ ആണിത്. അതും സിപിഎം എന്ന ഏറ്റവും വലിയ പാർട്ടിയുടെ ഏറ്റവും വലിയ വോട്ട് ബാങ്ക് ആയ ദലിതുകൾ.
അവർ ഭൂമിക്ക് വേണ്ടിയും സാമൂഹ്യ നീതിക്ക് വേണ്ടിയും പ്രക്ഷോഭങ്ങൾ നയിച്ചപ്പോൾ അതിനെതിരെ ചെങ്ങറയിലും അരിപ്പയിലും ഗോവിന്ദപുരത്തും എല്ലാം ഉപരോധം സംഘടിപ്പിച്ചു അതിനെയെല്ലാം ശാരീരികമായും സംഘടനാപരമായും തകർക്കാൻ ശ്രമിച്ച ഒരു സംഘടനയാണ് ഒരു കൊടി പോലും പിടിക്കാതെ ഒന്നു വെയിലത്തിറങ്ങി മുദ്രാവാക്യം വിളിക്കാത്ത സവർണ സമുദായങ്ങൾക്ക് വേണ്ടി 10% പൊതു മത്സരത്തിൽ നിന്നും ദളിതുകളെ ഒഴിവാക്കി കൊടുത്തത്.

നിലവിൽ ജാതീയമായി വേർതിരിച്ചു സർക്കാർ സംവിധാനങ്ങളിൽ ഉള്ള ആളുകളുടെ കണക്കെടുക്കണ്ട എന്ന് സുപ്രീം കോടതി വിധി ഉണ്ടായതും ഇതേ സവർണ പൊതുബോധത്തിന്റെ ഭാഗമായിട്ടാണ്. നിലവിൽ സവർണ സമുദായങ്ങളുടെ സ്റ്റേറ്റ് സംവിധാങ്ങളിലെ പ്രാതിനിധ്യത്തിന്റെ കണക്കെടുക്കാൻ നമ്മുടെ നീതിന്യായ സംവിധാനം അനുവദിക്കുന്നില്ല എന്നുള്ളത് അവിടെയും നിലനിൽക്കുന്ന ബ്രാഹ്മണ്യ പൊതുബോധത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.ആ കണക്കു പുറത്താകുമ്പോൾ മാത്രമേ ഓരോ സംവിധാനങ്ങൾക്കു അകത്തും ദളിതുകളും ആദിവാസികളും മറ്റു സാമൂഹിക വിഭാഗങ്ങളും എത്ര മാത്രം വിവേചനം അനുഭവിക്കുന്നുണ്ടെന്ന് അറിയുകയുള്ളൂ.

അപ്പോൾ അറിയാം കോടിയേരി മനസ്സിൽ ഉദ്ദേശിക്കുന്ന സവർണ മാർക്സിസ്റ്റ് സമീപനത്തിൽ സാമൂഹ്യനീതിയും കണക്കുകളിൽ ഉള്ള സാമൂഹ്യ നീതിയും രണ്ടും രണ്ടാണെന്ന്. പട്ടിക ജാതി പട്ടിക വർഗ പീഠന നിരോധന നിയമത്തിൽ വെള്ളം ചേർത്തുകൊണ്ട് സുപ്രീം കോടതി ഇടപെട്ടതും നീതി ന്യായ സംവിധാങ്ങളിൽ ഉള്ള ബ്രാഹ്മണിക ബോധത്തിന്റെ മറ്റൊരു ഉദാഹരണമായി. അത് നാം ഈ അവസരത്തിൽ മറന്നു പോകാൻ പാടില്ല. പട്ടികജാതിക്കാർക്ക് എതിരെയുള്ള അതിക്രമങ്ങളിൽ FIR രജിസ്റ്റർ ചെയ്യണമെങ്കിൽ ഒരു പ്രാഥമിക അന്വേഷണം ആവശ്യമാണ് എന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്നും മുൻ‌കൂർ അനുമതി തേടണം എന്നുമാണ് സുപ്രീം കോടതി വിധിച്ചത് . ഇതിനെത്തുടർന്ന് രാജ്യമൊട്ടാകെ ദളിത് രോഷം ഉയരുകയും രാജ്യവ്യാപകമായി ദലിതുകൾ ഹർത്താലിന് ആഹ്വാനം ചെയുകയും ചെയ്തു. തുടർന്ന് കേന്ദ്ര സർക്കാരിന് 2018 ഓഗസ്റ്റ് 17 നു ഭരണഘടനാ ഭേദഗതി നടത്തി കോടതി ഉത്തരവിനെ പ്രതിരോധിക്കേണ്ടി വന്നു.

