മരണത്തെ മുഖാമുഖം കണ്ടെന്ന് ശ്വേതാ ഭട്ട്; വധശ്രമ വാർ‌ത്ത സ്ഥിരീകരിച്ച് സഞ്ജീവ് ഭട്ടിന്റെ ഭാര്യ

By on

ഗുജറാത്തിലെ ഉന്നത പൊലീസുദ്യോ​ഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ സഞ്ജീവ് ഭട്ടിനും മകനുമെതിരെ വധശ്രമെന്ന റിപ്പോർട്ട് സ്ഥീരീകരിച്ച് ശ്വേതാ ഭട്ടിന്‍റെ ഫെയ്സ്ബുക് പോസ്റ്റ്. ജനുവരി 7 നാണ് തങ്ങൾക്കെതിരെ വധശ്രമം ഉണ്ടായതെന്ന് ശ്വേതാ ഭട്ട് പറയുന്നു‌. “ഞാനും എന്‍റെ മകനും മരണത്തെ അടുത്തു കണ്ടു. അഹമ്മദാബാദ് ഐഐഎമ്മിന് അടുത്തുള്ള തിരക്കേറിയ റോഡിൽ വച്ച് ഇരുവരും സഞ്ചരിച്ച കാറില്‍ ഒരു ട്രക്ക് വന്നിടിക്കുകയായിരുന്നു. ഡ്രൈവർ സീറ്റിലാണ് ട്രക്ക് ഇടിച്ചത്.” ശ്വേതാ ഭട്ട് പറയുന്നു.

“കാർ തകർത്ത ശേഷം ഡിവെെഡർ കടന്ന് റോഡിന്റെ മറ്റേ ഭാ​ഗത്തേക്ക് തള്ളി. കാർ അനിയന്ത്രിതമായി വട്ടം കറങ്ങി, അസന്തുഷ്ടമായ ചിന്തകളായിരുന്നു എന്‍റെ മനസ്സിൽ നിറയെ. ആ നിമിഷം എന്‍റെ മകനെ നഷ്ടപ്പെടും എന്ന ഭയമായിരുന്നു എനിക്ക്, എന്‍റെ ജീവനെക്കുറിച്ചുള്ള ചിന്തയേക്കാൾ. ഈ അപകടത്തെ നമ്മൾ ചില മുറിവുകളോടും ചതവുകളോടും കൂടി അതിജീവിച്ചത് എന്തോ മാന്ത്രികതയാണ്. ഇതിന്റെ ഞെട്ടലിൽ നിന്നും പുറത്തുവരാൻ ഞാൻ രണ്ട് ദിവസമെടുത്തു. ​ഗുജറാത്ത് ഹെെക്കോടതിയിൽ വിചാരണ നടക്കാനിരുന്നതിന്റെ തലേദിവസമായിരുന്നു സംഭവം. ഈ ട്രക്കിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. വാഹന രജിസ്ട്രേഷൻ രേഖകളും ഉണ്ടായിരുന്നില്ല.

ഈ സംഭവത്തിന്റെ ഉദ്ദേശ്യം ഞങ്ങളെ ഭയപ്പെടുത്താനോ സഞ്ജീവ് ഭട്ടിനെ തകർക്കാനോ ആണെങ്കിൽ ഞാൻ പറയട്ടെ, ഞങ്ങൾ ഞെട്ടിയിട്ടുണ്ട്, പക്ഷേ ഭയന്നിട്ടില്ല. സഞ്ജീവ് ഭട്ടിന്റെ കുടുംബം അദ്ദേഹത്തിന്റെ ശക്തിയായി തുടരും, ദൗർബല്യമായിട്ടല്ല. ഒരുപാട് കാലതാമസത്തിന് ശേഷം നാളെ ​ഗുജറാത്ത് ഹെെക്കോടതി സഞ്ജീവ് ഭട്ടിന്റെ ജാമ്യ ഹർജി പരി​ഗണിക്കും. ഈ പുതുവർഷം നീതിക്കായുള്ള പുതിയ പ്രതീക്ഷ കൊണ്ടുവരട്ടെ. ” ശ്വേത ഭട്ട് പറഞ്ഞു.

2002 ലെ ​ഗുജറാത്ത് മുസ്ലിം വംശഹത്യക്ക് അവസരം ഒരുക്കാൻ പൊലീസ് നടപടികൾ തടയും വിധം മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി നിർദ്ദേശിച്ചുവെന്ന് വെളിപ്പെടുത്തിയതു മുതലാണ് സഞ്ജീവ് ഭട്ടിനെതിരായി ബിജെപി സർക്കാരുകൾ നടപടികൾ ആരംഭിക്കുന്നത്.

മോദി സർക്കാരിന്റെ കടുത്ത വിമർശകനായ സഞ്ജീവ് ഭട്ട് നിലവിൽ ​ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരിക്കുകയാണ്. സെപ്റ്റംബർ 5 നാണ് സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തത്. ഗുജറാത്തിൽ ബിജെപി മന്ത്രിയായിരുന്ന ഹരേൺ പാണ്ഡ്യയുടെ കൊലപാതകം സംബന്ധിച്ച രേഖകൾ നശിപ്പിക്കാൻ മോദിയും അമിത്ഷായും ആവശ്യപ്പെട്ടെന്ന് കാട്ടി ഭട്ട് സത്യവാങ്മൂലം സമർപ്പിച്ച് മണിക്കൂറുകൾക്കകമായിരുന്നു 23 വര്‍ഷം മുമ്പുള്ള കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടത്.


Read More Related Articles