മുന്നോക്ക സംവരണം ആശങ്കാജനകം; അബ്ദുള്‍ നാസിര്‍ മഅ്ദനി
മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് പത്തു ശതമാനം സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കം ആശങ്കാ ജനകമെന്ന് അബ്ദുൽ നാസിർ മഅ്ദനി. വാർത്ത പുറത്തു വന്ന് അൽപ സമയത്തിനകം തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് മഅ്ദനി ആശങ്ക അറിയിച്ചത്.
കേന്ദ്ര ഗവണ്മെന്റിന്റെ ഈ നീക്കം രാഷ്ട്രീയലക്ഷ്യത്തോടെ ഉള്ളതാണെന്നും, സംവരണ സിദ്ധാന്തത്തിനെ തന്നെ അട്ടിമറിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“ആശങ്കാജനകം…..
മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് പത്തു ശതമാനം സംവരണം എന്ന കേന്ദ്ര ഗവണ്മെന്‍റ് തീരുമാനം സാമ്പത്തിക സംവരണത്തിലേക്കുള്ള നീക്കമാണ് തികഞ്ഞ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഈ തീരുമാനം സംവരണ സിദ്ധാന്തത്തിന്റെ അന്തസന്തയ്ക്കു നിരക്കാത്തതാണ് പ്രതിഷേധാർഹവും…..” മഅ്ദനി ഫേസ്ബുക്കിൽ കുറിച്ചു.
പിന്നോക്ക -ദലിത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ മിന്നലാക്രമണമാണ് സാമ്പത്തീക സംവരണ നീക്കമെന്ന് പി ഡി പി കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു. സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്ന ജാതി വ്യവസ്ഥ ഏല്‍പിച്ച സാമൂഹിക പിന്നോക്കാവസ്ഥ മറികടക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലാത്ത പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള ഇരുട്ടടിയാണ് ഈ തീരുമാനം. സാമൂഹികമായി പുറംതള്ളപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും ക്രിയാത്മക സഹകരണവും പങ്കാളിത്തവും മുഴുവന്‍ സാമൂഹിക തലങ്ങളിലും ഉറപ്പാക്കുക എന്ന സംവരണ തത്വം മറികടക്കുകയാണ് പുതിയ നീക്കത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്.
ഇപ്പോള്‍ തന്നെ കേന്ദ്ര-സംസ്ഥാന സര്‍വീസുകളില്‍ സ്വന്തം ജനസംഖ്യയുടെ ഇരട്ടി പ്രാതിനിധ്യം ഉള്ള മുന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണ ആനുകൂല്യം ലഭിക്കുന്നതോടെ സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്നവര്‍ വീണ്ടും പുറം തള്ളപ്പെടും. ബിജെപി പ്രതിനിധാനം ചെയ്യുന്ന സവര്‍ണ്ണസാമൂഹ്യ ശ്രേണീകരണത്തിലെ നിര്‍ബന്ധബുദ്ധിയും പച്ചയായ സ്വാര്‍ത്ഥതയുമാണ് ഈ നീക്കത്തിന് പിന്നില്‍. ആര്‍എസ്എസ് നേതാക്കളുടെ സംവരണനിഷേധ പ്രസ്താവനകളിലൂടെ ഇവ പലപ്പോഴും പുറത്തുവന്നതാണ്. അധികാര ശക്തിയുടെ ഹുങ്കില്‍ ഭരണപരാജയങ്ങള്‍ മറക്കാനുള്ള ഒളിയജണ്ടകള്‍ ഓരോന്നായി പുറത്തെടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങളെ രാജ്യത്തെ പിന്നോക്ക-ദലിത്- ന്യൂനപക്ഷ വിഭാഗങ്ങള്‍ ഒന്നിച്ച് ചെറുത്ത് തോല്‍പിക്കുമെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ പറഞ്ഞു.