‘എന്നെ തല്ലി മാറ്റാമെന്നാണെങ്കിൽ നടക്കില്ല; ഞാൻ ശക്തയായി ഇവിടെ തന്നെ കാണും’-ഷാജില അലി ഫാത്തിമ
By Sulfa Mazood
തിരുവനന്തപുരത്ത് കൈരളി ചാനലില്‍ ക്യാമറ പേഴ്സണായ ഷാജില അലി ഫാത്തിമയെ ഇന്നലെയാണ് ആര്‍ എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ തുടര്‍ന്ന് സംഘപരിവാര്‍ നടത്തിയ അക്രമങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു ഷാജില. പലവട്ടം ആക്രമിക്കപ്പെട്ടെങ്കിലും ഷാജില തന്‍റെ ക്യാമറയുമേന്തി പ്രവര്‍ത്തന രംഗത്ത് അചഞ്ചലയായി നിലകൊണ്ടു. കഴുത്തുളുക്കിയിട്ടും ക്യാമറയിലെ പിടിമുറുക്കം അയക്കാതെ നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി ഷാജില ജോലിതുടരുന്നതിന്‍റെ ചിത്രം തരംഗമായിരുന്നു. സംഭവത്തെക്കുറിച്ച് ഷാജില പറയുന്നു.
”ശബരിമല യുവതി പ്രവേശനത്തെ തുടർന്ന് സെക്രട്ടേറിയേറ്റിന് മുൻപിൽ അനിശ്ചിതകാല നിരഹാരം അനുഷ്ടിക്കുന്ന ബിജെപി പ്രവർത്തകരുടെ പ്രതികരണം എടുക്കാനാണ് ഞാനും മറ്റു മാധ്യമ പ്രവർത്തകരും ഇന്നലെ അവിടെ പോയത്. നിരാഹാരം കിടക്കുന്ന ബിജെപി കേരള ഘടകം വൈസ് പ്രസിഡൻറ് എൻ ശിവരാജിന്റെ പ്രതികരണം കവർ ചെയ്യുകയായിരുന്നു ലക്ഷ്യം. അയാൾ ആരെയോ വിളിച്ച് ചോദിച്ചതിന് ശേഷം പ്രതികരിക്കാം എന്നത് പറഞ്ഞത് പ്രകാരം ഞങ്ങൾ അവിടെ പ്രതികരണത്തിനായി കാത്തിരിക്കുകയായിരുന്നു. ബിജെപി നേതാവ് എം ടി രമേശ് അവിടെ എത്തുന്നുണ്ടെന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണവും എടുത്ത് മടങ്ങാം എന്നാണ് കരുതിയത്. എം ടി രമേശ് അവിടെ നടത്തിയ പ്രസംഗവും കവർ ചെയ്ത് നിൽക്കുമ്പോഴാണ് ശബരി മല യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ച് അശ്വതി ജ്വാലയുടെ നേതൃത്വത്തിലുള്ള മാർച്ച് സെക്രട്ടറിയേറ്റിന്റെ മുൻപിലേക്ക് കടന്നു വന്നത്. വളരെ പ്രകോപനപരമായാണ് മാർച്ചിലുള്ളവർ ഇടപ്പെട്ടിരുന്നത്. വഴിയരികിലുള്ള എല്ലാ ഫ്ലെക്സുകളും തകർത്തു കൊണ്ടും വളരെ അക്രമാസക്തമായാണ് മാർച്ച് വന്നത്. ഞങ്ങൾ അതിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിക്കുമ്പോഴാണ് മാധ്യമ പ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായത്.
ന്യൂസ് 18 ചാനലിന്റെ ഓൺലൈൻ പോർട്ടലിനായി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ മാധ്യമ പ്രവർത്തകനെ മാർച്ചിൽ പങ്കെടുത്തവർ അടിച്ചു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ഞങ്ങൾ ശ്രമിച്ചപ്പോൾ എന്നെ ഒരു കൂട്ടം പ്രതിഷേധക്കാർ വളയുകയും ദൃശ്യങ്ങൾ എടുക്കരുതെന്ന് ആക്രോശിക്കുകയുമായിരുന്നു. ഞാൻ അത് കട്ട് ചെയ്ത് മാറി നടന്നപ്പോൾ മാതൃഭൂമിയിലെ ക്യാമറമാൻ എന്നെ ഇവർ അടിക്കാൻ വരുന്നത് കണ്ട് എന്നെ സഹായിക്കാനായി മുന്നോട്ട് വന്നപ്പോർ അദ്ദേഹത്തിന്റെ വലത് കൈയ്യ് പിടിച്ച് തിരിച്ചു കൊണ്ട് മർദ്ദിച്ചു. ക്യാമറ ഇനി ഉപയോഗിക്കാൻ കഴിയാത്ത വിധം നശിപ്പിച്ചു. മാതൃഭൂമി ടീം പിന്നീട് മറ്റൊരു ക്യാമറമാനെ വിളിച്ചു വരുത്തിയാണ് മറ്റ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്.
