സീതാറാം യെച്ചൂരിയെയും ഡി രാജയെയും ശ്രീനഗറിൽ തടഞ്ഞുവച്ചു; വിമാനത്താവളത്തില്‍ നിന്ന് പുറത്തേയ്ക്ക് വിട്ടില്ല
ജമ്മു കശ്മീരിൽ തടങ്കലിൽ കഴിയുന്ന സിപിഐഎം എംഎൽഎ എം യൂസുഫ് തരിഗാമിയെ സന്ദർശിക്കാനെത്തിയ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയെയും ശ്രീനഗർ വിമാനത്താവളത്തിൽ തടഞ്ഞു. ഇരുവരെയും വിമാനത്താവളത്തിന് പുറത്ത് കടക്കാൻ പോലും അനുവദിച്ചില്ല. അസുഖ ബാധിതനായ തരിഗാമി എംഎൽഎയെയും മറ്റ് പാർട്ടി പ്രവർത്തകരെയും കാണാൻ അധികൃതരോട് അനുമതി വാങ്ങിയാണ് യെച്ചൂരി പോയതെന്നും അദ്ദേഹത്തെ എങ്ങോട്ടും വിടാതെ തടഞ്ഞുവച്ചിരിക്കുകയാണ് എന്നും സിപിഐഎം റ്റ്വീറ്റ് ചെയ്തു. ”ശ്രീനഗറിലേക്ക് പ്രവേശനം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് അവർ ഞങ്ങളെ കാണിച്ചു. സുരക്ഷാ കാരണങ്ങളാൽ അകമ്പടിയോടെയുള്ള യാത്ര പോലും സാധിക്കില്ലെന്നാണ് അവർ ഞങ്ങളോട് പറഞ്ഞത്”. യെച്ചൂരി പറഞ്ഞു.
ശ്രീനഗറിലേക്ക് പോവുന്ന വിവരം കാട്ടി ഗവർണർ സത്യപാൽ മാലിക്കിന് യെച്ചൂരിയും ഡി രാജയും ഓഗസ്റ്റ് 8 ന് കത്തെഴുതിയിരുന്നു. ഓഗസ്റ്റ് 8 ന് ശ്രീനഗറിലേക്ക് പോയ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് എംപിയെയും ദില്ലിയിലേക്ക് മടക്കി അയച്ചിരുന്നു.