രാജ്യത്തെ വിഭവാധികാരത്തിൽ നിന്നും തൊഴിലവസരങ്ങളിൽ നിന്നുമെല്ലാം ദളിതുകളും ആദിവാസികളും മുസ്ലിങ്ങളും ജനസംഖ്യാനുപാതികമായി പുറത്തായാലും ഇന്ത്യൻ ജയിലുകളിൽ അവർ 55% ഉണ്ട് എന്ന ഞെട്ടിപ്പിക്കുന്ന യാഥാർഥ്യം എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് ഒരിക്കൽ പോലും മുഖ്യധാരാ ഇടതുപക്ഷം ചിന്തുക്കുന്നില്ല. അല്ലെങ്കിൽ ചർച്ചയാക്കുന്നില്ല. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല എന്നതാണ് സ്ഥിതി. അകാരണമായി പോലീസ് മർദനത്തിൽ കൊല്ലപ്പെട്ട ശ്രീജിത്തും, പോലീസ് മർദനത്തിൽ മനം നൊന്തു ആത്മഹത്യാ ചെയ്ത വിനായകനും ദളിതരായിരുന്നു എന്നതെല്ലാം തെളിയിക്കുന്നത് ഇവിടെ നിലനിൽക്കുന്ന ജാതിയെ തന്നെയാണ്.

എന്നാൽ ഇടതുപക്ഷത്തിന് ഇത്തരം ഭയങ്ങൾ ഒന്നും തന്നെ ഇല്ല എന്നതാണ് വിചിത്രമായ സംഗതി. കാലാകാലങ്ങളായി അവർക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്ന ദളിത് വോട്ടുകൾ ആണ് അവരുടെ ആത്മവിശ്വാസം. എന്നാൽ ദളിതർക്കു വേണ്ടി ജാതി എന്ന വസ്തുതയെ അഡ്രെസ്സ് ചെയ്തുകൊണ്ട് സിപിഎം ഒന്നും തന്നെ ചെയ്യുന്നില്ല എന്നതാണ് വസ്തുത. ഇക്കഴിഞ്ഞ മാസമാണ് പല തവണ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി പോലും ജാതീയമായ അധിക്ഷേപത്തിനു വിധേയനായത്. എന്നിട്ടും ആ സംഘടനക്ക് ജാതി എന്ന പ്രശ്‌നത്തിന്റെ സാമൂഹികാഘാതം മനസിലാകാത്തത് ആദ്യം പറഞ്ഞത് പോലെ സംഘടനയുടെ നേതൃത്വത്തിലുള്ള സവർണ സമുദായാം​ഗങ്ങളുടെ പ്രാതിനിധ്യം കൂടുതൽ ഉള്ളതുകൊണ്ടും അവരുടെ പ്രത്യയശാസ്ത്രപരമായ വിഡ്ഢിത്തം കൊണ്ടുമാണ്.

ഇന്ത്യൻ സാമൂഹിക യാഥാർഥ്യം ജാതി നിർമിതമാണെന്നു അവർക്ക് ഇനിയും അംഗീകരിയ്ക്കാൻ കഴിഞ്ഞിട്ടില്ല. അവർ ഇപ്പോഴും വർഗപരമായ വ്യത്യാസത്തിൽ മാത്രമാണ് ഇന്ത്യൻ സമൂഹം നിലനിൽക്കുന്നത് എന്ന മാർക്സിയൻ മണ്ടത്തര യുക്തിയിലാണ് നിലനിൽക്കുന്നത്. അപ്പോൾ തന്നെ അവർ സ്വാഭാവികമായി സവർണ സാമൂഹിക നീതിയുടെ പക്ഷത്തായി, ബ്രാഹ്മണ്യത്തിന്റെ പക്ഷത്തായി, ദളിത് വിരുദ്ധരായി അതാണ് നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതും.
ദലിതുകൾ പിന്നോക്ക സാമൂഹിക വിഭാഗങ്ങൾ എന്നിവർ രാഷ്ട്രീയമായി സംഘടിച്ചു ശക്തരാകാതെ അവരുടെ പ്രശ്നങ്ങളെ ഒരിക്കലും മറ്റുള്ളവർക്ക് അഡ്രെസ്സ് ചെയ്യാൻ കഴിയുകയില്ല എന്നുള്ളത് തന്നെയാണ് വാസ്തവം. രാഷ്ട്രീയാധികാരം ഒറ്റക്ക് നേടിയെടുക്കുക എന്നതാണ് ദളിതുകൾക്ക് അനിവാര്യമായ ഒരേയൊരു വസ്തുത. അതിനു മാത്രമേ ദളിതുകളെ അവരുടെ സാമൂഹിക സാഹചര്യത്തിൽ നിന്ന് മോചിപ്പിക്കുവാൻ കഴിയുകയുള്ളു എന്നതാണ് ഇതെല്ലാം തെളിയിക്കുന്നത്. ഇടതുപക്ഷം അവർക്കൊരു പ്രതീക്ഷയല്ല.


Read More Related Articles