ഞാൻ ഇവരുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി കുറച്ച് നേരം മാറി നിന്നപ്പോളാണ് സ്റ്റാച്യു മെഡിക്കൽ സ്റ്റോറിന്റെ അടുത്തായി പ്രതിഷേധക്കാർ കുറച്ച് ഫ്ലെക്സുകളും മറ്റും അടിച്ച് പൊട്ടിക്കുന്നത് കണ്ട്, അതിന്റെ ദൃശ്യങ്ങൾ പകർത്താനായി അങ്ങോട്ട് പോവുകയും, പകർത്തുകയും ചെയ്തപ്പോൾ വീണ്ടും ആറ്, ഏഴ് പേരടങ്ങുന്ന സംഘം എന്നെ വീണ്ടും വന്ന് വളഞ്ഞത്. നിന്നോട് എടുക്കരുതന്നല്ലേടി പറഞ്ഞത്, ഇത് എവിടെയെങ്കിലും കാണിച്ചാൽ എന്നു പറഞ്ഞ് ചീത്ത വിളിച്ചു. വളരെ മോശമായാണ് സംസാരിച്ചത്. വളരെ വില കുറഞ്ഞ വാക്കുകളാണ് അവർ എന്നോട് ഉപയോഗിച്ചത്. ക്യാമറ നശിപ്പിക്കുമെന്നും, എന്നെ കൊല്ലുമെന്നും അവർ പറഞ്ഞു. ഞാൻ അവിടെന്ന് മാറി നിൽക്കാമെന്ന് കരുതി കുറച്ച് മാറിയപ്പോൾ ഏഷ്യനെറ്റിന്റെ ഒരു റിപ്പോർട്ടർ പെൺകുട്ടിയേയും ഇവർ വിരട്ടി ഓടിക്കുന്നത് കണ്ടു. ആ പെൺകുട്ടിയെ ഇവർ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ ഡെക്കാൻ ക്രോണിക്കിളിന്റെ മാധ്യമ പ്രവർത്തകൻ പിതാംബരൻ പയ്യേരിയെ പത്ത്, പന്ത്രണ്ട് പേർ വളഞ്ഞിട്ട് തല്ലി. നടുവിനൊക്കെ ചവിട്ടി അവശനാക്കി.ക്യാമറ പൂർണ്ണമായും പൊട്ടിച്ചു. ഇനി ആ ക്യാമറ ഉപയോഗിക്കാൻ പറ്റില്ല.
സെക്രട്ടറിയേറ്റിന്‍റെ പ്രധാന ഗേറ്റിന്റെ ഭാഗത്തായി അശ്വതി ജ്വാലയുടെ നേതൃത്വത്തിൽ വന്ന മാർച്ച് അവിടെ എത്തിയപ്പോഴാണ് പിതാംബരൻ ചേട്ടന് അടി കിട്ടിയത്. ഞങ്ങൾ ചേട്ടനെ അടിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ചപ്പോൾ എന്നെയേയും മീഡിയ വണ്ണിന്റെ ക്യാമറ മാനേയും അടിക്കാനായി ഇവർ ഓടി വന്നു. മീഡിയവണ്ണിന്റെ ക്യാമറമാനും മറ്റു രണ്ട് സഹായികളെയും ഇവർ അടിച്ചു. ഇവരെ അടിക്കുന്ന ദൃശ്യങ്ങൾ ഞാൻ ചിത്രീകരിക്കുന്നത് കണ്ടിട്ട് എന്റെ പുറകിലൂടെ ഒരുത്തൻ വന്ന് എന്റെ ക്യാമറ പിടിച്ചു വലിച്ചു. ക്യാമറ എന്റെ വലത് ഷോൾഡറിലായിരുന്നു. ക്യാമറ അവരുടെ കൈയ്യിൽ കിട്ടാത്തത് കൊണ്ട് എന്നെ പിടിച്ച് തള്ളി. എന്റെ കഴുത്തുളുക്കി. എനിക്കിപ്പോഴും കഴുത്ത് തിരിക്കാൻ പറ്റില്ല. അസഹനീയമായ വേദനയാണ്. എന്റെ ക്യാമറ അപ്പോൾ തന്നെ ഓഫ് ആയി. എന്റെ മൈകൊക്കെ തറയിലടിച്ചു പൊട്ടിച്ചു. സർവ്വീസ് ചെയ്ത് ഉപയോഗിക്കാൻ പോലും സാധിക്കില്ല.
