ശബരിമല കനത്ത സുരക്ഷാ വലയത്തിൽ: നട തുറക്കുന്നത് വൈകിട്ട് അഞ്ചിന്

By on

ചിത്തിര ആട്ടത്തിരുനാളിനു ശബരിമല നട ഇന്നു വൈകുന്നേരം അഞ്ചിന് തുറക്കും. കനത്ത സുരക്ഷയാണ് സന്നിധാനത്തും പരിസരത്തും പൊലീസ് ഒരുക്കിയിരിക്കുന്നത്. ആറുമേഖലകളിലായി 3000 പൊലീസുകാരെയാണ് ഇവിടെ നിയോഗിച്ചിട്ടുള്ളത്. യുവതികൾ ദർശനത്തിനുവന്നാൽ സൗകര്യം ഒരുക്കുമെന്നും എന്നാൽ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതിന് ബോധപൂർവമെത്തുന്ന യുവതികളെ കടത്തിവിടില്ലെന്നും പൊലീസ് പറഞ്ഞു.ആക്ടിവിസ്റ്റുകളെ തടയുമെന്ന് ഇന്നലെ മന്ത്രി കടകം പള്ളി സുരേന്ദ്രനും പറഞ്ഞിരുന്നു.

ശബരിമലയിൽ സ്ത്രീ പ്രവേശം തടയാൻ അമ്പത് വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകളെ അണിനിരത്തി പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ടിനെത്തുടർന്ന് 50 വയസ്സിന് മുകളിൽ പ്രായമുള്ള വനിതാ പൊലീസിനെ സന്നിധാനത്ത് സുരക്ഷയ്ക്ക് എത്തിക്കാനും തീരുമാനം ആയി.

വ്യാപാരകേന്ദ്രങ്ങൾ, വിശ്രമകേന്ദ്രങ്ങൾ, അതിഥിമന്ദിരം, ഡോണർ ഹൗസുകൾ എന്നിവിടങ്ങളിൽ അനാവശ്യമായി ആരെയും തങ്ങാൻ അനുവദിക്കില്ല.

പമ്പയിലും സന്നിധാനത്തും കൂടുതൽ നിരീക്ഷണക്യാമറകൾ സ്ഥാപിച്ചു. 12 മുഖംതിരിച്ചറിയൽ ക്യാമറകളും ശബരിമലയിൽ സ്ഥാപിച്ചിട്ടുണ്ട്. മുമ്പുനടന്ന പ്രതിഷേധങ്ങളിൽ അറസ്റ്റിലായവരുടെ ചിത്രങ്ങൾ പരിശോധിച്ച് ഇവരിലാരെങ്കിലും വീണ്ടുമെത്തുകയാണെങ്കിൽ കസ്റ്റഡിയിലെടുക്കും.

ഇരുമുടി കെട്ടില്ലാത്തവരെ സംശയം തോന്നിയാൽ പരിശോധിച്ച ശേഷം മാത്രമേ മല കയറാൻ അനുവദിക്കൂ. തീർഥാടകരുെട കൈവശം ഏതെങ്കിലും തിരിച്ചറിയൽ കാർഡുണ്ടാകണം.

ശബരിമലയിൽ മാധ്യമസ്വാതന്ത്ര്യം വിലക്കാൻ പോലീസ് ഉദ്ദേശിക്കുന്നില്ലന്നും  ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഡിജിപി പറഞ്ഞു.


Read More Related Articles