പ്രിയനന്ദനനെ ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

By on

ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനനെ ആക്രമിച്ച സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. തൃശൂർ വല്ലച്ചിറ സ്വദേശി സരോവറാണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂരിൽ നിന്നും പിടികൂടിയ ഇയാളെ ചേർപ്പ് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. പ്രിയനന്ദനനെ ആക്രമിച്ചത്  ആർഎസ്എസ് പ്രവർത്തകനാണെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. സംഭവത്തിനു പിന്നാലെ സരോവര്‍ വല്ലച്ചിറ ഒളിവിൽ പോയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണു പ്രതിയെ പിടികൂടാനായത്.

പകല്‍ നടുറോഡിലാണ് പ്രിയനന്ദനനെതിരെ ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച രാവിലെ ഒന്‍പതു മണിയോടെയായിരുന്നു സംഭവം. തൃശൂര്‍ വല്ലച്ചിറയിലെ വീടിനു സമീപമുള്ള കടയില്‍ സാധാനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു പ്രിയനന്ദനന്‍. കടയുടെ പരിസരത്ത് എത്തിയപ്പോഴായിരുന്നു ആക്രമണം. തലയില്‍ ചാണകം വെള്ളം ഒഴിക്കുകയും തലയ്ക്കും മുഖത്തും മര്‍ദ്ദിക്കുകയും ചെയ്തു. കണ്ടുനിന്ന നാട്ടുകാരും സുഹൃത്തുക്കളും ഓടി എത്തിയപ്പോഴേയ്ക്കും അക്രമി രക്ഷപ്പെട്ടു.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രിയനന്ദനൻ ഫെയ്സബുക്കിലിട്ട കുറിപ്പ് വിവാദമായിരുന്നു. കുറിപ്പിന്‍റെ ഭാഷയെക്കുറിച്ച് വിമര്‍ശനം ഉയര്‍ന്നപ്പോള്‍ അദ്ദേഹംതന്നെ ആ പോസ്റ്റ് നീക്കം ചെയ്തിരുന്നു. എന്നാല്‍  ബിജെപിയും ശബരിമല കര്‍മസമിതിയും  പ്രിയനന്ദനനു നേരെ പ്രതിഷേധവുമായി രംഗത്തെത്തി. വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. ഈ സംഭവത്തിനു ശേഷം ഭീഷണി വ്യാപകമായിരുന്നു.


Read More Related Articles