മാധ്യമ പ്രവർത്തകരെ ലക്ഷ്യം വെച്ചു കൊണ്ടായിരുന്നു ഇവരുടെ ആക്രമണം. ഞാൻ 12 വർഷമായി കൈരളയിൽ പ്രവർത്തിക്കുന്നു. 5 വർഷമായി ക്യാമറയുമായി ഈ ഫീൽഡിൽ ഇറങ്ങീട്ട്. ഇതിലും വലിയ സമരങ്ങളും സംഭവങ്ങളും ചിത്രീകരിക്കാൻ പോയിട്ടുണ്ട്. ഇതുവരെയും ഇത്ര ഭയാനകമായി മാധ്യമ പ്രവർത്തകരെ ആക്രമിക്കുന്നത് കണ്ടിട്ടില്ല. പോലീസിനെ സമരാനുകൂലികൾ അടിക്കുന്ന ദൃശ്യങ്ങൾ വരെ എടുത്തിട്ടുണ്ട്. ആരും ഞങ്ങളെ ഇങ്ങനെ ആക്രമിച്ചിട്ടില്ല. ഇതിനു മുൻപും ബിജെപിയുടെയും യുവമോർച്ചയുടെ പ്രതിഷേധങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. അപ്പോഴൊന്നും ഞങ്ങൾ ഇങ്ങനെ ആക്രമിക്കപ്പെട്ടിട്ടില്ല. തിരുവനന്തപുരം ജില്ലയിലെ മൺവിളയിൽ പ്ലാസ്റ്റിക് കമ്പനിയിലുണ്ടായ തീപിടിത്തം ചിത്രീകരിക്കാൻ കൈരളിയ്ക്കായി ഞാൻ പോയിട്ടുണ്ട്. ഇതിലും അപകടം നിറഞ്ഞ സ്ഥലമാണ് അവിടെ. ഒരു സ്ത്രീ ആയത് കൊണ്ട് ഞാൻ മാറി നിന്നിട്ടില്ല. ഇന്നലെ പ്രതിഷേധക്കാർ വളഞ്ഞിട്ടാണ് ഞങ്ങളെ തല്ലിയത്. അവർ നടത്തുന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വരരുത് എന്ന ഉദ്ദേശത്തോടെയാണ് ഞങ്ങളെ ആക്രമിച്ചത്. അവർക്ക് അവിടെ മുഴുവൻ നശിപ്പിക്കണം എന്നു തന്നെയായിരുന്നു. മുഖം മൂടിയ ആൾക്കാരാണ് ഞങ്ങളെ തല്ലിയത്.
എന്നിട്ട് ഇവരെ പിടിച്ച് മാറ്റാനായി വരുന്നത് പ്രമുഖരായ ബിജെപി നേതാക്കളാണ്. അതൊരു കാപട്യമാണ്. ഇന്ന് എന്നെ മാപ്പ് പറയാനായി വിളിച്ച ബിജെപി നേതാക്കളിൽ പ്രമുഖനായ ഒരാൾ എന്നോട് പറഞ്ഞത് നിങ്ങൾ മുൻപ് ചെയ്ത വാർത്തകളുടെ വൈരാഗ്യമാണ് അവർ തീർത്തതെന്നാണ്. സാധാരണ പ്രവർത്തകരുടെ വൈകാരികതയാണെന്നാണ്. ഫീൽഡിൽ വരുന്ന ഒരു മാധ്യമ പ്രവർത്തകർക്കും അവരുടെ സ്ഥാപനങ്ങളുടെ രാഷ്ട്രീയ താത്പര്യം പ്രകടിപ്പിക്കാറില്ല. അങ്ങനെ ഈ ഫീൽഡിൽ നിക്കാനും കഴിയില്ല. ഏതൊരു സമരവും എത്തരത്തിൽ ചിത്രീകരിക്കുമോ അത് തന്നെയാണ് ഇന്നലെ ഞങ്ങൾ ചെയ്തതും. എന്നെ വിളിച്ചവരോടും ഞാൻ ഇത് തന്നെയാണ് പറഞ്ഞത്. ഇത് പൂർണ്ണമായും മാധ്യമ പ്രവർത്തകരെ ലക്ഷ്യം വെച്ചുള്ള ആക്രമണം തന്നെയായിരുന്നു.
