ഘര്‍വാപസി പീഡന കേന്ദ്രം: സര്‍ക്കാറും പൊലീസും ഒത്തുകളി അവസാനിപ്പിക്കുക- സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ്

By on

തൃപ്പുണിത്തുറയിലെ ഘര്‍വാപസി കേന്ദ്രം പുനരാരംഭിക്കാന്‍ സൗകര്യങ്ങളൊരുക്കി മൗനം പാലിച്ച് സര്‍ക്കാറും പൊലീസും സംഘപരിവാറിനായി ഒത്തുകളിക്കുകയാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള.

നൂറോളം സ്ത്രീകളെ മതംമാറ്റത്തിന്‍റെ പേരില്‍ പീഡിപ്പിക്കുകയും നിരവധി യുവതികളെയും തടവില്‍ പാര്‍പ്പിച്ച് ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തതിന്റെ പേരില്‍ കോടതി പ്രത്യേകം അന്വേഷണം ആവശ്യപ്പെട്ടിട്ടും വേണ്ട രീതിയില്‍ പൊലീസും സര്‍ക്കാറും നടപടിയെടുത്തിരുന്നില്ല. നേരിട്ട് തന്നെ സ്ത്രീകളെ പീഡിപ്പിക്കുന്നതില്‍ പങ്കാളികളായിരുന്ന പുരുഷരടക്കമുള്ളവര്‍ക്കെതിരെ ഇരകളുടെ കൃത്യമായ മൊഴികളുണ്ടായിട്ടും ഇതുവരെ ഒരു നടപടിയുമെടുക്കാന്‍ പൊലീസ് മുതിര്‍ന്നിട്ടില്ല. ഇതേ ആളുകളാണ് ഇപ്പോള്‍ ചൂരക്കാട് പ്രദേശത്ത് പേരുമാറ്റി ഘര്‍വാപസി കേന്ദ്രം പുനരാരംഭിച്ചിരിക്കുന്നത്. അവിടെ തടവിലായിരുന്ന പാലക്കാട് സ്വദേശിയായ യുവതിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി പൊലീസിന്റെ അടുത്തെത്തിച്ചിട്ടും കേസ് പോലും രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല. പരാതിയില്ലെന്നാണ് അതിനുള്ള ന്യായമായി പറയുന്നത്.

രാത്രികാലങ്ങളില്‍ ധാരാളം വാഹനങ്ങളും ആളുകളും ഇവിടെ വന്നുപോകുന്നുണ്ടെന്നും മറ്റും പരാതികള്‍ സമീപവാസികള്‍ ഉയര്‍ത്തിയിട്ടും പൊലീസ് നടപടികളൊന്നുമെടുക്കുന്നില്ല. ഈ ഒത്തുകളി അവസാനിപ്പിച്ച് സര്‍ക്കാറും പൊലീസും പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണം. നടപടിയെടുക്കണമെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. തെരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ സംരക്ഷണത്തിന്റെ പേരില്‍ വോട്ടുചോദിച്ചിരുന്നവര്‍ സത്യസന്ധത പാലിക്കണമെന്നും നഹാസ് കൂട്ടിച്ചേര്‍ത്തു.

തൃപ്പൂണിത്തുറയിൽ യോ​ഗാ കേന്ദ്രത്തിന്റെ മറവിൽ മനോജ് ​ഗുരുജി നടത്തിവന്നിരുന്ന ഘർവാപസി പീഡന കേന്ദ്രത്തെക്കുറിച്ചുള്ള വാർത്ത മീഡിയ വൺ പുറത്തുവിട്ട് ഒന്നരവർഷത്തോളം കഴിഞ്ഞ ശേഷമാണ് സമാനമായ കേന്ദ്രം തൃപ്പൂണിത്തുറ ചൂരക്കാട് പ്രവർത്തിക്കുന്നതായി വാർത്ത പുറത്തുവന്നത്. പാലക്കാട് സ്വദേശിനിയായ ഹിന്ദു യുവതി കേന്ദ്രത്തിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമം നടത്തിയതോടെയാണ് പുതിയ കേന്ദ്രത്തെക്കുറിച്ചുള്ള സൂചന ദേശാഭിമാനി പത്രത്തിലൂടെ പുറത്തുവന്നത്.


Read More Related Articles