തിരുവനന്തപുരത്ത് സംഘപരിവാർ അക്രമം തുടരുന്നു; നെടുമങ്ങാട് മൂന്ന് ദിവസത്തെ നിരോധനാജ്ഞ

By on

ഇന്നലെ നടന്ന ഹർത്താലിനെ തുടർന്നുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായി തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിൽ ബി.ജെ.പി പ്രവർത്തകരുടെ അക്രമം ഇന്നും തുടരുന്നു. നെടുമങ്ങാട് സി.പി.ഐ.എം പ്രവർത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായി . നെയ്യാറ്റിൻകരയിൽ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിച്ചു. നെടുമങ്ങാട് മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നു.

കഴിഞ്ഞ ദിവസം ബി.ജെ.പി-സി.പി.ഐ.എം സംഘർഷം ഉണ്ടായ നെടുമങ്ങാട് പുലർച്ചയോടെയാണ് സി.പി.എം പ്രവർത്തകരുടെ വീടുകൾ കേന്ദ്രീകരിച്ച് ബോംബേറുണ്ടായത്. സി.പി.എം ഏരിയ കമ്മിറ്റി അംഗവും നെടുമങ്ങാട് മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഹരികേശ് നായർ, സി.പി.എം കരിപ്പൂർ ബ്രാഞ്ച് സെക്രട്ടറി പ്രമോദ്, എസ്.എഫ്.ഐ നേതാവ് ഹരി എന്നിവരുടെ വീടുകളിലേക്കാണ് ബോംബെറിഞ്ഞത്. ബോംബേറിൽ വീടിന്റെ ജനൽചില്ലുകൾ തകർന്നു.
അക്രമങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ നെടുമങ്ങാട് വലിയമല പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്നു ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിക്കാൻ ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകുകയായിരുന്നു.

തിരുവനന്തപുരം കണിയാപുരത്ത് പി.ഡി.പി ജില്ലാ പ്രസിഡന്റ് സലാഹുദ്ദീന്റെ വീട്ടിലേക്ക് രണ്ടംഗസംഘം ബോംബെറിഞ്ഞു.
പുലർച്ചയോടെ ബൈക്കിലെത്തിയ രണ്ടു പേരാണ് ബോംബെറിഞ്ഞത്.

കാട്ടാക്കടയിലും ആര്യനാടും സി.പി.ഐ.എം-ബി.ജെ.പി സംഘർഷങ്ങൾ നടന്നു.

നെയ്യാറ്റിൻകര ഏരിയ കമ്മറ്റി ഓഫീസിന് നേരെ പെട്രോൾ ബോംബ് ഉപയോഗിച്ചുള്ള ആക്രമണം നടന്നു. കഴിഞ്ഞദിവസം വലിയ സംഘർഷം നടന്ന മലയിൻകീഴ് സ്കൂൾ പറമ്പിൽ നിന്നും 3 നാടൻ ബോംബുകൾ കണ്ടെത്തി. ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സരസ്വതി വിദ്യാനികേതൻ സ്കൂളിൽ നിന്നാണ് ബോംബ് പിടിച്ചെടുത്തത്.

കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അക്രമങ്ങളിൽ പ്രതിയായവരെ പിടികൂടാൻ പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.


Read More Related Articles