പൊലീസ് ഇവരെ തടയുന്നുണ്ടായിരുന്നു. പൊലീസ് ഇവരെ മർദ്ദിച്ചാൽ ഇവിടെ കലാപം നടന്നേനെ. ഞങ്ങൾ മാധ്യമ പ്രവർത്തകർ പൊലീസിനോട് ആവശ്യപ്പെട്ടു ഇവരെ അടിക്കണ്ടായെന്ന്. അവർക്ക് ആവശ്യവും അതായിരുന്നു. തിരിച്ചടിച്ച് കലാപം സൃഷ്ടിക്കാൻ. ഞങ്ങളുടെ കൂട്ടത്തിലെ മുതിർന്ന മാധ്യമ പ്രവർത്തകരാണ് പൊലിസിനെ തടഞ്ഞത്. രംഗം ശാന്തമാക്കാനാണ് ഞങ്ങൾ ശ്രമിച്ചത്.രാവിലെ മുതലെ ഇവിടെ എന്തോ നടക്കാൻ പോകുന്നു എന്ന് ഞങ്ങൾക്ക് തോന്നിയിരുന്നു. ഇതിലും വലിയ ഭീകരന്തരീക്ഷത്തിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്. പക്ഷെ, എനിക്ക് നേരെ വരുന്ന ആദ്യത്തെ ആക്രമണമാണിത്. എന്നോടാരും ഇതുവരെ ഈ ഫീൽഡിൽ ലിംഗവിവേചനം കാണിച്ചിട്ടില്ല. ഒരു സ്ത്രീയാണെന്നതിനാൽ ഞാൻ എവിടെയും മാറി നിന്നിട്ടില്ല.
എല്ലാ രാഷ്ട്രീയ സമരങ്ങളിലും ഒരു വനിതാ ക്യാമറ പേഴ്സൺ എന്ന നിലയിൽ എന്നോട് ആരും മോശമായി ഇടപ്പെട്ടിട്ടില്ല. ഇന്നലെ ഉണ്ടായത് എന്റെ പുറകിലുടെയുള്ള ആക്രമണമാണ്. അപ്രതീക്ഷിതമായതിനാലാണ് ഞാൻ പേടിച്ച് പോയത്. പേടിച്ച് ഞാൻ നിലവിളിക്കുകയുണ്ടായി. അവരെന്നെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിക്കാൻ സാധിച്ചില്ല. അതിന്റെ ദേഷ്യത്തിലും വിഷമത്തിലുമാണ് എന്റെ കണ്ണ് നിറഞ്ഞത്. ഞാൻ കരയുന്നത് ആരും കാണരുതെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എന്റെ മുഖം ഞാൻ ക്യാമറയിൽ ചേർത്ത് പിടിക്കുകയായിരുന്നു.
മാതൃഭൂമിയുടെ ഫോട്ടോഗ്രാഫാറാണ് ഫോട്ടോയെടുത്തത്. അതാണ് എല്ലാരും കണ്ടത്. കരയരുത്, കരയരുത് എന്ന് ഞാൻ എന്നോട് തന്നെ പറയുന്നുണ്ടായിരുന്നു. ഞാൻ ആഗ്രഹിക്കുന്നില്ല, ഞാൻ കരുയുന്നത് മറ്റുള്ളവർ കാണുന്നത്. മാനസികമായി ഞാൻ ഒരു പാട് പേടിച്ചു. പേടിയല്ല, ഭീകരതയായിരുന്നു.
തിരുവനന്തപുരത്തെ വിമൻസ് കോളേജിലാണ് ഞാൻ പഠിച്ചത്. ഞാൻ എസ് എഫ് ഐ പശ്ചാത്തലത്തിൽ വളർന്നതാണ്. കോളേജ് കാലം മുതൽ സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഞങ്ങൾ വീട്ടിൽ നാല് പെൺകുട്ടികളാണ്, ഒരിടത്തും ഞാൻ പുരുഷാധിപത്യം കണ്ടിട്ടില്ല.
ഇവർ നേരെ എന്നെ ആക്രമിക്കുകയായിരുന്നില്ല. പുറകിലൂടെയായിരുന്നു ആക്രമണം. എനിക്കൊന്നും ചെയ്യാൻ പറ്റില്ലല്ലോ. എന്നെ തല്ലി മാറ്റാമെന്നാണെങ്കിൽ നടക്കില്ല. ഇന്നിപ്പോൾ കഴുത്ത് വേദനയായി വീട്ടിലാണ്. നാളെ മുതൽ ഡ്യൂട്ടിക്ക് ഞാൻ പോകും. എല്ലാ പ്രധാനപ്പെട്ട ഡ്യൂട്ടികളും കൈരളി എന്നെ ഏൽപ്പിക്കാറുണ്ട്. ഞാൻ വളരെ ശക്തയായി ഇവിടെ തന്നെ കാണും.